പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെ പ്രവര്‍ത്തനവും നിരോധിച്ചു

ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് കാരണമാകാന്‍ സാധ്യത

കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ഡിസംബര്‍ രണ്ടു മുതല്‍ നാലു വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി.

ശക്തമായ മഴ മൂലം ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക്് കാരണമാകാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് ഉത്തരവ്. മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നിവയും നിരോധിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ പോലീസ് മേധാവി, മൈനിംഗ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസര്‍, തിരുവല്ല സബ് കളക്ടര്‍, അടൂര്‍ ആര്‍ഡിഒ, ബന്ധപ്പെട്ട തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ഉള്‍പ്പടെ ആര്‍ക്കും അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാം. പരാതികളില്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ സത്വര നടപടികള്‍ സ്വീകരിക്കണം. കാരണക്കാരായവര്‍ക്കെതിരേ ദുരന്തനിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദം മൂലം കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഡിസംബര്‍ രണ്ടു മുതല്‍ നാലു വരെ തുടര്‍ച്ചയായ മൂന്നു ദിവസം പത്തനംതിട്ട ജില്ലയില്‍ അതി തീവ്ര മഴയ്ക്കുള്ള ഓറഞ്ച് , റെഡ് അലര്‍ട്ടും ശക്തമായ കാറ്റിനുള്ള സാധ്യതയും പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിശക്തമായ മഴ പെയ്യുന്നത് മണ്ണിന്റെ ഘടനയെയും സ്ഥിരതയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

error: Content is protected !!