കോന്നി ഗവ.മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

 

കോന്നി വാര്‍ത്ത :ഗവ.മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജിൽ അവലോകന യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തി.

ഒന്നാം ഘട്ടമായി നൂറ് കിടക്കകളോടുകൂടി ഫെബ്രുവരി 8 നു് കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടന്നു വരുന്നത്.ആരോഗ്യ മന്ത്രി നേരിട്ടെത്തിയാണ് കിടത്തി ചികിത്സ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.
കിടത്തി ചികിത്സയ്ക്ക് ആവശ്യമായ കട്ടിലും,കിടക്കകളും മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിൽ നിന്നും എത്തിച്ചു കഴിഞ്ഞതായി സൂപ്രണ്ട് യോഗത്തെ അറിയിച്ചു.

ജനുവരി 30 ന് മുൻപായി ഐ.സി.യു ബഡ്, ഫർണിച്ചറുകൾ ഉൾപ്പടെയുള്ള അനുബന്ധ ഉപകരണങ്ങൾ എത്തിക്കുമെന്ന് കെ.എം.എസ്.സി.ൽ മാനേജർ യോഗത്തെ അറിയിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി കാരുണ്യ കിയോസ്ക് ആശുപത്രി കവാടത്തിൽ സ്ഥാപിച്ചു കഴിഞ്ഞു.

ആശുപത്രിയ്ക്കുള്ളിൽ തന്നെ കാരുണ്യ ഫാർമസി ആരംഭിക്കാൻ അനുവാദം നല്കിയിരുന്നു.ഇതിൻ്റെ നിർമ്മാണം പുരോഗമിക്കുകയാണ്. കുറഞ്ഞ നിരക്കിൽ മരുന്ന് ലഭ്യമാക്കുന്ന കാരുണ്യ ഫാർമസി ഈ മാസം തന്നെ നിർമ്മാണം പൂർത്തീകരിക്കുമെന്നും കെ.എം.എസ്.സി.എൽ മാനേജർ പറഞ്ഞു.
ബി.എസ്.എൻ.എൽ ടവറിന് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള തീരുമാനവും യോഗത്തിൽ ഉണ്ടായി.ഇതിനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും, ബി.എസ്.എൻ.എലുമായി കരാർ ഒപ്പിടും.
ആരോഗ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൻ്റെ തീരുമാനപ്രകാരം ഹൈടെൻഷൻ കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള 2.4 കോടി രൂപ ഇലക്ട്രിസിറ്റിബോർഡിന് ഉടൻ കൈമാറും.ഇതിനായുള്ള നടപടികൾ പൂർത്തീകരിച്ചു വരുന്നതായി പ്രിൻസിപ്പാൾ യോഗത്തെ അറിയിച്ചു.
ഹൈടെൻഷൻ കണക്ഷൻ നല്കുന്നതിനാവശ്യമായ ഉപകരണങ്ങൾ എത്തിച്ചു തുടങ്ങിയതായി ഇലക്ട്രിസിറ്റി എക്സി.എഞ്ചിനീയർ യോഗത്തിൽ പറഞ്ഞു.
എക്സറേ മെഷീൻ സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഈ മാസം തന്നെ എക്സറേ മെഷീൻ എത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു.ഓട്ടോ അനലൈസർ, അൾട്രാസൗണ്ട് സ്കാനർ തുടങ്ങിയവയും ഇതോടൊപ്പം എത്തും.

ദന്തരോഗ വിഭാഗം ഉടൻ പ്രവർത്തനം ആരംഭിക്കാൻ യോഗം തീരുമാനിച്ചു.ഈ മാസം തന്നെ ഒ.പി. പ്രവർത്തനം ഉദ്ഘാടനം ചെയ്യും. ദന്തൽ ചെയർ ഉടൻ തന്നെ എത്തിച്ചേരും.
നിലവിൽ ഓഫീസ് പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന ഭാഗം കൂടുതൽ ഒ.പി. ആരംഭിക്കുന്നതിനായി വിട്ടുകൊടുത്തു. ഓഫീസ് പ്രവർത്തനത്തിന് വേറെ സ്ഥലം കണ്ടെത്തി ഫർണിഷിംഗ് ജോലികൾ പൂർത്തിയാക്കിയതിനാൽ ഓഫീസ് അവിടേയ്ക്ക് മാറ്റി സ്ഥാപിച്ചു.

കിടത്തി ചികിത്സ ആരംഭിക്കുന്നതിനായി നിരന്തര ഇടപെടലുകളാണ് നടത്തി വരുന്നതെന്ന് എം.എൽ.എ പറഞ്ഞു.ആരോഗ്യ മന്ത്രിയുടെ ഓഫീസ് നിരന്തരമായി പ്രവർത്തനങ്ങൾ നിരീക്ഷിച്ച് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. മുഖ്യമന്ത്രിയും കൃത്യമായ ഇടവേളകളിൽ പുരോഗതി റിപ്പോർട്ട് തേടുന്നുണ്ട്. സർക്കാർ നൽകുന്ന അകമഴിഞ്ഞ പിൻതുണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വളരെയധികം സഹായകരമാണെന്നും എം.എൽ.എ പറഞ്ഞു.

യോഗത്തിൽ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡൻ്റ് മണിയമ്മ രാമചന്ദ്രൻ ,പ്രിൻസിപ്പാൾ ഡോ: സി.എസ്.വിക്രമൻ, സൂപ്രണ്ട് ഡോ: സജിത്കുമാർ, കെ.എസ്.ഇ.ബി.എക്സി.എഞ്ചിനീയർ കെ.സന്തോഷ്, കെ.എം.എസ്.സി.എൽ മാനേജർ കല.വൈ.പവിത്രൻ, ബി.എസ്.എൻ.എൽ ഡിവിഷണൽ എഞ്ചിനീയർ അനിൽ ,സബ്ഡിവിഷണൽ എഞ്ചിനീയർമാരായ ഗീവർഗീസ്, മഹേഷ്, എൻ.എച്ച്.എം ബയോ മെഡിക്കൽ എഞ്ചിനീയർ റ്റി.എ.ഷൈല, എച്ച്.എൽ.എൽ ചീഫ് പ്രൊജക്ട് മാനേജർ ആർ.രതീഷ് കുമാർ, ഡപ്യൂട്ടി മാനേജർ രോഹിത് ജോസഫ് തോമസ്, സിവിൽ വിഭാഗം പ്രൊജക്ട് എഞ്ചിനീയർ എസ്.സുമി തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!