ശബരിമല വാര്‍ത്തകള്‍ (2/12/2021 )

ശബരിമല വാര്‍ത്തകള്‍ (2/12/2021 )

സന്നിധാനത്ത് കനത്ത മഴയിലും ഭക്തജനത്തിരക്ക്

ശബരിമല സന്നിധാനത്ത് വ്യാഴാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. വൈകീട്ട് നാല് മണിക്ക് നട തുറക്കുമ്പോൾ നടപ്പന്തൽ ഭക്തജനങ്ങളാൽ നിറഞ്ഞിരുന്നു.

രാവിലെ നാല് മണിക്ക് നട തുറന്നു. അഞ്ച് മുതൽ ഏഴ് മണി വരെ നെയ്യഭിഷേകം. ഭക്തജനങ്ങൾക്ക് നേരിട്ട് നെയ്യഭിഷേകത്തിന് സൗകര്യം ഇപ്പോഴില്ല. നെയ്‌ത്തേങ്ങയിലെ നെയ്യ് ക്ഷേത്രത്തിന് പിറക് വശത്തെ കൗണ്ടറിൽ നൽകി രശീത് വാങ്ങി പുറത്ത് നിന്ന് അഭിഷേകം ചെയ്ത നെയ്യ് നൽകുകയാണ് ചെയ്യുന്നത്. രാവിലെ 11.30ന് 25 കലശാഭിഷേകവും തുടർന്ന് കളഭാഭിഷേകവും ഉണ്ടായിരുന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.

ഞുണങ്ങാർ താൽക്കാലിക പാലം നിർമ്മാണം അന്തിമഘട്ടത്തിൽ

പമ്പയിലെ ഞുണങ്ങാർ താൽക്കാലിക പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. വ്യാഴാഴ്ച വൈകീട്ടോടെ പാലത്തിന്റെ ഗാബിയോൺ സ്ട്രക്ചർ പൂർത്തിയാക്കി. വെള്ളിയാഴ്ച രാവിലെ മുതൽ തെങ്ങിൻ കുറ്റികൾ അടിക്കുന്ന പ്രവൃത്തി നടത്താനാണ് ഉദ്ദേശിക്കുന്നത്.

പഴയ താൽക്കാലിക പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ സ്ഥാനത്ത് പുതിയ പാലം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവനുസരിച്ച് പത്ത് ദിവസമാണ് ജലസേചന വകുപ്പിന് അനുവദിച്ചിരുന്നത്. ഇത് പ്രകാരം ശനിയാഴ്ച വരെയാണ് സമയമുള്ളത്. എന്നാൽ, കാലവസ്ഥ പ്രതികൂലമല്ലെങ്കിൽ വെള്ളിയാഴ്ച വൈകീട്ട് പണി പൂർത്തിയാക്കി തൊട്ടടുത്ത ദിവസം തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് ജലസേചന വകുപ്പ് പ്രതീക്ഷിക്കുന്നത്.
20 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. 10 മുതൽ 15 വരെ ടൺ സംഭരണ ശേഷിയുള്ള ട്രാക്ടറുകൾ കടന്നുപോകാൻ പാകത്തിലാണ് നിർമ്മിതി.

പുഴയിലെ വെള്ളം കടന്നുപോകാൻ രണ്ട് പാളികളായാണ് 24 പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. താഴെ ഏഴും മുകളിൽ അഞ്ചുമായി 12 വെൻറുകളാണുള്ളത്. ഇതിന് രണ്ട് വശത്തും ഉരുക്കുവലയ്ക്കകത്ത് കല്ലുകൾ അടുക്കി ഗാബിയോൺ സ്ട്രക്ചറിലാണ് നിർമ്മാണം.
പാലത്തിന് മുകളിൽ ഒരു പാളി ജിഎസ്ബി (ഗ്രാന്യുലാർ സബ് ബേസ്) ഇട്ട് അതിന് മുകളിലൂടെ വാഹനം കടന്നുപോകാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. പാലത്തിന്റെ രണ്ട് വശത്തും 60ഓളം തെങ്ങിൻ കുറ്റി പൈൽ ചെയ്ത്, വെള്ളപ്പാച്ചിലിൽ പാലം മറിഞ്ഞുപോകാത്ത വിധം പാലം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

മികവ് തെളിയിച്ച് ഭാരതീയ ചികിത്സാവകുപ്പ്: സന്നിധാനത്ത് കോവിഡ് പ്രതിരോധത്തിന്
അപരാജിത ധൂപചൂർണ്ണം

ശബരിമല സന്നിധാനത്ത് കോവിഡ് പ്രതിരോധത്തിന് അപരാജിത ധൂപചൂർണ്ണവും ഷഡംഗം കഷായ ചൂർണ്ണവുമായി ഭാരതീയ ചികിത്സാവകുപ്പ്. അപരാജിത ധൂപചൂർണ്ണം പുകയ്ക്കുന്നത് രോഗാണുനശീകരണത്തിന് ഉത്തമമാണെന്ന് ശാസ്ത്രീയ പഠനം വഴി തെളിയിക്കപ്പെട്ടതാണ്. ശബരിമലയിൽ വിതരണം ചെയ്യുന്ന ഔഷധ കുടിവെള്ളം ഉണ്ടാക്കാനാണ് പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഷഡംഗം കഷായചൂർണ്ണം ഉപയോഗിക്കുന്നത്. അണുനശീകരണത്തിന് സന്നിധാനത്ത് സ്ഥിരമായി അപരാജിത ധൂപചൂർണ്ണം ഉപയോഗിച്ച് ധൂപസന്ധ്യ നടത്താൻ ഭാരതീയ ചികിത്സാവകുപ്പ് ഒരുക്കമാണെന്ന് സന്നിധാനം ഗവ. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ആർ. കൃഷ്ണ കുമാർ അറിയിച്ചു. നിലവിൽ സന്നിധാനത്തെ കടകൾക്കും മറ്റുമായി പുകയ്ക്കാനായി അപരാജിത ധൂപചൂർണ്ണം വിതരണം ചെയ്യുന്നുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, തൃശൂർ ജില്ലയിൽ മൈക്രോബയോളജിസ്റ്റിന്റെയും മറ്റ് വിദഗ്ധരുടെയും നേതൃത്വത്തിൽ ഭാരതീയ ചികിത്സാവകുപ്പ് നടത്തിയ പഠനത്തിൽ അപരാജിത ധൂപചൂർണ്ണം തുടർച്ചയായ ദിവസങ്ങളിൽ പുകയ്ക്കുന്നതിലൂടെ 90 ശതമാനത്തിലേറെ സൂക്ഷ്മ രോഗാണുക്കളുടെ സാന്നിധ്യം കുറഞ്ഞതായി കണ്ടെത്തിയിരുന്നു.

അപരാജിത ധൂപചൂർണ്ണത്തിൽ ഗുൽഗുലു, നാന്മുഖപുല്ല്, വയമ്പ്, ചെഞ്ചല്യം, വേപ്പിൻതൊലി, എരുക്ക്, അകിൽ, ദേവദാരു എന്നീ എട്ടു തരം മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഷഡംഗം കഷായ ചൂർണ്ണത്തിൽ മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരിവേലി, പർപ്പടകപ്പുല്ല്, രാമച്ചം എന്നിവയാണ് ചേരുവകൾ. അമൃത്, പതിമുഖം, രാമച്ചം, ആര്യവേപ്പ്, കൊത്തമല്ലി എന്നിവ ചേർത്തുണ്ടാക്കിയ ഗുളൂച്യാദി കഷായ ചൂർണ്ണവും സന്നിധാനത്തെ ഔഷധ കുടിവെള്ളത്തിനായി ഉപയോഗിക്കുണ്ട്. ഇവയെല്ലാം രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഉത്തമമാണ്. ദേവസ്വം ബോർഡിന്റെ കുടിവെള്ള വിതരണത്തിന് പുറമെ അയ്യപ്പ സേവാ സമാജത്തിന്റെ കുടിവെള്ള വിതരണത്തിനും ഇവ നൽകും. ഇവയെല്ലാം സംസ്ഥാന സർക്കാറിന് കീഴിലെ ഔഷധി മെഡിക്കൽ സ്‌റ്റോറുകളിൽ എല്ലായിടത്തും ലഭ്യമാണ്.

സന്നിധാനം ഗവ. ആയുർവേദ ഡിസ്‌പെൻസറി രാത്രിയിലുൾപ്പെടെ ഒ.പി. സേവനം നൽകുന്നുണ്ട്. അഞ്ച് ഡോക്ടർമാരുടെ നേതൃത്വത്തിൽ ഫാർമസിസ്റ്റുകൾ, തെറാപ്പിസ്റ്റ് തുടങ്ങിയവർ മികച്ച സേവനം നൽകുന്നു. തീർഥാടകർക്കൊപ്പം സന്നിധാനത്ത് ജോലി ചെയ്യുന്നവരും ചികിത്സ തേടിയെത്തുന്നു. വരണ്ട ചുമ, കൈകാൽ വേദന, ശരീര വേദന, ശ്വാസ സംബന്ധിയായ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് ആശ്വാസം തേടിയാണ് കൂടുതലും എത്തുന്നത്. ജീവിത ശൈലീ രോഗങ്ങൾക്ക് ചികിത്സ തേടിയെത്തുന്നവരുമുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് അത്യാവശ്യക്കാർക്ക് മാത്രമായി അഭ്യംഗം, മർമ്മചികിത്സ, ഇൻഫ്രാറെഡ് ലൈറ്റ് തെറാപ്പി, നസ്യം എന്നിവയും നൽകുന്നു.
കോവിഡ് പ്രതിരോധത്തിന് സ്വാസ്ഥ്യം, സുഖായുഷ്യം എന്നീ സ്‌പെഷലൈസ്ഡ് ആയുർ രക്ഷാക്ലിനിക്കുകൾ സന്നിധാനത്ത് തുടങ്ങുന്നത് ഭാരതീയ ചികിത്സാവകുപ്പിന്റെ പരിഗണനയിലാണെന്ന് ഡോ. ആർ. കൃഷ്ണ കുമാർ അറിയിച്ചു.

നിലയ്ക്കലിൽ സൗജന്യ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് പ്രവർത്തനം തുടങ്ങി

ശബരിമല ഇടത്താവളമായ നിലയ്ക്കലിൽ തീർഥാടകർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് പ്രവർത്തനം തുടങ്ങി. ശബരിമല എ.ഡി.എം അർജുൻ പാണ്ഡ്യൻ വർക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്തു.

അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ഡിവിഷനും ടിവിഎസ് ആൻഡ് സൺസും ചേർന്നാണ് വർക്ക് ഷോപ്പ് പ്രവർത്തിപ്പിക്കുക. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈനുണ്ട്. നമ്പർ: 0473 5205309, 8281502520. നിലയ്ക്കലിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് സേവനം ഉപയോഗപ്പെടുത്താം.

 

നിലയ്ക്കലിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിലയ്ക്കൽ പോലീസ് സ്‌പെഷൽ ഓഫീസർ മഹേഷ് ദാസ്, നിലയ്ക്കൽ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കെ. ഹരീഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ, മരാമത്ത് എ.ഇ. ഹരീഷ്, അജി (ആർ.ടി.ഒ സേഫ് സോൺ), അഖില ഭാരത അയ്യപ്പ സേവാ സംഘം ക്യാമ്പ് ഓഫീസർ ജി. രാധാകൃഷ്ണൻ, കെ. പരമശിവം, രാകേഷ് കുമാർ (മഹീന്ദ്ര), ഉമാമഹേശൻ (ടി.വി.എസ്) തുടങ്ങിയവർ സംബന്ധിച്ചു.

ശബരിമലയിലെ നാളത്തെ (03,12,2021) ചടങ്ങുകൾ

പുലർച്ചെ 3.30ന് പള്ളി ഉണർത്തൽ
4 മണിക്ക് തിരുനട തുറക്കൽ
4.05ന് അഭിഷേകം
4.30ന് ഗണപതി ഹോമം
5 മണി മുതൽ 7 മണി വരെ നെയ്യഭിഷേകം
7.30ന് ഉഷപൂജ
8 മണി മുതൽ ഉദയാസ്തമന പൂജ
11.30ന് 25 കലശാഭിഷേകം
തുടർന്ന് കളഭാഭിഷേകം
12ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കൽ
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ദീപാരാധന
7 മണിക്ക് പടിപൂജ
9 മണിക്ക് അത്താഴപൂജ
9.50ന്  ഹരിവരാസനം സങ്കീർത്തനം പാടി 10 മണിക്ക്  ശ്രീകോവിൽ നട അടയ്ക്കും

error: Content is protected !!