കോവിഡ് വാക്സിന്‍ വിതരണം; ജില്ലയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു



കോവിഡ് 19 എതിരെയുളള വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് പത്തനംതിട്ട ജില്ലയില്‍ വിതരണം ചെയ്യുന്നതിന് ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി എ.ഡി.എം അലക്സ് പി. തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല കാര്യ നിര്‍വഹണ സമിതി യോഗം കൂടി.

ആദ്യഘട്ടത്തില്‍ 17000ത്തോളം സര്‍ക്കാര്‍, സ്വകാര്യമേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഇതിനായി നൂറോളം വാക്സിനേഷന്‍ സൈറ്റുകള്‍ സജ്ജീകരിക്കും. മുന്‍കൂട്ടി സോഫ്റ്റ്‌വെയര്‍ രജിസ്ട്രേഷന്‍ ചെയ്ത വ്യക്തികള്‍ക്ക് സോഫ്റ്റ്‌വെയര്‍ മുഖേന നിശ്ചയിച്ച ദിവസങ്ങളില്‍ നിശ്ചിത വാക്സിനേഷന്‍ പോയിന്റുകളിലാണ് വാക്സിന്‍ നല്‍കുക. ഇതിനായി മുന്നൂറോളം വാക്സിനേറ്റര്‍മാരുടെ സേവനം ലഭ്യമാക്കും. ജില്ലയില്‍ കോവിഡ് വാക്സിന്‍ സൂക്ഷിക്കാനുളള ശീതികരണ സംവിധാനങ്ങള്‍ രണ്ടാഴ്ചയ്ക്കുളളില്‍ സജ്ജമാകും. മൂന്നു ഘട്ടമായാണ് വാക്സിന്‍ വിതരണം നടത്തുന്നത്. പൊതുജനങ്ങള്‍ക്ക് മൂന്നാം ഘട്ടത്തിലാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്. ഈ മാസം 31 ന് മുമ്പ് ഗുണഭോക്താക്കളുടെ സോഫ്റ്റ്‌വെയര്‍ അപ്ഡേഷന്‍ പൂര്‍ത്തിയാക്കും. കുറ്റമറ്റ രീതിയിലുളള വാക്സിന്‍ വിതരണത്തിനാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. ഇതിനായി എല്ലാ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് എ.ഡി.എം പറഞ്ഞു.

യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.എബി സുഷന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ് നന്ദിനി, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ആര്‍ സന്തോഷ്‌കുമാര്‍, ഭാരതീയ ചികിത്സാ വിഭാഗം ഡി.എം.ഒ ഡോ.പി.എസ് ശ്രീകുമാര്‍, ഹോമിയോ ഡി.എം.ഒ ഡോ.ഡി. ബിജുകുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ഷാജി ബോണ്‍സ്ലെ, സാമൂഹ്യനീതി വകുപ്പ്് ഓഫീസര്‍ എസ്.ജാഫര്‍ഖാന്‍, ഐ.സി.ഡി.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിഷ നായര്‍, ഐ.എം.എ ജില്ലാ കണ്‍വീനര്‍ ഡോ.ജിനു വി. തോമസ്, ജില്ലാ പോലീസ് വിഭാഗം, വിദ്യാഭ്യാസ വകുപ്പ്, എന്‍.സി.സി പ്രതിനിധികള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!