ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടത്തി

 

കോന്നി വാര്‍ത്ത : ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്നുമുള്ള എഴുന്നള്ളത്തുകള്‍ സമാപിച്ചു. തിങ്കളാഴ്ച്ച ശരംകുത്തിയിലേക്ക് അവസാന ദിവസത്തെ എഴുന്നള്ളത്ത് നടത്തി. അത്താഴപൂജക്ക് ശേഷം മാളികപ്പുറത്ത് നിന്നും പുറപ്പെട്ട എഴുന്നള്ളത്തില്‍ പന്തളം കൊട്ടാരത്തില്‍ നിന്നുള്ള രാജപ്രതിനിധികളും പങ്കെടുത്തു. തിരുവാഭരണ വിഭൂഷിതനായ ശാസ്താവിന്റെ സങ്കല്‍പ്പത്തിലുള്ളതിടമ്പുമായാണ് എഴുന്നള്ളത്ത് നടത്തിയത്.

മാളികപ്പുറം മേല്‍ശാന്തി രജില്‍ നീലകണ്ഠന്‍ നമ്പൂതിരിയാണ് എഴുന്നള്ളത്തിന് ഉപയോഗിച്ച തിടമ്പ് പൂജിച്ച് കൈമാറിയത്.തിരുവാഭരണപ്പെട്ടിയോടൊപ്പം കൊണ്ടുവന്ന കൊടിപ്പെട്ടിയിലെ കൊടി, തിടമ്പ്, കുട എന്നിവയുള്‍പ്പെടെ വാദ്യഘോഷങ്ങളോടെ വര്‍ണ്ണശബളമായായിരുന്നു ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. മിക്ക വര്‍ഷങ്ങളിലും എഴുന്നള്ളത്തിന് ആനയുണ്ടാവാറുണ്ടെങ്കിലും ഇത്തവണയില്ലായിരുന്നു. എഴുന്നള്ളത്ത് സമാപിച്ച ശേഷം അവിടെ വച്ച് നായാട്ട് വിളിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളും തീവെട്ടികളും കെടുത്തിയാണ് മാളികപ്പുറത്തെ മണിമണ്ഡപത്തില്‍ തിരിച്ചെത്തിയത്.

error: Content is protected !!