കോന്നിയില്‍ സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജീവനൊടുക്കിയ സംഭവം: പ്രാദേശിക നേതൃത്വത്തിനെതിരെ കുടുംബം

 

കോന്നിയില്‍ സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഓമനക്കുട്ടന്‍ ആത്മഹത്യ ചെയ്തത് നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നാണെന്ന് ഭാര്യ. തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി തോറ്റതിനെ തുടര്‍ന്ന് പ്രാദേശിക നേതാക്കള്‍ ഓമനക്കുട്ടനെ കൈയ്യേറ്റം ചെയ്‌തെന്നും രാധ പറയുന്നു . കോന്നി വട്ടക്കാവ് സ്വദേശി സി.കെ. ഓമനക്കുട്ടനെ ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

രാവിലെ ഭാര്യ നടക്കാന്‍ പോയി തിരിച്ചെത്തിയപ്പോഴാണ് വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ ഓമനക്കുട്ടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോന്നി മുന്‍ ഏരിയ കമ്മറ്റി അംഗവും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ആയിരുന്ന ഓമനക്കുട്ടന്‍ ഒരു വര്‍ഷത്തോളമായി പാര്‍ട്ടിയില്‍ സജീവമല്ല. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം.

പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നില്‍ ഓമനക്കുട്ടന്‍ ആണെന്ന് പ്രചരിപ്പിക്കുകയും അതിനെ തുടര്‍ന്ന് ഒരിക്കല്‍ കൈയ്യേറ്റ ശ്രമം ഉണ്ടായതായും കുടുംബം പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പാര്‍ട്ടി നിയന്ത്രണത്തില്‍ ഉള്ള സൊസൈറ്റിയുടെ പണ പിരിവ് കാരനായിരുന്നു ഓമനകുട്ടന്‍ .

 

പാര്‍ട്ടിക്കെതിരേയുള്ള കുടുംബത്തിന്റെ ആരോപണങ്ങള്‍ കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാല്‍ നിഷേധിച്ചു.പ്രാദേശിക പാര്‍ട്ടി നേതൃത്വവും ഓമനക്കുട്ടനുമായി എതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി തന്റെ അറിവിലില്ലെന്ന് ഏരിയാ സെക്രട്ടറി ഒരു മാധ്യമത്തോട് പറഞ്ഞു . ഇതുമായി ബന്ധപ്പെട്ട് ഓമനക്കുട്ടനും ഭാര്യയും തന്നെവന്നു കണ്ടിരുന്നു. വിഷയത്തിലെ നിജസ്ഥിതി പരിശോധിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും ശ്യാംലാല്‍ പറയുന്നു .

error: Content is protected !!