കോന്നി മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സ ഫെബ്രുവരിയില്‍ തുടങ്ങും

 

കോന്നി വാര്‍ത്ത ഡോട്ട് കോം :ഗവ.മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിനായി വരുത്തേണ്ട ക്രമീകരണങ്ങൾ പരിശോധിക്കാൻ കേരളാ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയോടൊപ്പമാണ് ഡയറക്ടർ ഡോ: എസ്.ആർ.ദിലീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കാനെത്തിയത്.

ഫെബ്രുവരി മാസത്തോടെ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. മെഡിക്കൽ കോളേജിലെ 10 വാർഡുകളും സംഘം സന്ദർശിച്ചു.രണ്ട് വാർഡുകൾ സജ്ജീകരിക്കുന്നതിനാവശ്യമായ കിടക്കകളും, എല്ലാ അനുബന്ധ ഉപകരണങ്ങളും ജനുവരി 15 നു മുൻപ് തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചു നല്കുമെന്ന് ഡയറക്ടർ അറിയിച്ചു.
അതോടൊപ്പം ഐ.സി.യു കിടക്കകളും, അനുബന്ധ ഉപകരണങ്ങളും എത്തിക്കും.ഓപ്പറേഷൻ തിയറ്ററും സജ്ജമാക്കും. കാഷ്വാലിറ്റിയുടെ പ്രവർത്തനവും ആരംഭിക്കും.

എക്സറേ മെഷീൻ സ്ഥാപിക്കുന്നതിനുള്ള സംഘം ഈ മാസം തന്നെ മെഡിക്കൽ കോളേജിൽ എത്തും. അൾട്രാസൗണ്ട് സ്കാനറും, ലാബിലേക്ക് പൂർണ്ണമായും ഓട്ടോമാറ്റിക്ക് സൗകര്യത്തിൽ പ്രവർത്തിക്കുന്ന അനലൈസറും മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ഉടൻ തന്നെ എത്തിച്ചു നല്കും.
കോർപ്പറേഷൻ ചുമതലയിൽ കാരുണ്യാ ഫാർമസി മെഡിക്കൽ സ്റ്റോർ മെഡിക്കൽ കോളേജിൽ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും ഡയറക്ടർ അറിയിച്ചു.അതിനായുള്ള സ്ഥലവും എം.എൽ.എയും, ഡയറക്ടറും ഉൾപ്പടെയുള്ള സംഘം പരിശോധിച്ച് നിശ്ചയിച്ചു.

ഒ.പി, ഐ.പി രോഗികൾക്ക് ഒരു പോലെ സൗകര്യപ്രദമായ നിലയിൽ മെഡിക്കൽ കോളേജിനുള്ളിൽ തന്നെ ഫാർമസി പ്രവർത്തനമാരംഭിക്കും.
കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ഇതിനായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ജനുവരി ആദ്യ ആഴ്ചയിൽ തന്നെ തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. ഈ യോഗത്തിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ തീരുമാനങ്ങളുമെടുക്കുമെന്നും എം.എൽ.എ പറഞ്ഞു.

എം.എൽ.എയ്ക്കും, മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ഡയറക്ടർക്കും ഒപ്പം കെ.എം.എസ്.സി.എൽ പർച്ചേസ് മാനേജർ ഡോ: ആർ.ഹരികുമാർ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ: എസ്.സജിത്കുമാർ, എച്ച്.എൽ.എൽ ചീഫ് പ്രൊജക്ട് മാനേജർ ആർ.രതീഷ് കുമാർ, എഞ്ചിനീയർ രോഹിത്ത്, മറ്റ് കെ.എം.എസ്.സി.എൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!