ശബരിമല അയ്യപ്പസന്നിധാനം ഭക്തര്‍ക്കായി ഒരുങ്ങി: ഇനി ശരണം വിളിയുടെ നാളുകള്‍

 

ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിന് സന്നിധാനവും പരിസരവും ഒരുങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ജില്ലാ ഭരണ കേന്ദ്രവും വിവിധ വകുപ്പുകളും ചേര്‍ന്നാണ് തീര്‍ത്ഥാടകര്‍ക്കായി ക്രമീകരണങ്ങള്‍ ഒരുക്കിയത്.

സന്നിധാനത്തും പമ്പയിലും മഴ ശക്തമായി പെയ്തത് അവസാനവട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. എന്നാല്‍ മഴയെ അതിജീവിച്ചും അനിവാര്യമായ ക്രമീകരണങ്ങള്‍ ഭക്തര്‍ക്കായി ഒരുക്കിയിട്ടുണ്ട്. സന്നിധാനം ,നടപ്പന്തല്‍ നവീകരണം, നടപ്പന്തല്‍ വൃത്തിയാക്കല്‍, ആരോഗ്യ വകുപ്പിന്റെ ആശുപത്രികളുടെ ക്രമീകരണം, സന്നിധാനത്തെയും പരിസരത്തെയും അപകടകരമായ മരച്ചില്ലകള്‍ മുറിച്ചു മാറ്റല്‍, കുടിവെള്ള വിതരണ കിയോസ്‌ക്, പ്രസാദ വിതരണം, ശുചിമുറി സൗകര്യം, ദര്‍ശനത്തിന് വരിനില്‍ക്കുന്നതിനുള്ള ക്രമീകരണം, സുരക്ഷാ ക്രമീകരണം ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.

രക്ഷാപ്രവര്‍ത്തനത്തില്‍ പ്രാവീണ്യം നേടിയ ഫയര്‍ഫോഴ്‌സിന്റെ സേനാംഗങ്ങളെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി വിന്യസിച്ചു. കേന്ദ്രസേനയായ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും ശബരിമല ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.

അഗ്‌നിശമന വിഭാഗം അഗ്‌നി സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കി. ഭക്തര്‍ക്കുള്ള നെയ്യഭിഷേക പ്രസാദ വിതരണത്തിനും കൂട്ടം തെറ്റിയാല്‍ ഉച്ചഭാഷിണിയിലൂടെ അനൗണ്‍സ്‌മെന്റ് നടത്തുന്നതിനുമുള്ള ക്രമീകരണം ദേവസ്വം ബോര്‍ഡ് ഒരുക്കി. തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ ബസുകളും ജീവനക്കാരെയും കെ എസ് ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ട്.

ശബരിമല സന്നിധാനത്തും പമ്പ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളിലും വൈദ്യുതി മുടങ്ങാതിരിക്കുന്നതിനുള്ള ക്രമീകരണം കെ എസ് ഇ ബി ഒരുക്കി. തീര്‍ഥാടനം ആരംഭിക്കാനിരിക്കെ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ വിഭാഗം അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ പോലീസ് സേനയും ജനങ്ങള്‍ക്ക് സഹായവുമായി രംഗത്തുണ്ട്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഴയെ അവഗണിച്ചും വിവിധ വകുപ്പുകള്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നതില്‍ അഹോരാത്രയജ്ഞമാണ് നടത്തിയത്.

error: Content is protected !!