ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ജില്ലയ്ക്ക് മികച്ച വിജയം

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ജില്ലയ്ക്ക് മികച്ച വിജയം

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ പത്തനംതിട്ട ജില്ലയില്‍ പരീക്ഷ എഴുതിയ പഠിതാക്കള്‍ ഉജ്ജ്വല വിജയം നേടി. ജൂലൈയില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ തുല്യതാ പരീക്ഷയില്‍ ആകെ 435 പേര്‍ പരീക്ഷ എഴുതിയതില്‍ 387 പേര്‍ വിജയിച്ചു.

വിജയ ശതമാനം 89. നാല് പരീക്ഷാ കേന്ദ്രങ്ങളായിരുന്നു ജില്ലയിലുള്ളത്. ഒന്‍പത് സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലായി ഓണ്‍ലൈനായി പഠിച്ച് പാതി വഴിയില്‍ കൈവിട്ട വിദ്യാഭ്യാസം തിരികെ പിടിച്ചതിലുള്ള സന്തോഷത്തിലാണ് വിജയികള്‍. തുടര്‍ പഠനത്തിനുള്ള തയാറെടുപ്പിലാണ് അവര്‍.

മല്ലപ്പള്ളി സിഎംഎസ് പഠനകേന്ദ്രത്തില്‍ പഠനം പൂര്‍ത്തിയാക്കി പരീക്ഷ എഴുതിയ എ. അമ്പിളി എല്ലാ വിഷയത്തിലും എ പ്ലസ് നേടി. പെരുമ്പട്ടി പന്നക്കപ്പതാലില്‍ ഓട്ടോ ഡ്രൈവര്‍ അനീഷിന്റെ ഭാര്യയാണ് അമ്പിളി. മല്ലപ്പള്ളി പഠന കേന്ദ്രത്തിലെ തന്നെ പഠിതാവ് എസ്. സോമലത അഞ്ച് എ പ്ലസ് നേടി. ജയിക്കാന്‍ കഴിയാതെ പോയവരില്‍ പലര്‍ക്കും ഒരു വിഷയം മാത്രമാണ് നഷ്ടമായത്. വിജയിക്കാന്‍ കഴിയാതെ പോയവര്‍ക്ക് വീണ്ടും അവസരം ഉണ്ടായിരിക്കുമെന്ന് ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടോജോ ജേക്കബ് അറിയിച്ചു.

error: Content is protected !!