ശബരിമല : വാര്‍ത്തകള്‍ , വിശേഷം , അറിയിപ്പുകള്‍ (25/11/2021 )

ശബരിമല ദര്‍ശനത്തിന് അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കി

ശബരിമല തീര്‍ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യം ഒരുക്കി സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും. ദര്‍ശനത്തിന് പ്രതിദിനം 40,000 ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂവഴിയും 5,000 പേര്‍ക്ക് സ്പോട്ട് ബുക്കിംഗിലൂടെയുമാണ് ദര്‍ശനത്തിന് എത്താനാകുക. കൂടാതെ നിലയ്ക്കല്‍, എരുമേലി ഉള്‍പ്പെടെയുള്ള 10 സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളില്‍ അയ്യപ്പ ഭക്തര്‍ക്കായി ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് 19 പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് എടുത്ത സര്‍ട്ടിഫിക്കറ്റോ, അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായോ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് സ്‌പോട്ട് ബുക്കിംഗിലൂടെ ദര്‍ശനത്തിനുള്ള അവസരം ലഭിക്കും.

ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തര്‍ ഒറിജിനല്‍ ആധാര്‍ കാര്‍ഡ് കൈയില്‍ കരുതേണ്ടതാണ്. ഇതര സംസ്ഥാനത്തുനിന്നും എത്തുന്ന ഭക്തര്‍ക്കായി അതിര്‍ത്തി പ്രദേശമായ കുമളിയില്‍ സ്‌പോട്ട് ബുക്കിംഗ് കേന്ദ്രമുണ്ട്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് യാതൊരു പരിശോധനയും ഇല്ല. അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ ദര്‍ശനത്തിന് സൗകര്യമുണ്ട്. കുട്ടികള്‍ക്ക് ചോറൂണ് നടത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നെയ്യഭിഷേകം നടത്തുന്നതിനുള്ള നെയ്യ് അയ്യപ്പന്മാരില്‍ നിന്നും ശേഖരിക്കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ ദേവസ്വം ബോര്‍ഡ് സജീകരിച്ചിട്ടുണ്ട്. വടക്കേ നടയ്ക്ക് സമീപവും, ക്ഷേത്രത്തിന് പുറകു വശത്തുമാണ് അഭിഷേകം ചെയ്യേണ്ട നെയ്യ് നല്‍കേണ്ടത്. സന്നിധാനം പോലീസ് സ്റ്റേഷന് സമീപത്തുള്ള കൗണ്ടറില്‍ നിന്ന് അഭിഷേകം ചെയ്ത നെയ്യ് ഭക്തര്‍ക്ക് വാങ്ങി മടങ്ങാം. പരമ്പരാഗത പാതയായ പമ്പ-നീലിമല – അപ്പാച്ചിമേട് ശരംകുത്തി വഴിയുള്ള യാത്ര അനുവദിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഈ പാതയിലെ കാടുകള്‍ വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി അന്നദാനം, കുടിവെള്ളം തുടങ്ങിയ ക്രമീകരണങ്ങള്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ ഇടങ്ങളില്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.

സഹാസ് കാര്‍ഡിയോളജി സെന്റര്‍ ശബരിമലയില്‍ പ്രവര്‍ത്തനം തുടങ്ങി

സഹാസ് കാര്‍ഡിയോളജി സെന്ററിന്റെ പ്രവര്‍ത്തനം ശബരിമല സന്നിധാനത്ത് ആരംഭിച്ചു. ഗവ.ആശുപത്രിയിലേക്ക് കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്റ് മാറ്റിയതിനാല്‍ ഇത്തവണ കോവിഡ് പ്രതിരോധം, ട്രോമാകെയര്‍, ജനറല്‍ സര്‍വീസ് എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കിയാണ് പ്രവര്‍ത്തനം. ജനറല്‍ ഒപി, ട്രോമ കെയര്‍, കാര്‍ഡിയാക് പ്രിവന്റീവ് ഇസിജി ലാബ്, പോര്‍ട്ടബിള്‍ എക്കോ മെഷീന്‍ സംവിധാനം, രോഗികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ആന്റിജന്‍ ടെസ്റ്റ് എന്നീ സൗകര്യങ്ങള്‍ സഹാസ് ഒരുക്കിയിട്ടുണ്ട്.
14 പേര്‍ അടങ്ങുന്ന ചികില്‍സാ കേന്ദ്രമാണ് സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത്. ഡോ. ഒ വാസുദേവനാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍. നാല് മെഡിക്കല്‍ ഓഫീസര്‍, മൂന്ന് സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്‍, ഇസിജി ടെക്നീഷ്യന്‍ എന്നിവര്‍ അടങ്ങുന്നതാണ് ടീം. കൂടാതെ പമ്പയില്‍ പൂര്‍ണമായും സൗജന്യമായി വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള ഒരു ഐസിയു ആംബുലന്‍സും പ്രവര്‍ത്തിക്കുന്നുണ്ട്. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസര്‍മാര്‍ക്കും ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയ്നിംഗ് നല്‍കുമെന്നും ഡോ. ഒ. വാസുദേവന്‍ പറഞ്ഞു.
ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായാല്‍ ത്വരിത ഗതിയില്‍ സൗജന്യ ചികിത്സ നല്‍കാന്‍ 1993 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ ആതുരാലയമാണ് സഹാസ്. ചെന്നൈ എസ്ആര്‍എം മെഡിക്കല്‍ കോളജ്, ഐഎംഎ നെറ്റ് വര്‍ക്ക് ഓഫ് ട്രോമ എന്നിവരുടെ സഹകരണത്തോടെയാണിത് പ്രവര്‍ത്തിക്കുന്നത്.

ശബരിമല തീര്‍ഥാടകര്‍ക്ക് സഹാസ് കാര്‍ഡിയോളജി സെന്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍

ഹൃദയം, ശ്വാസകോശം എന്നിവ സംബന്ധമായ അസുഖവും പ്രമേഹം, രക്ത സമ്മര്‍ദം തുടങ്ങിയവും ഉള്ളവര്‍ ശബരിമല യാത്രയ്ക്കു മുന്‍പ് ഡോക്ടറെ കണ്ട് നിര്‍ദേശം തേടണം. സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ മലയ്ക്ക് പോകുമ്പോള്‍ എടുക്കാന്‍ മറക്കരുത്. തിളപ്പിച്ചാറിയ വെള്ളം മലകയറുമ്പോള്‍ കൈയില്‍ കരുതുക. മല ചവിട്ടുമ്പോള്‍ കൂടുതല്‍ വെള്ളം കുടിക്കുക, ഭക്ഷണം മിതമായി മാത്രം കഴിക്കുക. ദൂരയാത്ര ചെയ്ത് എത്തുന്നവര്‍ വിശ്രമിച്ച ശേഷം മാത്രം യാത്ര തുടരുക. പമ്പയില്‍ എത്തിയാല്‍ രക്ത സമ്മര്‍ദം പരിശോധിച്ച് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മല ചവിട്ടുക. മല കയറുമ്പോള്‍ ആവശ്യമുള്ള സമയത്ത് ഇരുന്ന് വിശ്രമിച്ച ശേഷം പതിയെ സന്നിധാനത്ത് എത്തുക. സന്നിധാനത്ത് എത്തിയാല്‍ അസ്വസ്ഥത തോന്നിയാല്‍ ഗവണ്‍മെന്റ് ആശുപത്രി, സഹാസ് കാര്‍ഡിയോളജി സെന്റര്‍, എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തണം. കോവിഡ് രോഗം വന്നിട്ടുള്ളവര്‍ക്ക് പെട്ടെന്ന് അസ്വസ്ഥത വന്നാല്‍ കൂടുതല്‍ ശ്രദ്ധിക്കണം.

 

പരമ്പരാഗത പാത സഞ്ചാരയോഗ്യമാക്കുന്നത് അവസാന ഘട്ടത്തില്‍

പരമ്പരാഗത പാതയായ നീലിമല മുതല്‍ മരക്കൂട്ടം വരെയുള്ള തീര്‍ഥാടന പാത സഞ്ചാരയോഗ്യമാക്കുന്ന ജോലികള്‍ അവസാനഘട്ടത്തില്‍. ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഉപയോഗിക്കുന്നതിനായാണ് മുന്‍കരുതലായി ദേവസ്വം മരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പരമ്പരാഗത പാത സഞ്ചാരയോഗ്യമാക്കുന്നത്.
നീലിമല മുതല്‍ മരക്കൂട്ടം വരെയുള്ള പരമ്പരാഗത പാതയിലെ കാടുവെട്ടിതെളിക്കല്‍ പൂര്‍ത്തിയായി. കല്ലുകളിലെ പായലുകള്‍ പൂര്‍ണമായി നീക്കം ചെയ്തു. നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലുള്ള കാര്‍ഡിയോളജി സെന്ററുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി. നശിച്ചുപോയിരുന്ന ബാരിക്കേഡുകള്‍ പുന:സ്ഥാപിക്കുകയും പെയ്ന്റ് ചെയ്യുകയും ചെയ്തു. നീലിമല മുതല്‍ മരക്കൂട്ടം വരെയുള്ള പാതയിലെ ആറ് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളുടേയും രണ്ട് ടോയ്‌ലറ്റ് ബ്ലോക്കുകളുടേയും അറ്റകുറ്റപണികളും പൂര്‍ത്തിയായിട്ടുണ്ട്. അവസാന ഘട്ട ശുചീകരണ പ്രവര്‍ത്തനത്തിന് വിശുദ്ധി സേനാംഗങ്ങളേയും നിയോഗിച്ചിട്ടുണ്ട്.

ശബരിമലയിലെ നാളത്തെ (26.11.2021) ചടങ്ങുകള്‍

പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. അഭിഷേകം
4.30 ന് …ഗണപതി ഹോമം
5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി മുതല്‍ ഉദയാസ്തമന പൂജ
11.30 ന് 25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ….ദീപാരാധന
7 മണിക്ക് …..പടിപൂജ
9 മണിക്ക് ….അത്താഴപൂജ
9.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

error: Content is protected !!