കോന്നി മണ്ഡലത്തിലെ 8 ആശുപത്രിയ്ക്ക് 8 ആംബുലന്‍സ്സ് വിതരണം ചെയ്യുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിലെ ആരോഗ്യമേഖലയെ ശാക്തീകരിക്കാൻ കരുതൽ സ്പർശം എന്ന പദ്ധതി നടപ്പിലാക്കുമെന്നും, ഇതിന്‍റെ ഭാഗമായി നിയോജക മണ്ഡലത്തിലെ എട്ട് ആരോഗ്യ സ്ഥാപനങ്ങൾക്ക് ആംബുലൻസ് വിതരണം ചെയ്യുമെന്നും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.

ഞായറാഴ്ച രാവിലെ 11 മണിക്ക് കോന്നി ചന്തമൈതാനിയിൽ നടക്കുന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പദ്ധതി ഉദ്ഘാടനം നിർവ്വഹിക്കുകയും, ആംബുലൻസ് വിതരണം നടത്തുകയും ചെയ്യും. എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 1.13 കോടി മുടക്കിയാണ് ആംബുലൻസ് നല്കുന്നത്.

കോന്നി താലൂക്ക് ആശുപത്രിയ്ക്ക് ഉൾപ്പടെ ബഹുഭൂരിപക്ഷം ആരോഗ്യ സ്ഥാപനങ്ങൾക്കും സ്വന്തമായി ആംബുലൻസ് ഇല്ലാത്ത സ്ഥിതിയായിരുന്നു.താലൂക്ക് ആശുപത്രിയിൽ കിടക്കുന്ന 108 ആംബുലൻസ് ആശുപത്രിയുടെ നിയന്ത്രണത്തിലുള്ളവയല്ല.
കോന്നി താലൂക്ക് ആശുപത്രിയ്ക്കും, ആംബുലൻസ് സൗകര്യമില്ലാതിരുന്ന പ്രമാടം, വള്ളിക്കോട്, കൂടൽ, മലയാലപ്പുഴ, മൈലപ്ര, ആങ്ങമൂഴി, കൊക്കാത്തോട് എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കുമായാണ് 8 ആംബുലൻസുകൾ വാങ്ങി നല്കുന്നത്.

കോന്നി താലൂക്ക് ആശുപത്രിയ്ക്ക് ബേസിക്ക് ലൈഫ് സപ്പോർട്ട് ആംബുലൻസാണ് നല്കുന്നത്. ജീവൻ രക്ഷിക്കുന്നതിനുള്ള അത്യന്താധുനിക സൗകര്യങ്ങളുള്ള ആംബുലൻസിന് 20.24 ലക്ഷമാണ് വില.
ആരോഗ്യമേഖലയെ കാലാനുസൃതമായി നവീകരിക്കുന്നതിൻ്റെ ഭാഗമായി ലൈഫ്മിഷനിലുൾപ്പെടുത്തി നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു.
കൂടാതെ എം.എൽ.എ ഫണ്ട്, നബാർഡ് ഫണ്ട്, കിഫ്ബി ധനസഹായം തുടങ്ങിയവയെല്ലാം നിയോജക മണ്ഡലത്തിലെ ആശുപത്രി വികസനത്തിനായി വിനിയോഗിച്ചുകൊണ്ടിരിക്കുകയാണ്.

മലയോര മണ്ഡലമായ കോന്നിയിൽ ശക്തമായ ആരോഗ്യ സംവിധാനമൊരുക്കാൻ വൈവിധ്യങ്ങളായ പദ്ധതി കരുതൽ സ്പർശത്തിൻ്റെ ഭാഗമായി നടപ്പിലാക്കുമെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!