സബ്‌സിഡിയോടെ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാൻ ജൂലൈ ഒന്നു മുതൽ അപേക്ഷിക്കാം

konnivartha.com : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി (എസ്.എം.എ.എം) യിൽ ജൂലൈ ഒന്നു മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. കാർഷിക യന്ത്രങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെ സബ്‌സിഡി നൽകി യന്ത്രവൽകൃത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.  https://agrimachinery.nic.in/index     എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ പെട്ട ഗുണഭോക്താക്കൾക്ക് മുൻഗണനയുണ്ട്.
കാർഷിക യന്ത്രോപകരണങ്ങൾ കൂടാതെ വിള സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധയിനം ഡ്രയറുകൾ, നെല്ല് കുത്തുന്ന മില്ലുകൾ, ധാന്യങ്ങൾ പൊടിക്കുന്ന യന്ത്രങ്ങൾ, ഓയിൽ മില്ലുകൾ തുടങ്ങിയവയെല്ലാം ലഭ്യമാണ്. വ്യക്തിഗത ഗുണഭോക്താക്കൾക്ക് പദ്ധതി നിബന്ധനകളോടെ 40 മുതൽ 60 ശതമാനം വരെ സബ്‌സിഡി ലഭ്യമാണ്. അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം നിരക്കിൽ പദ്ധതി നിബന്ധനകളോടെ എട്ട് ലക്ഷം രൂപ വരെയും, കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം വരെയും സബ്‌സിഡി ലഭിക്കും.
ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് മെഷീൻ വാങ്ങി കഴിഞ്ഞാൽ അതതു ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്നും ഭൗതിക പരിശോധന നടത്തിയാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം എന്ന മുറയ്ക്കാണ് തെരഞ്ഞെടുക്കുന്നത്. സാമ്പത്തിക സഹായം കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്ന രീതിയായതിനാൽ ഗുണഭോക്താവ് സർക്കാർ ഓഫീസിൽ വരേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുകയോ അടുത്തുള്ള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ കൃഷി ഭവനുമായോ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടാം. ഫോൺ: 8075251014, 9895440373, 9383471799. ഇ-മെയിൽ: smamkerala@gmail.com    .  രജിസ്‌ട്രേഷന് ആവശ്യമായ രേഖകൾ: ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഭുനികുതി അടച്ച രസീത്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് മാത്രം).

കാര്‍ഷിക യന്ത്രവല്‍ക്കരണം സ്മാം പദ്ധതി: പത്തനംതിട്ട ജില്ലയില്‍ വന്‍ പുരോഗതി
 
രജിസ്‌ട്രേഷന്‍ ജൂലൈ ഒന്നു മുതല്‍ 
കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി(സ്മാം)യില്‍ക്കൂടി പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ വര്‍ഷം രണ്ട് കോടി മുപ്പത്തിരണ്ടു ലക്ഷത്തി എഴുപത്തിയയ്യായിരത്തി എണ്ണൂറ്റിരണ്ട് രൂപ 679 ഗുണഭോക്താക്കള്‍ക്ക് സബ്‌സിഡിയായി വിതരണം ചെയ്തു. ഇതില്‍ പൊതുവിഭാഗത്തില്‍ 617, പട്ടികജാതി വിഭാഗത്തില്‍ 59, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 3  ഗുണഭോക്താക്കളാണുള്ളത്.  23 ട്രാക്ടറുകള്‍, 5 വൈക്കോല്‍ കെട്ട് യന്ത്രം, 36 പവര്‍ ടില്ലറുകള്‍, 370 കാട് വെട്ടി യന്ത്രം, 125 മരം മുറിക്കുന്ന യന്ത്രം, 36 പമ്പ്‌സെറ്റുകള്‍, 7 ഭക്ഷ്യ സംസ്‌കരണ യന്ത്രങ്ങള്‍ മുതലായവയാണ് പ്രധാനമായും വിതരണം ചെയ്തിട്ടുള്ളത്.  ഇതുകൂടാതെ മൂന്ന് കര്‍ഷക കൂട്ടായ്മകള്‍ക്ക് പതിനാറ് ലക്ഷം രൂപയും വിതരണം ചെയ്തിട്ടുണ്ട്.
കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി(സ്മാം)യില്‍ നടപ്പുവര്‍ഷം ജൂലൈ ഒന്നു മുതല്‍ ജില്ലയിലും രജിസ്‌ട്രേഷന്‍ ആരംഭിക്കും. കര്‍ഷകര്‍ക്ക് agrimachinery.nic.in എന്ന വെബ്‌സൈറ്റില്‍ക്കൂടി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഇതിനുവേണ്ടി ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, കരം ഒടുക്കിയ രസീത്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകള്‍ ആവശ്യമാണ്.  എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം കൂടി ആവശ്യമാണ്. ചെറുകിട നാമമാത്രകര്‍ഷകര്‍, വനിതകള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഈ പദ്ധതിയില്‍ ആനുകൂല്യം ലഭിക്കും.  ഇവര്‍ക്ക് സാധാരണ കാര്‍ഷിക ഉപകരണങ്ങള്‍ക്ക് 50 ശതമാനവും ഭക്ഷ്യ സംസ്‌കരണ ഉപകരണങ്ങള്‍ക്ക് 60 ശതമാനവും (നിബന്ധനകളോടെ) സബ്‌സിഡി അനുവദിക്കും.  ഈ വിഭാഗങ്ങളില്‍ അല്ലാത്തവര്‍ക്ക് യഥാക്രമം 40%, 50% നിരക്കിലും സബ്‌സിഡി ലഭിക്കും.
അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍, അംഗീകൃത പാടശേഖരസമിതികള്‍, കാര്‍ഷിക കര്‍മ്മസേനകള്‍ തുടങ്ങിയവയ്ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പരമാവധി അടങ്കല്‍ 10 ലക്ഷം രൂപ വരെയുള്ള പ്രോജക്റ്റുകള്‍ക്ക് 80 % വരെയും നിബന്ധനകളോടെ സബ്‌സിഡി അനുവദിക്കും. കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനു സംരംഭകര്‍ക്ക് പരമാവധി 40 % വരെ സബ്‌സിഡി നല്‍കും. പൂര്‍ണമായും ഓണ്‍ലൈനായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ പോകാതെ തന്നെ നേരിട്ട് രജിസ്‌ട്രേഷന്‍, അപേക്ഷ സമര്‍പ്പിക്കല്‍, ഡീലറെ തിരഞ്ഞെടുക്കല്‍ എന്നിവ പൂര്‍ത്തിയാക്കി തുക ഒടുക്കി  ഉപകരണം സ്വന്തമാക്കാം. ബില്‍ ഓണ്‍ലൈനായി ബന്ധപ്പെട്ട ഓഫീസിലേക്ക് അയയ്ക്കുകയും അവിടെ നിന്നും ഉദ്യോഗസ്ഥര്‍ ഭൗതിക പരിശോധനയ്ക്കായി ഗുണഭോക്താവിനെ സമീപിക്കുന്നതും അതിനുശേഷം അനുവദനീയമായ സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ആനുകൂല്യം ലഭിക്കുന്നത്.
ഒരു ഗുണഭോക്താവിന് ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ഉപകരണങ്ങള്‍ മാത്രമാണ് അനുവദിക്കുന്നത്. ഈ ഉപകരണങ്ങള്‍ തുടര്‍ന്നു വരുന്ന മൂന്നു വര്‍ഷങ്ങളില്‍ വീണ്ടും അനുവദിക്കുന്നതല്ല. പദ്ധതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അംഗീകരിച്ചിട്ടുളള വിതരണക്കാരില്‍ നിന്ന് മാത്രമേ മുന്‍ഗണനാടിസ്ഥാനത്തില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുവാന്‍ കഴിയുകയുള്ളു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ജില്ലയിലെ കൃഷി അസി.എക്‌സി. എഞ്ചിനീയര്‍, പന്തളം കടയ്ക്കാട് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പരുകള്‍:  കൃഷി അസി. എക്‌സി. എഞ്ചിനീയര്‍: 8281211692, ടെക്‌നിക്കല്‍ അസിസ്റ്റന്റ്: 8606144290, 9400392685.
error: Content is protected !!