നാല് കിലോയിലധികം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

നാല് കിലോയിലധികം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : തമിഴ്‌നാട്ടില്‍ നിന്നും കൊല്ലം വഴി തിരുവല്ല ഭാഗത്തേക്ക് വില്പനക്കായി കൊണ്ടുവന്ന നാലു കിലോ 200 ഗ്രാം തൂക്കം വരുന്ന കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. ആലപ്പുഴ വള്ളികുന്നം കടുവിനാല്‍ സുമേഷ് ഭവനത്തില്‍ സുമേഷ് (43), കോട്ടയം വെള്ളൂര്‍ ഇരുമ്പയം ഇഞ്ചിക്കാലായില്‍ വീട്ടില്‍ ജോബിന്‍ (26) എന്നിവരെയാണ് ജില്ലാ പോലീസ് ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് ( ഡാന്‍സാഫ് ) കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും പിടികൂടിയത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരം ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍ പ്രദീപ് കുമാറിന് കൈമാറുകയും തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് പ്രതികളെ കുരുക്കിയത്.

രാവിലെ 10.50 ഓടെ കൊല്ലത്തു നിന്നും അടൂരില്‍ കെഎസ്ആര്‍ടിസി ബസിലെത്തിയ ഇവരുടെ കൈവശം രണ്ട് ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തിരുവല്ലയിലെത്തിക്കാനുള്ള യാത്രയിലായിരുന്നു പ്രതികള്‍. പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനെത്തിച്ചതാണ് കഞ്ചാവ്.

ഇപ്പോള്‍ എറണാകുളത്തു താമസിക്കുന്ന സുമേഷ് കോഴിക്കോട് താമരശേരി പോലീസ് സ്റ്റേഷനിലെ ഒരു കൊലപാതക കേസില്‍ പ്രതിയാണ്. പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞിടെ പന്തളത്ത് ലോറിയില്‍ കൊണ്ടുവന്ന രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ജില്ലാ പോലീസ് ഡാന്‍സാഫ് ടീം പിടിച്ചെടുത്തിരുന്നു.

കഞ്ചാവ് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ കടത്ത്, വില്പന, വ്യാജ ചാരായ നിര്‍മാണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ ജില്ലയില്‍ ശക്തമായ റെയ്ഡുകളും പരിശോധനകളും ഊര്‍ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി പറഞ്ഞു. ഡാന്‍സാഫ് ടീമിന്റെ നേതൃത്വത്തില്‍ ഇത്തരം റെയ്ഡുകള്‍ വ്യാപകമാക്കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമില്‍ എസ് ഐ വില്‍സണ്‍, സി പി ഓ മാരായ മിഥുന്‍ ജോസ്, ബിനു, സുജിത്കുമാര്‍ അഖില്‍, ശ്രീരാജ്, രജിത്,ഹരികൃഷ്ണന്‍, പ്രദീപ് കണ്ണന്‍ എന്നിവരുണ്ടായിരുന്നു.അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി പ്രജീഷ്, എസ് ഐ മാരായ വിമല്‍ രംഗനാഥന്‍, സുരേന്ദ്രന്‍ പിള്ള, അജികുമാര്‍, എ എസ് ഐ രഘു, സി പി ഓ മാരായ ജയരാജ്, രാജ്കുമാര്‍, സനല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു.

error: Content is protected !!