സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

 

സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദ ബാധിതനായിരിക്കെ കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്.

കണ്ണകി എന്ന ജയരാജ് ചിത്രത്തിലൂടെയാണ് കൈതപ്രം വിശ്വനാഥന്‍ സ്വതന്ത്ര സംഗീത സംവിധായകനായി എത്തുന്നത്. ‘തിളക്കം’, ‘കണ്ണകി’ ഉള്‍പ്പെടെ ഇരുപത്തോഞ്ചളം ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മികച്ച പശ്ചാത്തല ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പരേതരായ കണ്ണാടി കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി കണ്ണൂര്‍ ജില്ലയിലെ കൈതപ്രം ഗ്രാമത്തില്‍ 1963ലാണ് ജനനം. തിരുവനന്തപുരം സംഗീത കോളജിലായിരുന്നു വിദ്യാഭ്യാസം. തിളക്കം സിനിമയിലെ സാറേ സാറേ സാമ്പാറേ, കരിനീലക്കണ്ണഴകീ…,എന്നു വരും നീ…, വേളിക്കു വെളുപ്പാന്‍ കാലം.., ഇനിയൊരു ജന്മമുണ്ടെങ്കില്‍.., കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തിന്റേതാണ്. സംഗീത ആല്‍ബങ്ങളും കൈതപ്രം വിശ്വനാഥന്റേതായുണ്ട്.

 

കൈതപ്രം വിശ്വനാഥന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥന്റെ അകാല വിയോഗം അങ്ങേയറ്റം ദു:ഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാള ചലച്ചിത്ര ഗാനങ്ങളിൽ ശാസ്ത്രീയ സംഗീതത്തിന്റെ ഭാവം പകരുന്നതിന്  വിജയകരമാം വിധം ശ്രമിച്ച സംഗീത സംവിധായകനാണദ്ദേഹം.  കുറച്ചു ഗാനങ്ങൾ കൊണ്ട്  ചലച്ചിത്ര ഗാനാസ്വാദകർക്ക് പ്രിയങ്കരനായി മാറിയ പ്രതിഭയാണ് കൈതപ്രം വിശ്വനാഥൻ. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സംഗീതാസ്വാദകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!