അയ്യപ്പഭക്തന്‍മാര്‍ക്കായി എയര്‍പോര്‍ട്ടില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും ഹെല്‍പ്പ് ഡെസ്‌കും

 

 

അയ്യപ്പഭക്തന്‍മാര്‍ക്കായി നെടുമ്പാശേരി വിമാനത്താവളത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കം ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കി. വിമാനത്താവളത്തിനു മുന്നിലെ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ നിര്‍വഹിച്ചു.

സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ്, ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചീനിയര്‍ കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡിന്റെ ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അഡ്വ. ബിനു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശബരിമല നട തുറക്കല്‍, അടയ്ക്കല്‍ തീയതികള്‍ തീര്‍ഥാടനത്തിന്റെ മറ്റ് വിശദാംശങ്ങള്‍, തീര്‍ഥാടകര്‍ അറിയേണ്ട കാര്യങ്ങള്‍ എന്നിങ്ങനെയുള്ളവ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ലഭ്യമാകും.

സന്നിധാനത്ത് തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ചു

ശബരിമല ദര്‍ശനം നടത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധന. വെര്‍ച്ചല്‍ ക്യൂ വഴി തിങ്കളാഴ്ച (നവംബര്‍ 29) 25,271 പേര്‍ ബുക്ക് ചെയ്തിരുന്നതില്‍ ഉച്ചയ്ക്ക് 12 വരെ 13,248 പേര്‍ ദര്‍ശനം നടത്തി. വെര്‍ച്ചല്‍ ക്യൂ വഴി 2,31020 പേര്‍ ബുക്ക് ചെയ്തതില്‍ ഇന്നലെ (ഞായര്‍) വരെ 1,53,682 പേര്‍ ദര്‍ശനം നടത്തി.
ശനിയും ഞായറും തീര്‍ഥാടകരുടെ വരവ് വര്‍ധിച്ചിട്ടുണ്ട്. തിങ്കളാഴ്ച (29) കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ വലിയ തോതില്‍ എത്തി. തീര്‍ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ എല്ലാം സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി ബസുകള്‍, കുടിവെള്ളം, അന്നദാനം, ശുചിമുറികള്‍, എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, അലോപ്പതി, ഹോമിയോ, ആയുര്‍വേദ ആശുപത്രികള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. സുഖ ദര്‍ശനത്തിനും വഴിപാടുകള്‍ നടത്തുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡും സജ്ജമാക്കിയിട്ടുണ്ട്. ശബരിമല എഡിഎം അര്‍ജന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി അവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. ദേവസ്വം ബോര്‍ഡ്, കെഎസ്ആര്‍ടിസി, ആരോഗ്യ വകുപ്പ്, റവന്യു, പോലീസ്, വനം വകുപ്പ്, ഫയര്‍ ഫോഴ്‌സ്, കെഎസിഇബി, വാട്ടര്‍ അതോറിറ്റി തുടങ്ങിയവ വിവിധ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

എക്സൈസ് 20 കോട്പ കേസുകളെടുത്തു

സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് 20 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പുകയില ഉത്പന്നങ്ങളായ ബീഡി, സിഗററ്റ്, പാന്‍മസാല തുടങ്ങിയവ വില്‍ക്കുകയും കൈവശം വയ്ക്കുകയും പൊതു സ്ഥലങ്ങളില്‍ പുകവലി നടത്തുകയും ചെയ്തവര്‍ക്ക് പിഴ ചുമത്തുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഈ മണ്ഡലകാലത്ത് സന്നിധാനത്ത് ഇതുവരെ ആകെ 20 കോട്പ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സന്നിധാനത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ വിവിധ ഇടങ്ങളില്‍ മഫ്തിയില്‍ നിരീക്ഷണം നടത്തിവരുന്നു. സന്നിധാനത്ത് എക്സൈസ് സര്‍ക്കിള്‍ ഇന്‍പെക്ടറുടെ നേതൃത്വത്തില്‍ 15 അംഗ ഉദ്യോഗസ്ഥ സംഘം സേവനം ചെയ്യുന്നു. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പരിശോധന ശക്തിപ്പെടുത്തിയതായി സന്നിധാനം എക്സൈസ് സര്‍ക്കിള്‍ ഇന്‍പെക്ടര്‍ പി.എസ്. ഹരികുമാര്‍ പറഞ്ഞു.

error: Content is protected !!