ശബരിമല തീര്‍ഥാടനം: 24 മണിക്കൂറും സേവനം ഉറപ്പാക്കി കെഎസ്ഇബി

ശബരിമല തീര്‍ഥാടന കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും സേവനം ഉറപ്പാക്കി കെഎസ്ഇബി. സന്നിധാനത്ത് ത്രിവേണി സബ് സ്റ്റേഷനില്‍ നിന്ന് മൂന്ന് 11 കെവി ഫീഡര്‍ വഴിയാണ് വൈദ്യുതി വിതരണം നടത്തുന്നത്.

 

തീര്‍ഥാടന കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ ലൈനുകളുടെ അറ്റകുറ്റപണികളും ലൈറ്റ് ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി.
സന്നിധാനത്ത് എല്ലാ ലൈനുകളും ഏരിയല്‍ ബഞ്ച്ട് കണ്ടക്ടര്‍ സംവിധാനം വഴി സുരക്ഷിതമാക്കി. ഇന്‍സുലേറ്റഡ് കണ്ടക്ടര്‍ സംവിധാനമാണ് ലൈനില്‍ ഉപയോഗിച്ചിരിക്കുന്നത്. സന്നിധാനത്തും, പമ്പയിലും 12 ജീവനക്കാര്‍ വീതവും, നിലയ്ക്കലില്‍ എട്ട് പേരും അടങ്ങുന്ന സംഘമാണ് വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നത്. ശബരിമലയിലെയും പരിസരത്തെയും കെഎസ്ഇബിയുടെ സേവനങ്ങള്‍ക്ക് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി.എന്‍. പ്രസാദ് നേതൃത്വം നല്‍കുന്നു.

 

വിപരീത കാലാവസ്ഥയിലും ശബരിമലയില്‍ എത്തുന്ന എല്ലാവര്‍ക്കും കെഎസ്ഇബി സേവനം ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് സ്തുത്യര്‍ഹമായ സേവനമാണ് ജീവനക്കാര്‍ നടത്തിയത്. സന്നിധാനത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 

രാത്രിയില്‍ വൈദ്യുതി ലൈറ്റുകള്‍ തകരാറിലാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കിയുള്ള പരിശോധനകള്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. നിലയ്ക്കലില്‍ വൈദ്യുതി ഉറപ്പാക്കാന്‍ സബ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പ് ചെയ്തുവരുന്നു. മാതൃകാപരമായ സേവനമാണ് കെഎസ്സിബി ജീവനക്കാര്‍ നടത്തിവരുന്നതെന്ന് ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു

error: Content is protected !!