സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരവുമായി കാതോര്‍ത്ത് പദ്ധതി

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരവുമായി കാതോര്‍ത്ത് പദ്ധതി

konnivartha.com : സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണാന്‍ വനിതാ ശിശുവികസന വകുപ്പിന്റെ കാതോര്‍ത്ത് പദ്ധതി കൗണ്‍സിലിംങ്ങ്, നിയമസഹായം, പോലീസ് സഹായം എന്നിവ ഈ പദ്ധതി പ്രകാരം ലഭ്യമാകും. സേവനം ആവശ്യമായ സ്ത്രീകള്‍ക്ക്kathorthu.wcd.kerala.gov.in  എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് 48 മണിക്കൂറിനുള്ളില്‍ തന്നെ ഓണ്‍ലൈന്‍ സേവനം ലഭ്യമാകും. ജില്ലാ വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ ശക്തി കേന്ദ്ര വഴിയാണ് പത്തനംതിട്ട ജില്ലയില്‍ സേവനം നല്കുന്നത്. മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതിയാണ് കാതോര്‍ത്ത്.

നിങ്ങള്‍ ചെയ്യേണ്ടത്

സേവനം ആവശ്യമായ സ്ത്രീകള്‍ക്ക് kathorthu.wcd.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. മഹിള ശക്തി കേന്ദ്ര ടീം കൗണ്‍സിലിംങ്ങ്, നിയമസഹായം, പോലീസ് സഹായം എന്നിവ തരം തിരിച്ച് ബന്ധപ്പെട്ട കണ്‍സള്‍ട്ടന്റുമാര്‍ക്ക് കൈമാറുകയും സേവനം ആവശ്യപ്പെട്ടിരിക്കുന്ന സമയംതന്നെ ഓണ്‍ലൈനായി സേവനം എത്തിക്കുകയും ചെയ്യുന്നു. വീഡിയോ കണ്‍സള്‍ട്ടേഷന്‍ ആയതിനാല്‍ സൂം പോലെയുള്ള സുരക്ഷിത വീഡിയോ കോണ്‍ഫറന്‍സ് ആപ്ലിക്കേഷന്‍ വഴിയാണു സേവനം ലഭ്യമാക്കുക. രജിസ്‌ട്രേഷന്‍ സമയത്തുതന്നെ അപേക്ഷകര്‍ക്ക് എസ്എംഎസ്, ഇമെയില്‍ അിറയിപ്പുകള്‍ ലഭിക്കും. അപേക്ഷകരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
സ്ത്രീകളുടെ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കാതോര്‍ത്ത് പദ്ധതിയിലൂടെ സാധിക്കുമെന്നും കൂടുതല്‍ സ്ത്രീകള്‍ ഈ സേവനം പ്രയോജനപ്പെടുത്തണമെന്നും സേവനം നല്കുന്നതിനായി ജില്ലയില്‍ സൈക്കോളജിസ്റ്റ്, സൈക്കോ സോഷ്യല്‍ കൗണ്‍സിലേഴ്‌സ്, സോഷ്യല്‍ വര്‍ക്കേഴ്‌സ്, അഭിഭാഷകര്‍ ഉള്‍പ്പെടെ 14 കണ്‍സള്‍ട്ടന്റുമാര്‍ ലഭ്യമാണെന്നും ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.എസ് തസ്‌നീം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2966649, 8330862021 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

വനിതകളുടെ രക്ഷക്കായ് രക്ഷാദൂത്

ഗാര്‍ഹിക പീഡനത്തില്‍ നിന്നു സ്ത്രീകളെ രക്ഷിക്കാനുള്ള വനിതാശിശുവികസന വകുപ്പിന്റെ പദ്ധതിയാണു രക്ഷാദൂത്. തപാല്‍ വകുപ്പുമായി ചേര്‍ന്നാണു രക്ഷാദൂത് പദ്ധതി നടപ്പിലാക്കുന്നത്. അതിക്രമങ്ങളില്‍പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലളിതമായി പരാതിപ്പെടാനുള്ള പദ്ധതിയാണിത്.

അതിക്രമത്തിനിരയായ വനിതകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ പദ്ധതി പ്രയോജനപ്പെടുത്താം. അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി ‘തപാല്‍’ എന്ന കോഡ് പറഞ്ഞാല്‍ പോസ്റ്റ് മാസ്റ്റര്‍/ പോസ്റ്റ് മിസ്ട്രസിന്റെ സഹായത്തോടുകൂടിയോ അല്ലാതെയോ പിന്‍കോഡ് സഹിതമൂള്ള സ്വന്തം മേല്‍വിലാസം എഴുതിയ പേപ്പര്‍ ലെറ്റര്‍ ബോക്‌സില്‍ നിക്ഷേപിക്കാം. വെള്ള പേപ്പറില്‍ പൂര്‍ണമായ മേല്‍വിലാസം എഴുതി പെട്ടിയില്‍ നിക്ഷേപിക്കുമ്പോള്‍ കവറിനു പുറത്ത് ‘തപാല്‍’ എന്ന് രേഖപ്പെടുത്തണം. സ്റ്റാമ്പ് പതിക്കേണ്ടതില്ല.

ഇത്തരത്തില്‍ ലഭിക്കുന്ന മേല്‍വിലാസം എഴുതിയ പേപ്പറുകള്‍ പോസ്റ്റ് മാസ്റ്റര്‍/പോസ്റ്റ് മിസ്ട്രസ് സ്‌കാന്‍ ചെയ്ത് വനിതാ ശിശു വികസന വകുപ്പിന് ഈ – മെയില്‍ വഴി അയച്ചു കൊടുക്കും. ഗാര്‍ഹികാതിക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ അതാത് ജില്ലകളിലെ വനിതാസംരക്ഷണ ഓഫീസര്‍മാരും കുട്ടികള്‍ക്കെതിരെയുള്ള പരാതികള്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍മാരും അന്വേഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.
സര്‍ക്കിള്‍ പോസ്റ്റ് മാസ്റ്റര്‍ ജനറലുമായി വനിതാശിശുവികസന വകുപ്പ് ഒപ്പുവച്ച ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തിലാണു പദ്ധതി നടപ്പിലാക്കുന്നത്. പരാതികള്‍ എഴുതാന്‍ കഴിയാത്തവരെപ്പോലും പീഡനങ്ങളില്‍ നിന്നു രക്ഷപെടുത്താന്‍ സഹായിക്കുകയെന്ന ഉദ്ധേശത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. മേല്‍വിലാസം മാത്രം രേഖപ്പെടുത്തിയാല്‍ മതിയെന്നതിനാല്‍ പരാതിയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട മഹിള ശക്തികേന്ദ്രയുമായി ബന്ധപ്പെടുക. ഫോണ്‍: 8330862021, 0468-2329053.

ശൈശവവിവാഹം തടയാന്‍ പൊന്‍വാക്ക്

ശൈശവവിവാഹം തടയാന്‍ വേണ്ടി വനിതാശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് പൊന്‍വാക്ക്. ഈ പദ്ധതിപ്രകാരം ശൈശവവിവാഹം ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്‍കൂട്ടി വിവരം അറിയിക്കാം. വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. അറിയിപ്പ് നല്കുന്ന വ്യക്തിയുടെ വിവരം രഹസ്യമായി സൂക്ഷിക്കും. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 0468-2966649

error: Content is protected !!