ശബരിമല : ഏറ്റവും പുതിയ വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (16/11,2021 )

ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്‍റെ അന്നദാനം തുടങ്ങി

കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചു. അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അയ്യപ്പന്മാര്‍ക്ക് പ്രഭാത ഭക്ഷണം വിളമ്പി നിര്‍വഹിച്ചു. മൂന്നു നേരവും ഇവിടെ നിന്നും ഭക്ഷണം ലഭിക്കും. രാവിലെ ഏഴു മുതല്‍ 10 വരെ ഉപ്പുമാവും, കടലയും, ചുക്ക്കാപ്പിയും 10.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ പുലാവും സാലഡും അച്ചാറും ഉള്‍പ്പെടുന്ന ഉച്ചഭക്ഷണവും, വൈകുന്നേരം അഞ്ചു മുതല്‍ ഉപ്പുമാവും, കടലയും, ചുക്ക് കാപ്പിയും ലഭിക്കും.

ബൊഫേ രീതിയിലാണ് ഭക്ഷണം നല്‍കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തുന്നതിനാല്‍ പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ ഗ്ലാസുകളാണ് അന്നദാനത്തിനായി ഉപയോഗിക്കുന്നത്. ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നതാണ് ദേവസ്വം ബോര്‍ഡ് അന്നദാന മണ്ഡപം. നിലവില്‍ ഒരു സ്‌പെഷ്യല്‍ ഓഫീസര്‍ ഉള്‍പ്പെടെ പാചകം ചെയ്യുന്നതിന് 12 പേരും, ക്ലീനിംഗിനും മറ്റ് ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കുമായി 40 പേരും, 12 ദേവസ്വം സ്റ്റാഫുമാണ് ഉള്ളത്. സന്നിധാനത്തെ തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ ആളുകളെ ദൈനംദിന പ്രവര്‍ത്തികള്‍ക്കായി നിയോഗിക്കും.

ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി.എം. തങ്കപ്പന്‍, അഡ്വ. മനോജ് ചരളേല്‍, സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ്, ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര്‍ വാര്യര്‍, അസി. എക്സിക്യൂട്ടീവ് ഓഫീസര്‍ പി.എന്‍. ഗണേശന്‍ പോറ്റി, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ശബരിമലയുടെ ബേസ് ആശുപത്രിയായി പത്തനംതിട്ട ജനറൽ ആശുപത്രി പ്രവർത്തിക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം :തീർത്ഥാടനകാലത്ത് അയ്യപ്പഭക്തർക്ക് സൗകര്യങ്ങളൊരുക്കി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ശബരിമല വാർഡിന്റെ പ്രവർത്തനം ആരംഭിച്ചു. വാർഡിന്റെ പ്രവർത്തനങ്ങൾ നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഇന്ന് വിലയിരുത്തി. ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ, ആർ.എം.ഒ ആശിഷ് മോഹൻ കുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജയകൃഷ്ണൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

വാർഡിൽ 18 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 4 ഐ.സി.യു ബെഡുകളും ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ ചികിത്സ ഉറപ്പുവരുത്താൻ വിദഗ്ധ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാർ, സ്റ്റാഫ് നഴ്സ്, അറ്റന്റർമാർ തുടങ്ങിയ ജീവനക്കാരുടെയും 24 മണിക്കൂർ സേവനം ജനറൽ ആശുപത്രിയിൽ ഉണ്ടാകും.

ശബരിമല വാർഡിന്റെ ഔപചാരികമായ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നിർവഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ അദ്ധ്യക്ഷനായിരുന്നു. ശബരിമലയുടെ ബേസ് ആശുപത്രിയായി പത്തനംതിട്ട ജനറൽ ആശുപത്രി പ്രവർത്തിക്കുമെന്നും ചെയർമാൻ അറിയിച്ചു.

ശബരിമല പ്രസാദ പാക്കിംഗ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി

ശബരിമല സന്നിധാനത്ത് പ്രസാദ പാക്കിംഗ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. പ്രസാദ പാക്കിംഗിന് ഉള്ള പുതിയ യന്ത്രത്തിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. അഭിഷേക നെയ്യ് പായസം, മഞ്ഞള്‍ – കുങ്കുമം, വിഭൂതി തുടങ്ങിയവയുടെ പാക്കിംഗാണ് ഈ സംവിധാനത്തിലൂടെ നിര്‍വഹിക്കുന്നത്. 100 മില്ലി ലിറ്ററിന്റെ പായ്ക്കറ്റുകളിലായാണ് അഭിഷേക നെയ്യ് പ്രസാദം നല്‍കുന്നത്. ചെന്നൈ സ്വദേശികളായ ആനന്ദും വെങ്കിടേശുമാണ് മൂന്നു പാക്കിംഗ് യൂണിറ്റുകള്‍ അയ്യപ്പന് നേര്‍ച്ചയായി സമര്‍പ്പിച്ചത്.

ശബരിമലയിലെ നാളത്തെ (17.11.2021) ചടങ്ങുകള്‍

പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. അഭിഷേകം
4.30 ന് …ഗണപതി ഹോമം
5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി മുതല്‍ ഉദയാസ്തമന പൂജ
11.30 ന് 25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ….ദീപാരാധന
7 മണിക്ക് …..പടിപൂജ
9 മണിക്ക് ….അത്താഴപൂജ
9.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

error: Content is protected !!