Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ ( 27/01/2022 )

 

 

 

കോവിഡ് വ്യാപനം നേരിടാന്‍ ജില്ല സുസജ്ജം : ഡിഎംഒ

ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗികള്‍ക്കാവശ്യമായ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതാകുമാരി അറിയിച്ചു.
ജില്ലയില്‍ സിഎഫ്എല്‍റ്റിസികളിലും സിഎസ്എല്‍റ്റിസികളിലുമായി ആകെ 390 കിടക്കകളാണുള്ളത്. ഇതില്‍ 125 കിടക്കകളില്‍ മാത്രമേ രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളു.

നാല് കോവിഡ് ആശുപത്രികളിലായി 125 കിടക്കകള്‍ ഉണ്ട്. ഇതില്‍ 69 കിടക്കകളില്‍ രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഐസിയു കിടക്കകള്‍ 59 എണ്ണം ഉള്ളതില്‍ 15 കിടക്കകളില്‍ രോഗികളുണ്ട്.

47 വെന്റിലേറ്ററുകള്‍ ആണ് ജില്ലയില്‍ സജ്ജമാക്കിയിട്ടുള്ളത്. രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ ഇവ മുഴുവന്‍ ലഭ്യമാണ്. ഓക്സിജന്‍ സിലിണ്ടറുകളും പള്‍സ് ഓക്സിമീറ്ററുകളും ആവശ്യാനുസരണം ലഭ്യമാണെന്നും ഡിഎംഒ അറിയിച്ചു.

സ്വകാര്യ ആശുപത്രികളില്‍ 776 കോവിഡ് കിടക്കകള്‍ ഉള്ളതില്‍ 324 എണ്ണം ഉപയോഗത്തിലാണ്. 56 വെന്റിലേറ്ററുകള്‍ ഉള്ളതില്‍ 10 എണ്ണവും 133 ഐസിയു ബെഡുകള്‍ ഉള്ളതില്‍ 50 എണ്ണവും ഉപയോഗത്തിലാണ്. ബാക്കിയുള്ളവ രോഗികള്‍ക്കായി ലഭ്യമാണ്.

 

 

 

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മികച്ചതാക്കാന്‍ നമ്മളെത്തും
മുന്നിലെത്തും പദ്ധതിയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത്

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മികച്ചതാക്കുന്നതിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് നമ്മളെത്തും മുന്നിലെത്തും എന്ന പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കും. സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ പതിനാലാം സ്ഥാനത്തു നില്‍ക്കുന്ന പത്തനംതിട്ട ജില്ലയെ മുന്നിലെത്തിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. മൂന്നുവര്‍ഷംമുമ്പ് പ്ലസ് ടു ക്ലാസുകാര്‍ക്ക് 15 വിഷയങ്ങളില്‍ ലളിതമായ പഠന സാമഗ്രികള്‍ തയാറാക്കി വിതരണം ചെയ്തിരുന്നു. ഇപ്പോള്‍ പതിനൊന്നാം ക്ലാസുകാര്‍ക്ക് പഠനസാമഗ്രികള്‍ തയാറാക്കി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഫിസിക്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, സുവോളജി, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, ബോട്ടണി, ഹിസ്റ്ററി, ജോഗ്രഫി, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങള്‍ക്കാണ് ജില്ലയിലെ വിദഗ്ധരായ അധ്യാപകര്‍ ലളിതമായ പഠനസാമഗ്രികള്‍ തയാറാക്കുന്നത്. കൂടുതല്‍ വിഷയങ്ങള്‍ക്കും മലയാളത്തില്‍ ആയിരിക്കും പഠന സാമഗ്രികള്‍ തയാറാക്കുക.

 

അച്ചടിക്കുന്ന പഠനസാമഗ്രികള്‍ ജില്ലയിലെ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ആവശ്യക്കാരായ കുട്ടികളില്‍ എത്തിക്കും. ഇതിനായി പദ്ധതി അംഗീകരിച്ചു. മുമ്പ് തയാറാക്കിയ പന്ത്രണ്ടാം ക്ലാസുകാര്‍ക്കായുള്ള പഠനസാമഗ്രികള്‍ ഈ വര്‍ഷം പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്യും.

 

പദ്ധതിയുടെ ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. സുധ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട്, നിര്‍വഹണ ഓഫീസര്‍ സജി വറുഗീസ്, അക്കാദമി കോ-ഓര്‍ഡിനേറ്റര്‍ പി .ആര്‍. ഗിരീഷ്, പി.കെ. അജീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ശില്‍പശാല വെള്ളിയാഴ്ച അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

പാര്‍ട്ട് ടൈം സ്വീപ്പര്‍: കൂടിക്കാഴ്ച മാറ്റിവച്ചു

 

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) ജനുവരി 28 മുതല്‍ നടത്താനിരുന്ന പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ കൂടിക്കാഴ്ച മാറ്റിവച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

ജാഗ്രതാ നിര്‍ദേശം

കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള കക്കാട് പവര്‍ ഹൗസിന്റെ ജനറേറ്ററിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതിനാല്‍ ജനുവരി 25 മുതല്‍ ഫെബ്രുവരി 25 വരെ വീണ്ടും വൈദ്യുതോത്പാദനം നിര്‍ത്തി വച്ചതിനാല്‍ മൂഴിയാര്‍ ഡാമിന്റെ ജല നിരപ്പ് ഏതു സമയത്തും പരമാവധി ജലനിരപ്പായ 192.63 മീറ്ററായി ഉയരുന്നതിനുള്ള സാഹചര്യമുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 30 സെന്റി മീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തി 50 കുമെക്‌സ് എന്ന നിരക്കില്‍ ഏതുസമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്.

 

 

ഓറഞ്ച് ബുക്കിലെ നിര്‍ദേശം അനുസരിച്ച് രാത്രികാലങ്ങളിലും തുറക്കാവുന്ന ഡാമുകളുടെ പരിധിയില്‍ വരുന്നതാണ് മൂഴിയാര്‍ ഡാം.
ഇപ്രകാരം തുറന്നു വിടുന്ന ജലം മൂഴിയാര്‍ ഡാമില്‍ നിന്നും കക്കാട് പവര്‍ ഹൗസ് വരെ എത്താന്‍ ഏകദേശം രണ്ടു മണിക്കൂര്‍ സമയം എടുക്കും. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം നദികളില്‍ 15 സെ.മീ. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റെയും, പ്രത്യേകിച്ചു മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും,  പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.

വാക്ക് ഇന്‍ ഇന്റര്‍വ്യു

 

മെഴുവേലി ഗവ.വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു 31ന് രാവിലെ 11 ന് നടക്കും. യോഗ്യത പ്രസ്തുത ട്രേഡില്‍ എന്‍.റ്റി.സിയും മൂന്നു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി.യും ഒരുവര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജിയില്‍ ഡിപ്ലോമയും രണ്ടു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവും. ഫോണ്‍. 0468  2259952

ടെന്‍ഡര്‍

 

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികള്‍ക്ക് ശിശുസൗഹൃദ പെയിന്റിംഗ് ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും കരാറുകാരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി നാല്. ഫോണ്‍. 04734 216444, 9961629054.

ഡ്രൈവിംഗ് പരിശീലന കോഴ്സ്

 

ഐഎംസിയുടെ ആഭിമുഖ്യത്തില്‍ ഗവ.ഐടിഐ ചെന്നീര്‍ക്കരയില്‍ ആരംഭിച്ചിരിക്കുന്ന ഡ്രൈവിംഗ് പരിശീലന കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഫോണ്‍. 0468 2258710, 9745424281.

വിദ്യാഭ്യാസ വായ്പാ അദാലത്ത്: അപേക്ഷ സമര്‍പ്പിക്കണം

 

വിദ്യാഭ്യാസ വായ്പയ്ക്ക് 2021-22 വര്‍ഷം അപേക്ഷിച്ചിട്ട് ലഭിച്ചിട്ടില്ലാത്തതും, യോഗ്യതാ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടുള്ളതുമായ അപേക്ഷകര്‍ക്കായുള്ള വിദ്യാഭ്യാസ വായ്പാ അദാലത്ത് ഫെബ്രുവരി അഞ്ചിന് ഓണ്‍ലൈനായി നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. ഈ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ അവരുടെ അപേക്ഷകള്‍, മാര്‍ക്ക് ലിസ്റ്റ് കോപ്പി, വിദ്യാലക്ഷ്മി പോര്‍ട്ടലില്‍നിന്നും ലഭിച്ച അപേക്ഷയുടെ കോപ്പി, അഡ്മിഷന്‍ ലഭിച്ചതിനുള്ള രേഖകള്‍ എന്നിവ സഹിതം [email protected] എന്ന ഇമെയിലിലേക്ക് ജനുവരി 31 ന് മുന്‍പായി അയയ്ക്കണം.

വായ്പയ്ക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷനില്‍ കളിമണ്‍ ഉത്പന്ന നിര്‍മാണം കുലത്തൊഴിലായി സ്വീകരിച്ച വ്യക്തികള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ വായ്പയ്ക്ക് അപേക്ഷിക്കാം. തിരിച്ചടവ് കാലാവധി 60 മാസം.

 

ജാമ്യവ്യവസ്ഥകള്‍ ബാധകം. പ്രായപരിധി 18നും 55നും മധ്യേ. കുടുംബവാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാന്‍ പാടില്ല. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10 വൈകിട്ട് അഞ്ച് മണി. അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം. കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍. അയ്യങ്കാളി ഭവന്‍. രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ. തിരുവനന്തപുരം. ഫോണ്‍. 0471 2727010.

കാര്‍ഷിക പമ്പുകള്‍ക്ക് അനെര്‍ട്ട് സബ്സിഡി

കേന്ദ്ര കര്‍ഷക സഹായ പദ്ധതിയായ പി.എം.കുസും കോംപോണന്റ് ബി-യുടെ രജിസ്‌ട്രേഷന്‍ അനെര്‍ട്ട് ജില്ലാ കാര്യാലയങ്ങളില്‍ ആരംഭിച്ചിരിക്കുന്നു. പദ്ധതിപ്രകാരം  കര്‍ഷകര്‍ സ്ഥാപിക്കുന്ന പമ്പുകള്‍ക്ക് 60 ശതമാനം വരെ (കേന്ദ്ര-സംസ്ഥാന) സബ്സിഡി ലഭിക്കും.  വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04682224096. വൈദ്യുതേതര പമ്പുകള്‍ ഉപയോഗിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

കോവിഡ് ബോധവത്ക്കരണം  : പോസ്റ്റര്‍ പ്രകാശനം നടത്തി

കോവിഡ് പ്രതിരോധ ബോധവത്ക്കരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവിഭാഗം തയാറാക്കിയ പോസ്റ്ററുകള്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രകാശനം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ. സുനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ വി.ആര്‍. ഷൈലാഭായി തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് ജാഗ്രത തുടരുന്നതിനെപ്പറ്റിയും വാക്‌സിനേഷന്റെ പ്രധാന്യം വ്യക്തമാക്കുന്നതുമായ പോസ്റ്ററാണ് പ്രകാശനം ചെയ്തത്.

പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന്‍

കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളുടെ പുതിയ ബാച്ചുകളുടെ രജിസ്‌ട്രേഷന്‍ ഫെബ്രുവരി ഒന്നു മുതല്‍ ആരംഭിക്കും. ഔപചാരികതലത്തില്‍ ഏഴാംക്ലാസ് വിജയിച്ചവര്‍ക്കും സാക്ഷരതാമിഷന്റെ ഏഴാംതരം തുല്യത വിജയിച്ചവര്‍ക്കും പത്താംതരം തുല്യതാകോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സമയത്ത് 17 വയസ് പൂര്‍ത്തിയായിരിക്കണം.

 

പത്താംതരംതുല്യതയോ, ഔപചാരിക വിദ്യാഭ്യാസത്തില്‍ പത്താംക്ലാസോ വിജയിച്ചവര്‍ക്കും ഹയര്‍സെക്കന്‍ഡറി തോറ്റവര്‍ക്കും ഹയര്‍സെക്കന്‍ഡറി തുല്യതാകോഴ്‌സിന് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ സമയത്ത് 22 വയസ് പൂര്‍ത്തിയായിരിക്കണം. എസ്‌സി, എസ്ടി, ട്രാന്‍സ്ജന്‍ഡര്‍, ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് ഫീസിളവുണ്ട്. ഫെബ്രുവരി 28 വരെ ഫൈന്‍കൂടാതെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും സാക്ഷരതാമിഷന്റെ വെബ്‌സൈറ്റില്‍ ഫെബ്രുവരി ഒന്നു മുതല്‍ ലഭ്യമാകും. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പത്തനംതിട്ട ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ, അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രേരക്മാരുമായോ ബന്ധപ്പെടുക. ഫോണ്‍: 0468 2220799

കളിമണ്‍ ഉത്പന്ന നിര്‍മാണ തൊഴിലാളികളില്‍ നിന്നും
വായ്പാ അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉത്പന്ന നിര്‍മാണം കുലത്തൊഴിലായി സ്ഥീകരിച്ചിട്ടുള്ള സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് നിലവിലെ സംരംഭങ്ങളുടെ ആധുനികവല്‍ക്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വായ്പ നല്‍കുന്നു. വായ്പ തുക പരമാവധി രണ്ടു ലക്ഷം രൂപയും പലിശ നിരക്ക് ആറു ശതമാനവും തിരിച്ചടവ് കാലാവധി 60 മാസവും ആയിരിക്കും. ജാമ്യ വ്യവസ്ഥകള്‍ ബാധകമാണ്.

 

അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉത്പന്ന നിര്‍മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ  ആയിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18നും 55നും മദ്ധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
പദ്ധതികളുടെ നിബന്ധനകള്‍, അപേക്ഷാ ഫോറം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്നിവ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

 

(www.keralapottery.org). വായ്പാ അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം ഫെബ്രുവരി 10ന് വൈകുന്നേരം അഞ്ചിന് അകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍: 0471 2727010, 9497690651, 9946069136.

കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുക: ഡിഎംഒ

 

കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതിനാലും കാറ്റഗറി സിയില്‍ ജില്ല ഉള്‍പ്പെട്ടതിനാലും 15 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വിഭാഗത്തില്‍ 48884 പേരാണുള്ളത്. ഇതില്‍ 34806 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്.

 

ഇനിയും വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം സ്വീകരിക്കണം. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളു. ജനുവരി 31ന് അകം അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളും വാക്‌സിനേഷന്‍ സ്വീകരിച്ച് സഹകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.

പള്ളിക്കല്‍ പഞ്ചായത്തില്‍ ആടുഗ്രാമം പദ്ധതിക്ക് തുടക്കമായി

പള്ളിക്കല്‍ പഞ്ചായത്തില്‍ ആട് ഗ്രാമം പദ്ധതിക്ക് തുടക്കമായി. മൃഗസംരക്ഷണ വകുപ്പിന്റെ മാതൃകാ മൃഗസംരക്ഷണഗ്രാമം 2021 – 22 പദ്ധതിയുടെ ഭാഗമായാണ് ഇറച്ചി ഉത്പാദനവും, പാല്‍ ഉത്പാദനവും വര്‍ധിപ്പിക്കുന്നതിന് ഇതു നടപ്പാക്കുന്നത്.

പള്ളിക്കല്‍ മൃഗാശുപത്രിയില്‍ പദ്ധതിയുടെ ഉദ്ഘാടനം  നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 28 ഗുണഭോക്താക്കള്‍ക്ക് ആണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഇരുപത് കുടുംബങ്ങള്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും എട്ട് കുടുംബങ്ങള്‍ക്ക് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരവും ആണ് ആടുകളെ നല്‍കിയത്.

യോഗത്തില്‍ പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു അധ്യക്ഷനായിരുന്നു. പള്ളിക്കല്‍ പഞ്ചായത്തിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ജെ. ഹരികുമാര്‍, അഡ്വ. ആര്യാ വിജയന്‍, ഡോ. ജ്യോതിഷ് ബാബു, എ.പി. സന്തോഷ്, പി.ബി. ബാബു, സിന്ധു ജയിംസ്, കെ.ജി. ജഗദീശന്‍, ആര്‍. രമേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.