കലഞ്ഞൂര്‍ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി

 

കോന്നി വാര്‍ത്ത ഡോട്ട് കോം :കലഞ്ഞൂർ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. ഇതിനായി പഞ്ചായത്ത് തല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം നിയുക്ത എം.എൽ.എ അഡ്വ.കെ.യു.ജനീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ചേർന്നു.

വാർഡ്തല ജാഗ്രതാ സമിതിയുടെ പ്രവർത്തനം കൂടുതൽ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി സജീവമാക്കും. രോഗബാധിത കുടുംബങ്ങളിൽ ഭക്ഷണം എത്തിക്കുന്നതിനും തീരുമാനമായി.ഇതിനായി ജനകീയ ഹോട്ടൽ, സാമൂഹിക അടുക്കള എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജിൽ സി.എഫ്.എൽ.റ്റി.സി പ്രവർത്തനം ഉടൻ പുനരാരംഭിക്കാനും തീരുമാനമായി.ഡൊമിസിലറി കെയർ സെൻ്റർ ആയി കൂടൽ ഗവ.എൽ.പി.സ്കൂളിനെ സജ്ജമാക്കി.

24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് വാർ റൂം പഞ്ചായത്തിലെ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കുന്നുണ്ട്. രോഗം ബാധിച്ചവർക്ക് ആംബുലൻസ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷകളും, ടാക്സികളും കൂടുതൽ യാത്രാ ക്രമീകരണങ്ങൾക്കായി ഉപയോഗിക്കാനും യോഗത്തിൽ തീരുമാനമായി.

വാർഡ്തല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി മാത്രമേ കോവിഡ് വ്യാപന നിയന്ത്രണം സാധ്യമാക്കാൻ കഴിയുവെന്ന് ജനീഷ് കുമാർ പറഞ്ഞു. വാർഡ്തല സമിതികൾ വയോജനങ്ങളുടെയും, കിടപ്പു രോഗികളുടെയും, രോഗബാധിത കുടുബങ്ങളുടെയും ലിസ്റ്റ് പ്രത്യേകം തയ്യാറാക്കണം. പ്രൈമറി കോൺടാക്റ്റ് ലിസ്റ്റും തയ്യാറാക്കി നിരീക്ഷണം ശക്തമാക്കണം. വാർഡിലെ ജനങ്ങൾക്ക് എന്തു സഹായം ആവശ്യമുണ്ടെങ്കിലും എത്തിക്കാൻ കഴിയുന്ന നിലയിലേക്ക് വാർഡുതല പ്രവർത്തനം മാറണമെന്നും ജനീഷ് കുമാർ പറഞ്ഞു.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി.പുഷ്പവല്ലി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആശ സജി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.പി.സജൻ, കെ.സോമൻ, പോലീസ്, ആരോഗ്യ, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!