സ്‌പോട്ട് ബുക്കിംഗിന് നിലയ്ക്കലിൽ നാല് കൗണ്ടറുകൾ

 

KONNIVARTHA.COM : ശബരിമല ദർശനത്തിന് വിർച്വൽ ക്യൂവിന് പുറമെയുള്ള സ്‌പോട്ട് ബുക്കിംഗിന് നാല് കൗണ്ടറുകൾ ഇടത്താവളമായ നിലയ്ക്കലിൽ മാത്രം പ്രവർത്തിക്കുന്നു. ഒരു ദിവസം പരമാവധി 5,000 പേർക്കാണ് സ്‌പോട്ട് ബുക്കിംഗ് വഴി ദർശനം അനുവദിക്കുന്നത്. നവംബർ 30 വരെ 2600 പേരാണ് സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തിയത്. വിർച്വൽ ക്യൂവും സ്‌പോട്ട് ബുക്കിംഗും സൗജന്യമാണ്.

നിലയ്ക്കലിന് പുറമെ ഒമ്പത് ഇടത്താവളങ്ങളിൽ കൂടി ഇതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എരുമേലി, കുമളി, തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, കോട്ടയം ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണ് സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. വിർച്വൽ ക്യൂ സംബന്ധിച്ച സംശങ്ങൾക്ക് ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടാം. നമ്പർ: 7025800100.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക്  വിർച്വൽക്യൂ ബുക്കിംഗ് വേണ്ട

ശബരിമല ദർശനത്തിനുള്ള വിർച്വൽക്യൂ ബുക്കിംഗ് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആവശ്യമില്ല. ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി കാർഡ് എന്നിവയാണ് വിർച്വൽ ക്യൂ ബുക്കിംഗിന് സാധാരണയായി ആവശ്യമുള്ളതെങ്കിലും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്‌കൂൾ/കോളജ് ഐഡി കാർഡ് ഉപയോഗിച്ച് വിർച്വൽ ക്യൂ ബുക്ക് ചെയ്യാം.

10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ആവശ്യമില്ല. മറ്റെല്ലാ തീർഥാടകരും 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് കൊണ്ടുവരണം. ഇത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. കുട്ടികൾ ഉൾപ്പെടെ എല്ലാ തീർഥാടകരും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കൈകൾ ഇടയ്ക്കിടെ കഴുകണം.

വിർച്വൽ ക്യൂവിനൊപ്പം പ്രസാദവും ബുക്ക് ചെയ്യാം

ശബരിമല ദർശനത്തിനുള്ള വിർച്വൽ ക്യൂ സൗജന്യമായി ബുക്ക് ചെയ്യുന്നതിനൊപ്പം ദേവസ്വം ബോർഡിന് പണം ഓൺലൈനായി അടച്ച് അപ്പം, അരവണ, അഭിഷേകം ചെയ്ത നെയ്യ്, വിഭൂതി, മഞ്ഞൾ-കുങ്കുമം പ്രസാദങ്ങളും ബുക്ക് ചെയ്യാം. ഇങ്ങനെ ബുക്ക് ചെയ്യുമ്പോൾ വിർച്വൽ ക്യൂ കൂപ്പണിനൊപ്പം പ്രസാദത്തിന്റെ കൂപ്പണും ലഭിക്കും. ഈ കൂപ്പൺ സന്നിധാനത്തെ പ്രത്യേക കൗണ്ടറിൽ കാണിച്ചാൽ പ്രസാദം ലഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡും കേരള പോലീസും സംയുക്തമായാണ് വിർച്വൽക്യൂ സംവിധാനം പ്രവർത്തിപ്പിക്കുന്നത്. വെബ്‌സൈറ്റ് വിലാസം: https://sabarimalaonline.org/

error: Content is protected !!