തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ ജോലികള്‍ കൃത്യമായി ചെയ്യണം: ജില്ലാ കളക്ടര്‍

 

കോന്നി വാര്‍ത്ത : തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാരുടെ യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയില്‍ പുതുതായി ചുമതലയേറ്റ പൊതു നിരീക്ഷകന്‍ കെ.ആര്‍ അനൂപ്, എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരായ എന്‍.ഗോപകുമാര്‍, എം.അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായി. തദ്ദേശ പൊതുതെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും അവരില്‍ നിക്ഷിപ്തമായ ജോലികള്‍ കൃതമായി നിരവഹിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്ന നോഡല്‍ ഓഫീസര്‍മാര്‍ അതത് മേഖലകളിലെ പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ വിശദീകരിച്ചു. ജില്ലയില്‍ 10,78,578 വോട്ടര്‍മാരാണുള്ളത്. ഒരു ഭിന്നലിംഗ വോട്ടറും ജില്ലയിലുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ 1326 പോളിംഗ് ബൂത്തുകളും മുനിസിപ്പാലിറ്റിയില്‍ 133 പോളിംഗ് ബൂത്തുകളുമുണ്ട്.

ഗ്രാമപഞ്ചായത്തുകളിലേക്ക് 1677 കണ്‍ട്രോള്‍ യൂണിറ്റും 5133 ബാലറ്റ് യൂണിറ്റുകളും മുനിസിപ്പാലിറ്റിയിലേക്ക് 180 കണ്‍ട്രോള്‍ യൂണിറ്റും 178 ബാലറ്റ് യൂണിറ്റുകളുമാണുള്ളത്. ജില്ലയില്‍ തെരഞ്ഞെടുപ്പ് ചുമതലയ്ക്കായി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുമുള്ള 9000 പേരെ ഉള്‍ക്കൊളിച്ച പട്ടിക തയ്യാറാക്കി വരികയാണ്. ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ അതത് കേന്ദ്രങ്ങളില്‍ എത്തിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നത് സംബന്ധിച്ച് ഒന്‍പത് പരാതികളാണ് ലഭിച്ചത്. അതില്‍ രണ്ടു പരാതികള്‍ പരിഹരിക്കുകയും ഏഴ് പരാതികള്‍ നിരസിക്കുകയും ചെയ്തു. പെരുമാറ്റചട്ടം ലംഘിച്ചത് സംബന്ധിച്ച് ഇതുവരെ രണ്ട് അപേക്ഷളാണ് ലഭിച്ചിട്ടുള്ളത്. ചട്ടലംഘനം നിരീക്ഷിക്കാന്‍ ആറ് സ്‌ക്വാഡുകളാണുള്ളത്.

ജില്ലയിലെ ആറു താലൂക്കുകളിലെയും തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. പെരുമാറ്റചട്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുക, പൊതു റോഡുകള്‍, പൊതു കെട്ടിടങ്ങള്‍ തുടങ്ങയിടങ്ങളിലും സ്വകാര്യ വ്യക്തികളുടെ അനുമതി കൂടാതെ അവരുടെ സ്ഥലത്തും തെരഞ്ഞെടുപ്പ് ബാനറുകള്‍, എഴുത്തുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ പതിപ്പിക്കുകയോ ചെയ്യുന്നുണ്ടോയെന്നും സ്‌ക്വാഡുകള്‍ നിരീക്ഷിക്കും.

എഡിഎം അലക്‌സ് പി തോമസ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി. ഹരികുമാര്‍, എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ എസ്.ജയശ്രീ, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി മാത്യു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, ഫിനാന്‍സ് ഓഫീസര്‍ എം.ഗീതാകുമാരി, കോഴഞ്ചേരി എല്‍.ആര്‍ തഹസില്‍ദാര്‍ വി.എസ് വിജയകുമാര്‍, സ്യൂട്ട് വിഭാഗം സീനിയര്‍ സൂപ്രണ്ട് അന്നമ്മ കെ.ജോളി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!