കോവിഡ് ചികിത്സാ സൗകര്യങ്ങളെ കുറിച്ച് ആശങ്ക വേണ്ട: ഡിഎംഒ

ജില്ലയില്‍ കിടത്തിചികിത്സ വേണ്ടി വരുന്ന രോഗികള്‍ക്കായി ആവശ്യാനുസരണം ബെഡുകള്‍, വെന്റിലേറ്ററുകള്‍, ഐസിയുകള്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് ആശങ്ക വേണ്ടെന്നും ജില്ലാ മേഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിത കുമാരി പറഞ്ഞു.
ജനറല്‍ ആശുപത്രി പത്തനംതിട്ട, അടൂര്‍, ജില്ലാ ആശുപത്രി കോഴഞ്ചേരി, താലൂക്ക് ആസ്ഥാന ആശുപത്രി തിരുവല്ല എന്നിവയാണ് സര്‍ക്കാര്‍ മേഖലയിലുള്ള കോവിഡ് ആശുപത്രികള്‍. ഇവിടങ്ങളില്‍ ആകെ 128 കിടക്കകള്‍ ആണ് ഉള്ളത്. ഇതില്‍ 43 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. സിഎഫ്എല്‍ടിസി റാന്നി പെരുനാട്, സിഎസ്എല്‍ടിസി പന്തളം എന്നിവിടങ്ങളിലായി 480 കിടക്കകള്‍ ഉണ്ട്. ഇതില്‍ 386 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്.

47 വെന്റിലേറ്ററുകളാണ് സര്‍ക്കാര്‍ മേഖലയില്‍ കോവിഡ് രോഗികള്‍ക്കായി നിലവില്‍ മാറ്റിവച്ചിട്ടുള്ളത്. ഇവിടെ രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലാത്തതിനാല്‍ ആവശ്യാനുസരണം രോഗികള്‍ക്ക് നല്‍കാന്‍ കഴിയും. 48 ഐസിയു കിടക്കകള്‍ ലഭ്യമായിട്ടുള്ളതില്‍ 10 എണ്ണത്തില്‍ മാത്രമാണ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളത്. ബാക്കിയുള്ളവ ഒഴിഞ്ഞു കിടക്കുകയാണ്.
134 സെന്‍ട്രല്‍ ഓക്‌സിജന്‍ സപ്പോര്‍ട്ടഡ് ബെഡുകള്‍ ലഭ്യമായിട്ടുള്ളതില്‍ 125 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കായി ലഭ്യമാക്കിയിട്ടുള്ള 807 കിടക്കകളില്‍ 456 എണ്ണവും 56 വെന്റിലേറ്ററുകളില്‍ 40 എണ്ണവും 133 ഐസിയു ബെഡുകളില്‍ 112 എണ്ണവും 322 ഓക്‌സിജന്‍ സപ്പോര്‍ട്ടഡ് ബെഡുകളില്‍ 240 എണ്ണവും ഒഴിഞ്ഞു കിടക്കുകയാണ്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കും നിലവില്‍ ജില്ലയില്‍ ക്ഷാമമില്ല.

 


അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ മറക്കരുത്

ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് ഡിഎംഒ (ആരോഗ്യം) ഡോ.എല്‍. അനിത കുമാരി പറഞ്ഞു. ശരിയായി മാസ്‌ക് ധരിക്കുക, ഇടയ്ക്കിടെ കൈകള്‍ അണുവിമുക്തമാക്കുക, സുരക്ഷിത അകലം പാലിക്കുക എന്നിവ ജീവിത ശൈലിയുടെ ഭാഗമായി മാറണം. കോവിഡിന്റെ ഏതു വേരിയന്റിനെതിരേയും ഈ ലളിതമായ പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

error: Content is protected !!