പത്തനംതിട്ട ജില്ലയിലുടനീളം പോലീസിനെ വിന്യസിച്ചു:പോലീസ് നടപടി ശക്തം: വ്യാപകമായ അറസ്റ്റ്

പത്തനംതിട്ട ജില്ലയിലുടനീളം പോലീസിനെ വിന്യസിച്ചു:പോലീസ് നടപടി ശക്തം: വ്യാപകമായ അറസ്റ്റ്

നിയമ ലംഘനം കണ്ടാല്‍  ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ 04682 222600 ഫോണ്‍ നമ്പരിലേക്ക് ബന്ധപ്പെടാം

KONNIVARTHA.COM : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ ജില്ലയിലുടനീളം പോലീസിനെ വിന്യസിച്ചു. പോലീസ് സബ് ഡിവിഷന്‍ തലങ്ങളില്‍ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പോലീസിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം.

 

അഞ്ച് പോലീസ് സബ് ഡിവിഷനുകളിലായി അഞ്ച് ഡി.വൈ.എസ്.പിമാര്‍ മേല്‍നോട്ടം വഹിക്കും. എല്ലാ പോലീസ് സ്റ്റേഷനുകളിലും എസ്.എച്ച്.ഒ മാരുടെ നേതൃത്ത്വത്തിലുള്ള മൊബൈല്‍ പട്രോളിങ്ങിന് പുറമെ എസ്.ഐമാരെയോ എ.എസ്.ഐമാരെയോ പട്രോളിങ്ങിന് നിയോഗിച്ചിട്ടുണ്ട് കൂടാതെ 32 ബൈക്ക് പട്രോളിങ് സംഘവും നിരത്തില്‍ മുഴുവന്‍ സമയവും ഉണ്ടാവും. സ്റ്റേഷന്‍ മൊബൈലുകള്‍, ട്രാഫിക് യൂണിറ്റ് വാഹനങ്ങള്‍, ഹൈവേ വാഹനങ്ങള്‍ എന്നിവ പട്രോളിംഗ് നടത്തും. മൊബൈല്‍, ബൈക്ക്, ഫുട്ട് പട്രോളിങ് സംഘങ്ങളിലും പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

 

ജില്ലയിലാകെ 59 പിക്കറ്റ് പോസ്റ്റുകളോ വാഹന ചെക്കിംഗ് പോയിന്റുകളോ നിയമിച്ചിട്ടുള്ളതായും കൂടാതെ മുഴുവന്‍ പോലീസ് ഉദ്ദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് സജ്ജരാക്കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വിശദമാക്കി. അഡീ. എസ് പി, 10 ഡി.വൈ.എസ്.പിമാര്‍ 25 ഇന്‍സ്‌പെക്ടര്‍മാര്‍, 115 എസ്.ഐമാര്‍ 800 പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആയിരത്തോളം പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ടെന്നു ജില്ലാ പോലീസ് മേധാവി പറഞ്ഞു.

അതിഥി തൊഴിലാളികളെ പ്രത്യേകം നിരീക്ഷിക്കും

അതിഥി തൊഴിലാളി അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഇവരെ നിരീക്ഷിക്കാന്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തും. ഇവരിലെ ലഹരി ഉപയോഗം നിരീക്ഷിക്കും, ക്യാമ്പുകളില്‍ എസ്.എച്ച്.ഓമാരും മുതിര്‍ന്ന പോലീസുദ്യോഗസ്ഥരും സന്ദര്‍ശനം നടത്തും. ഇവരുടെ സാമൂഹിക മാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കാനും സംവിധാനം ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. മദ്യ മയക്കുമരുന്നുപയോഗം കുറക്കാനുള്ള ബോധവല്‍ക്കരണം നടത്തും. ലഹരിവസ്തുക്കള്‍ എത്തിക്കുന്നവരെയും സ്രോതസ്സുകളും കണ്ടെത്തി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.

പുതുവത്സരാഘോഷം : ലഹരി വസ്തുക്കളുടെ കടത്ത് തടയും

പുതുവരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ ലഹരിവസ്തുക്കളും മയക്കുമരുന്നുകളും മറ്റും കടത്തിക്കൊണ്ടുവരുന്നില്ലെന്ന് പോലീസ് ഉറപ്പാക്കും. അതിര്‍ത്തി പരിശോധന ഉള്‍പ്പെടെയുള്ള റെയ്ഡുകള്‍ വ്യാപകമാക്കും. ഒറ്റക്കും എക്‌സൈസുമായി ചേര്‍ന്നും ഇത്തരം വസ്തുക്കളുടെ കടത്തിനെതിരെ ശക്തമായ റെയ്ഡും മറ്റും നടത്തും.

 

ഇക്കാര്യത്തില്‍ നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ റെയ്ഡ് ജില്ലയിലുടനീളം തുടരുന്നുണ്ട്. ഇതുസംബന്ധിച്ച് ജില്ലയിലെ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരുവിധത്തിലുള്ള അനിഷ്ടസംഭവങ്ങളുമുണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുത്തിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

പോലീസ് നടപടി ശക്തം: വ്യാപകമായ അറസ്റ്റ്

ഗുണ്ടാ മാഫിയ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും മറ്റും കര്‍ശനമായി തടയുന്നതിന്റെ ഭാഗമായി പോലീസ് നടപടി കടുപ്പിച്ചപ്പോള്‍ ജില്ലയില്‍ വിവിധ കേസുകളില്‍ വ്യാപകമായ അറസ്റ്റ്.

മുന്‍കരുതലായി 28 പേരെ അറസ്റ്റ് ചെയ്തു

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്നലെ (28.12.2021) മാത്രം 28 പേര്‍ അറസ്റ്റിലായി. 15 സ്റ്റേഷന്‍ പരിധികളിലാണ് അറസ്റ്റ് ഉണ്ടായത്. നടപടികള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ദേഹോപദ്രവ കേസുകളില്‍ 36 പ്രതികള്‍ പിടിയില്‍

കഠിന ദേഹോപദ്രവം ഉള്‍പ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ അന്വേഷണത്തിലുള്ള കേസുകളില്‍ഒളിവില്‍ കഴിഞ്ഞുവന്ന 36 പേരാണ് ഇന്നലെ ഒറ്റദിവസം കൊണ്ട് പോലീസിന്റെ വലയിലായത്. കുറ്റകരമായ നരഹത്യാ ശ്രമത്തിന് ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ 6 പ്രതികളും വയോധികരെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചതിന്, അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 4 പ്രതികളും ഇന്നലെ അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടും. ആറ് സ്റ്റേഷനുകളിലെ കേസുകളിലാണ് അറസ്റ്റ്.

മറ്റു കേസുകളിലായി ഏഴു പേര്‍ അറസ്റ്റില്‍

സ്ത്രീകളെ അപമാനിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ബൈക്ക് കത്തിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകടക്കല്‍, ചാരായ നിര്‍മ്മാണത്തിനുള്ള കോട പിടിച്ചെടുത്തത് എന്നീ കുറ്റകൃത്യങ്ങളിലായി ജില്ലയില്‍ ഇന്നലെ 7 പ്രതികളെ പിടികൂടി. സ്ത്രീകളെ അപമാനിച്ചത് ഉള്‍പ്പെടെയുള്ള കേസുകളില്‍ 24 മണിക്കൂറിനകം തന്നെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് തടയുന്നതിനും, സാമൂഹിക വിരുദ്ധ സംഘടിത മാഫിയ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനും, സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം തടയുന്നതിനും ജില്ലയില്‍ പോലീസ് നടപടി വരും ദിവസങ്ങളിലും തുടരുമെന്നും, സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുമെന്നും ജില്ലാ പോലീസ് മേധാവി ആവര്‍ത്തിച്ചു.

 

എല്ലാത്തരം സംഘടിത കുറ്റകൃത്യങ്ങളും തടയാനും ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനും പോലീസ് നടപടി ശക്തമാക്കും.സംഘടിത കുറ്റകൃത്യങ്ങളില്‍ ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ള സാഹചര്യം കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കും. ഇവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോ എന്നതും അന്വേഷിക്കും. സ്വര്‍ണക്കടത്ത്, ലഹരി വില്പന, മണ്ണുകടത്ത് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ അമര്‍ച്ച ചെയ്യും.

 

വര്‍ഗീയത പ്രചരിപ്പിപ്പിക്കുന്നതും വ്യാജ സന്ദേശങ്ങള്‍ പടച്ചുവിടുന്നതും കര്‍ശനമായ നിരീക്ഷണത്തിലൂടെ കണ്ടെത്തുകയും,ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെയും സാമ്പത്തിക സഹായം നല്‍കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും ചെയ്യുന്നതിന് നടപടി എടുക്കും.

പുതുവത്സരാഘോഷം : നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ജില്ലാപോലീസ് മേധാവി

കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍, ആള്‍ക്കൂട്ടം ഒഴിവാക്കുക ലക്ഷ്യമാക്കി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാപോലീസ് മേധാവി ആര്‍. നിശാന്തിനി. ജില്ലയിലും ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ടാകുന്നുണ്ടെന്നത് ഗൗരവമായി കണ്ട് ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കപ്പെടം. പുതുവത്സരാഘോഷങ്ങളുടെ പേരില്‍ രാത്രി 10ന് ശേഷം ഒരു തരത്തിലുമുള്ള ഒത്തുചേരലും അനുവദിക്കില്ല. ഈ മാസം 30 മുതല്‍ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് പോലീസ് നടപടി കടുപ്പിക്കുന്നത്.

 

 

ഈദിവസങ്ങളില്‍ രാത്രി 10 മുതല്‍ വെളുപ്പിന് 5വരെയാണ് നിയന്ത്രണം. കടകളും വ്യാപാര സ്ഥാപനങ്ങളും രാത്രി പത്തിന് ശേഷം പ്രവര്‍ത്തിക്കാന്‍ പാടില്ല, ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും, വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്, ആളുകള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടാതെ നോക്കാന്‍ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും പട്രോളിംഗ് ശക്തമാക്കി. മൊബൈല്‍, ബൈക്ക്, പട്രോള്‍ സംഘങ്ങള്‍ മുഴുവന്‍ സമയവും നിരത്തിലുണ്ടാവും.

 

കൂടാതെ ഫുട്ട് പട്രോളിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ പോലീസുദ്യോഗസ്ഥരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പോലീസിനെ അറിയിക്കാം.

 

ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ 04682 222600 ഫോണ്‍ നമ്പരിലേക്ക് ബന്ധപ്പെടാം. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ 50 ശതമാനം പേര്‍ക്ക് മാത്രം അനുമതി, സിനിമ തീയേറ്ററുകളില്‍ രാത്രി 10ന് ശേഷം പ്രദര്‍ശനം അനുവദിക്കില്ല, ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍ തുടങ്ങി ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

error: Content is protected !!