ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കരുത് : കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി

 

ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടവരുടെ പേര് സമര്‍പ്പിക്കാന്‍ എംപിമാര്‍ക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ നിര്‍ദേശം. സാധ്യതാ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളും കെപിസിസി അധ്യക്ഷന് നല്‍കണം. സംഘടനാ സംവിധാനം കൂടുതല്‍ ശക്തമാക്കിയതിന് ശേഷമേ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാവൂ എന്ന് എഐസിസി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

അന്തിമ സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രഖ്യാപനവും തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം മതിയെന്ന അഭിപ്രായമാണ് കെപിസിസിയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഉയര്‍ന്നത്. പാര്‍ട്ടി തീരുമാനത്തിന് മുന്‍പ് ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് രംഗത്തിറങ്ങരുതെന്നാണ് ഉമ്മന്‍ചാണ്ടി അധ്യക്ഷനായ തെരഞ്ഞെടുപ്പ് സമിതിയുടെ കര്‍ശന നിര്‍ദേശം.

നിയമസഭ സീറ്റുകളില്‍ പരിഗണിക്കേണ്ടവരുടെ പേരുകള്‍, മാനദണ്ഡങ്ങള്‍ എന്നിവ എംപിമാരും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളും നിര്‍ദേശങ്ങളായി സമര്‍പ്പിക്കണം. എംപിമാര്‍ കുറഞ്ഞത് അഞ്ച് മണ്ഡലങ്ങളിലെങ്കിലും കൃത്യമായ പ്രവര്‍ത്തനം നടത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

error: Content is protected !!