ദോഹയില്‍ നടുകടലിൽ മുങ്ങിയവർക്ക് രക്ഷകരായി കോന്നി നിവാസി ഉള്‍പ്പെടെ നാല് മലയാളി യുവാക്കൾ

Spread the love

ദോഹയില്‍ നടുകടലിൽ മുങ്ങിയവർക്ക് രക്ഷകരായി കോന്നി നിവാസി ഉള്‍പ്പെടെ നാല് മലയാളി യുവാക്കൾ

അഗ്നി ആഗ്നസ് @കോന്നി വാര്‍ത്ത ഡോട്ട് കോം

കോന്നി വാര്‍ത്ത ഡോട്ട് കോം : (konnivartha.com ) ദോഹയിൽ നടു കടലിൽ അപകടത്തിൽപ്പെട്ട രണ്ട് ഈജിപ്തുകാർക്കും ഒരു ജോർദാൻകാരനും രക്ഷകരായത് കോന്നി നിവാസി ഉള്‍പ്പെടുന്ന നാല് മലയാളി യുവാക്കൾ.

ഏതാനും ദിവസം മുന്നേ ദോഹ വക്‌റയില്‍ നിന്ന് ജാങ്കോ എന്ന സ്വകാര്യ ബോട്ടില്‍ ഉല്ലാസത്തിന് മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു കോന്നി എബനൈസര്‍ ഫുഡ് വെയര്‍ ഉടമ പരേതനായ കെ പി ജോണിന്‍റെ മകന്‍ കൊച്ചു പറമ്പിൽ ടൈറ്റസ് ജോൺ ഉള്‍പ്പെടെയുള്ള മലയാളി യുവാക്കൾ. ടൈറ്റസ് ജോണും ചെങ്ങന്നൂര്‍ വെൺമണി മഞ്ചാടി നിൽക്കുന്നതിൽ സിജോ ജോമോൻ , ഇളയസഹോദരന്‍ ജോണ്‍സി ജോമോൻ , കോഴിക്കോട് സ്വദേശി ഫാസിൽ എനീ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് കടലിൽ ഉല്ലാസ യാത്രയ്ക്ക് പോയത്.

ഇൻഡ്യൻ സമയം രാവിലെ പത്ത് മണിക്ക് കടലിലേക്ക് യാത്രയാരംഭിച്ചു. 14 കിലോമീറ്റർ സഞ്ചരിച്ച് ഉൾകടലിൽ എത്തിയപ്പോഴാണ് ദൂരെ കടലില്‍ എന്തോ പൊങ്ങിക്കിടക്കുന്നതായി നാല്‍വര്‍ സംഘം കണ്ടത്. തുടർന്ന് ഇവർ സഞ്ചരിച്ച ബോട്ട് അടുത്ത് ചെന്നപ്പോഴാണ് ലൈഫ് ജാക്കറ്റുകളിട്ട മൂന്ന് പേര്‍ വെള്ളത്തില്‍ കിടക്കുന്നതായി കണ്ടത്. തൊട്ടടുത്ത് ഇവരുടെ ബോട്ട് തകര്‍ന്ന് പൂര്‍ണമായും മുങ്ങിക്കിടപ്പുണ്ടായിരുന്നു. ബോട്ടിന്റെ പെട്രോള്‍ ടാങ്കിലും മറ്റും പിടിച്ചാണ് ഇവര്‍ കിടന്നിരുന്നത്.

അവരുടെ അടുക്കലേക്ക് എത്തിയ നാൽവർ സംഘം ഇവര്‍ക്ക് കയര്‍ എറിഞ്ഞ് കൊടുത്ത് ബോട്ടിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. മീന്‍പിടിത്തത്തിന് ഇറങ്ങിയ രണ്ട് ഈജിപ്തുകാരും ഒരു ജോര്‍ദാന്‍കാരനുമാണ് അപകടത്തില്‍പ്പെട്ടത്. കടലിലെ വെള്ളത്തിന്‍റെ ചൂടും സൂര്യപ്രകാശത്തിന്‍റെ ചൂടും നിമിത്തം അവർ വളരെ തളർന്ന അവസ്ഥയിലായിരുന്നു. ഇവരുടെ മൊബെൽ ഫോണുകളും വെള്ളത്തിൽ നഷ്ടപ്പെട്ടിരുന്നു. മലയാളി യുവാക്കല്‍ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വിവരമറിയിച്ചു. അവര്‍ കോസ്റ്റ്ഗാര്‍ഡുമായി ബന്ധപ്പെടുകയും സംഭവസ്ഥലത്ത് കുതിച്ചെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.

അപകടം നടന്ന 20 മിനിറ്റിന് ശേഷമാണ് തങ്ങള്‍ സ്ഥലത്തെത്തിയതെന്ന് കോന്നി നിവാസി ടൈറ്റസ് ജോൺ പറഞ്ഞു. വക്‌റയില്‍ നിന്ന് 12 കിലോമീറ്റര്‍ കടലിന് ഉള്ളിലാണ് സംഭവം നടന്നത്. അപകടത്തില്‍പ്പെട്ടവര്‍ വിസിലടിച്ച് ശബ്ദമുണ്ടാക്കിയിരുന്നെങ്കിലും പരിസരത്തൊന്നും വേറെ ആരും ഉണ്ടായിരുന്നില്ല.മരണത്തോട് മല്ലടിച്ച് മുങ്ങി കിടന്ന മൂന്ന് പേരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുവാൻ സാധിച്ച സന്തോഷത്തിലാണ് മലയാളി യുവാക്കള്‍ . സുഹൃത്തുക്കളായ നാലു പേരും ഖത്തറിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ്.നാല്‍വര്‍ സംഘത്തിന് “കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ അഭിനന്ദനങ്ങള്‍

 

error: Content is protected !!