ശബരിമല തീര്‍ഥാടനം:പോലീസ് നിര്‍ദേശങ്ങള്‍

 

ശബരിമല തീര്‍ഥാടനം:പോലീസ് നിര്‍ദേശങ്ങള്‍
ശബരിമല മണ്ഡല-മകരവിളക്കിനോട് അനുബന്ധിച്ച് എത്തുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ് ജില്ലാ പോലീസ് മേധാവി അറിയിച്ചു. വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്തതിനു ശേഷം കെഎസ്ആര്‍ടിസി യുടെ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തി പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ടതാണ്. സന്നിധാനത്തേക്ക് പോകാതെ വാഹനങ്ങളില്‍ തങ്ങുന്ന ഡ്രൈവര്‍മാര്‍ ഉണ്ടെങ്കില്‍, അങ്ങനെയുള്ള ഫോര്‍ വീലര്‍ വാഹനങ്ങളില്‍ തീര്‍ഥാടകരെ പമ്പയില്‍ ഇറക്കിയതിനു ശേഷം വാഹനം തിരികെ നിലയ്ക്കല്‍ എത്തി പാര്‍ക്ക് ചെയ്യാം.
പമ്പ ഗണപതി കോവിലിലെ നടപ്പന്തലിലെ കൗണ്ടറിലാണ് വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവരുടെ വെരിഫിക്കേഷന്‍ നടത്തുന്നത്. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള യാത്രയില്‍ നീലിമല, അപ്പാച്ചിമേട് പാത ഉപയോഗിക്കാതെ സ്വാമി അയ്യപ്പന്‍ റോഡ് മാത്രം ഉപയോഗിക്കണം. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ താമസിക്കുന്നതിനോ തങ്ങുന്നതിനോ അനുവാദം ഉണ്ടായിരിക്കുന്നതല്ല.
  നിലയ്ക്കല്‍, പമ്പ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യം, പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് രണ്ട് ഡോസ് വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കേറ്റോ 72 മണിക്കൂറിനുള്ളില്‍ ചെയ്ത ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് റിപ്പോര്‍ട്ടോ കയ്യില്‍ കരുതേണ്ടതാണ്. കൃത്രിമ തിക്കും തിരക്കും ഉണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കണം. മോഷണവും പിടിച്ചുപറിയും സൂക്ഷിക്കണം. അയ്യപ്പ ഭക്തരുടെ തോള്‍ സഞ്ചിയില്‍ വിലപിടിപ്പുള്ള വസ്തുക്കളോ പണമോ സൂക്ഷിക്കാന്‍ പാടില്ല. തിരക്കുള്ള സ്ഥലങ്ങളില്‍ അമിത തിരക്കുണ്ടാകുമ്പോള്‍ ബാഗുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ശബരിമല തീര്‍ഥാടനം:
താല്‍ക്കാലിക വഴിവിളക്കുകള്‍
സ്ഥാപിച്ചു

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ സന്നിധാനം, പമ്പ ത്രിവേണി, നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ആവശ്യമായ താല്‍ക്കാലിക വഴിവിളക്കുകള്‍ സ്ഥാപിച്ചതായി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയായി. സന്നിധാനം, പമ്പ-ത്രിവേണി, നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവടങ്ങളില്‍ നിലവിലുള്ള ഇലക്ട്രിക് ലൈനുകളുടേയും പോസ്റ്റുകളുടേയും ട്രാന്‍സ്‌ഫോര്‍മറുകളുടേയും മെയിന്റനന്‍സ് പൂര്‍ത്തിയാക്കി.

സന്നിധാനം, പമ്പ-ത്രിവേണി, നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലും, ഇലക്ട്രിക്കക് ലൈന്‍ കമ്പികളിലേക്കും അനുബന്ധ ഉപകരണങ്ങളിലേക്കും വളര്‍ന്നുനിന്നിരുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റി. എച്ച് ടി കേബിളുകളുടേയും ട്രാന്‍സ്‌ഫോര്‍മറുകളുടേയും ടെസ്റ്റിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് സപ്ലൈ നല്കുന്നതിന് വലിച്ചിട്ടുള്ള 11 കെ.വി. എ.ബി.സിഫീഡര്‍, ആങ്ങമൂഴി 11 കെ.വി ഫീഡര്‍, മൂഴിയാര്‍ 11 കെ.വി.ഫീഡര്‍ ടച്ചിംഗും, അടിക്കാടുകള്‍ വെട്ടിമാറ്റുന്ന ജോലിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയിലെ ട്രാന്‍സ്മിഷന്‍ ഡിവിഷന്റെ നിയന്ത്രണത്തിലുള്ള എല്ലാ സബ്‌സ്റ്റേഷന്‍കളിലേയും ശബരിമല പ്രീ-സീസണ്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി.

ശബരിമലയിലേക്കും അനുബന്ധ പ്രദേശങ്ങളിലേക്കും വൈദ്യുതി നല്കുന്ന ത്രിവേണി 66 കെ.വി. സബ്‌സ്റ്റേഷന്‍ സ്ഥാപിത ശേഷി 8 എം.വി.എ യില്‍നിന്നും 14 എം.വി.എ – ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. 66 കെ.വി ത്രിവേണി സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 66 കെ.വി. പ്രസരണ ലൈനുകളായ ശബരിഗിര- കൊച്ചുപമ്പ, വണ്ടിപ്പെരിയാര്‍- കൊച്ചുപമ്പ, കൊച്ചുപമ്പ, ത്രിവേണി എന്നിവയുടെ പ്രീ സീസണ്‍ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ലൈനുകളിലേക്ക് വളര്‍ന്നു നിന്നിരുന്ന മര ശിഖരങ്ങള്‍ വനംവകുപ്പിന്റെ അനുമതിയോടുകൂടി മുറിച്ചുമാറ്റി.
ലൈന്‍ ഇടനാഴിയില്‍ വളര്‍ന്നു നിന്നിരുന്ന അടിക്കാടുകള്‍ നീക്കംചെയ്യുന്ന പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. തീര്‍ത്ഥാടനകാലത്ത് ആവശ്യമായ ജീവനക്കാരുടെ വിന്യാസവും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

 

 

ഗതാഗത മന്ത്രി ആന്റണി രാജു  (12) പമ്പയില്‍
ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി ഗതാഗത സൗകര്യം വിലയിരുത്തുന്നതിന് (12 വെള്ളി) രാവിലെ 11.30-ന് പമ്പയില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ശബരിമല സന്ദര്‍ശിക്കാന്‍ കഴിയാത്തതിനാല്‍ ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഗതാഗതവും പാര്‍ക്കിംഗ് സംവിധാനവും തയാറാക്കാനുള്ള നടപടികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമലയിലേക്കുള്ള ഗതാഗത സൗകര്യങ്ങളും പാര്‍ക്കിംഗ് ക്രമീകരണങ്ങളും വിലയിരുത്താനാണ് യോഗം ചേരുന്നത്.
പമ്പ ദേവസ്വം ബോര്‍ഡ് ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കെ.യു. ജെനീഷ് കുമാര്‍, ജനപ്രതിനിധികള്‍,
ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം. ആര്‍. അജിത് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, മോട്ടോര്‍ വാഹന വകുപ്പ്, കെഎസ്ആര്‍ടിസി, റോഡ് സേഫ്റ്റി അതോറിറ്റി എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ശബരിമല സേഫ് സോണ്‍ പദ്ധതി ഉദ്ഘാടനം  (12)
   ശബരിമല തീര്‍ഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനായി കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ സഹകരണത്തോടെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആവിഷ്‌കരിച്ച ശബരിമല സേഫ് സോണ്‍ പദ്ധതി (12) രാവിലെ 10.30-ന് ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
കോവിഡ് സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ഥാടകരുടെ യാത്ര അപകട രഹിതവും സുരക്ഷിതവുമാക്കാനുള്ള വിപുലമായ പരിപാടിയാണ് ശബരിമല സേഫ് സോണ്‍ പദ്ധതി.
ഇലവുങ്കലില്‍ നടക്കുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
error: Content is protected !!