അടുത്ത നീറ്റ് പരീക്ഷ റാങ്ക് ലിസ്റ്റിൽ എത്തുന്ന കുട്ടികൾക്ക് കോന്നി മെഡിക്കല്‍ കോളേജില്‍ പ്രവേശനം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷ : മന്ത്രി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നേരിട്ട് സന്ദർശിച്ച് വിലയിരുത്തി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയ്‌ക്കൊപ്പം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി മെഡിക്കൽ കോളേജിൽ എത്തിയത്.

മെഡിക്കൽ കോളേജിലെത്തിയ മന്ത്രി രണ്ടാം ഘട്ട നിർമ്മാണം നടത്തുന്ന സ്ഥലം സന്ദർശിച്ചു.നിർവ്വഹണ ഏജൻസിയായ എച്ച്.എൽ .എൽ ഹൈറ്റ്സ് ഉദ്യോഗസ്ഥരോടും, കരാർ കമ്പനി ജീവനക്കാരോടും നിർമ്മാണം സംബന്ധിച്ച വിവരങ്ങൾ ചോദിക്കുകയും, ആവശ്യമായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു.നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഭൂമിപൂജയ്ക്കായി തയ്യാറാക്കിയ പന്തലിലും മന്ത്രിയും, എം.എൽ.എയും സന്ദർശനം നടത്തി. നിർമ്മാണ സ്ഥലത്ത് വിശദാംശങ്ങൾ രേഖപ്പെടുത്തിയ ബോർഡ് നിർമ്മാണ കമ്പനി സ്ഥാപിച്ചിട്ടുണ്ട് .കൃത്യമായ ഇടവേളകളിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു.

നാഷണൽ മെഡിക്കൽ കൗൺസിൽ മുമ്പാകെ മെഡിക്കൽ കോളേജിൻ്റെ അപേക്ഷ സമർപ്പിക്കുകയും, അത് ഫയലിൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹെൽത്ത് യൂണിവേഴ്സിറ്റിയുടെ പരിശോധനയും നടന്നിട്ടുണ്ട്.അടുത്ത നീറ്റ് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ എത്തുന്ന കുട്ടികൾക്ക് കോന്നിയിൽ പ്രവേശനം നല്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന കിടത്തി ചികിത്സ പുനരാരംഭിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം ആരംഭിക്കുന്നതിനുള്ള പ്രവർത്തനവും വേഗത്തിൽ മുന്നോട്ടു പോകുന്നതായും മന്ത്രി പറഞ്ഞു.

മന്ത്രിയ്ക്കും, എം.എൽ.എയ്ക്കുമൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി, ബ്ലോക്ക് പഞ്ചായത്തംഗം വർഗ്ഗീസ് ബേബി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മണിയമ്മ രാമചന്ദ്രൻ ,ക്ഷേമകാര്യ സമിതി ചെയർമാൻ ശ്രീകുമാർ ,ഗ്രാമപഞ്ചായത്തംഗം ഷീബ സുധീർ തുടങ്ങിയവരും സന്ദർശനത്തിൽ പങ്കെടുത്തു.

error: Content is protected !!