ചെങ്ങറ സമരഭൂമിയിൽ അക്രമങ്ങൾ വർധിക്കുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : – ചെങ്ങറ സമര ഭൂമിയിൽ അക്രമങ്ങളും ആത്മഹത്യകളും വർധിക്കുന്നു.സംഭവങ്ങളിൽ നടപടി എടുക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.കഴിഞ്ഞ ദിവസം രാത്രിയിൽ സമര ഭൂമിയിലെ താമസക്കാരിയായ വൃദ്ധയ്ക്ക് നേരേയുണ്ടായ അതിക്രമമാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

ചെങ്ങറ സമര ഭൂമിയിലെ നാൽപ്പത്തഞ്ചാം ശാഖയിലെ താമസക്കാരിയായ സരോജനി(73)ക്ക് നേരെയാണ് ആക്രമണം നടന്നത് .സംഭവം നടന്ന ദിവസം പകൽ സരോജിനിയും സമര ഭൂമിയിലെ ചില ആളുകളുമായി വാക്കുതർക്കങ്ങൾ നിലനിന്നിരുന്നെന്നും തുടർന്ന് അന്ന് രാത്രിയിൽ ഒരു സംഘം ആളുകൾ സരോജനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഇവരെ ആക്രമിക്കുകയും ടോർച്ച് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് പരുക്കേൽപ്പിക്കുകയും ആയിരുന്നു എന്ന് മലയാലപ്പുഴ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സരോജിനി ഇപ്പോൾ അടൂർ ഗവ ആശുപത്രിയിൽ ചികിത്സയിലാണ്.ഇതിന് മുൻപ് സി പി ഐ പ്രവർത്തകയും ഇവിടെ താമസക്കാരിയുമായ ചരുവിളപുത്തൻവീട്ടിൽ പി രമണി തന്‍റെ ഉപജീവനത്തിനായി നിർമ്മിച്ച കട ഒരു സംഘം ആളുകൾ ചേർന്ന് പൊളിച്ച് നീക്കിയ സംഭവത്തിലും ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിട്ടില്ല.

ആക്രമ സംഭവങ്ങൾ കൂടാതെ ദുരൂഹ മരണങ്ങളും ആത്മഹത്യകളും ഇവിടെ വർധിക്കുന്നുണ്ട്. 2019 ജൂലൈ 27നാണ് അപർണ്ണ നിവാസിൽ അപർണ്ണ എന്ന പന്ത്രണ്ട് വയസുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ചത്.ഇതിന് മുൻപ് 2018ലും സേതുഭവനം ശാന്തികൃഷ്ണ എന്ന 24കാരിയേയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.സമര ഭൂമിയിൽ നടക്കുന്ന ചില അക്രമ സംഭവങ്ങൾ പലപ്പോഴും പുറംലോകം അറിയുന്നില്ലെന്നും പറയപ്പെടുന്നു.സമര ഭൂമിയിലെ ക്രമസമാധാന നില വഷളാകുമ്പോഴും വിഷയങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യമുയരുന്നു.

മനോജ് പുളിവേലില്‍ @ ചീഫ് റിപ്പോര്‍ട്ടര്‍ കോന്നി വാര്‍ത്ത

error: Content is protected !!