വരുമാന നഷ്ടം നികത്താൻ പദ്ധതികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

 

കോന്നി വാര്‍ത്ത : കോവിഡ് പ്രതിസന്ധിയിലുണ്ടായ വരുമാന നഷ്ടം നികത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ച സ്വർണം, വെള്ളി ഉരുപ്പടികൾ കോടതിയുടെ കൂടി അനുമതി നേടിയ ശേഷം റിസർവ് ബാങ്ക് ബോണ്ടിൽ നിക്ഷേപിച്ച് പലിശ വരുമാനം മുതൽക്കൂട്ടാനാണ് ഒരുങ്ങുന്നത്.

വിലയുടെ രണ്ടു ശതമാനത്തോളം പലിശയായി ദേവസ്വം ബോർഡിന് ലഭിക്കും. പരമ്പരാഗത തിരുവാഭരണങ്ങൾ, പൗരാണിക മൂല്യമുള്ളവ എന്നിവ ഒഴികെയുളള ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത ഉരുപ്പടികളാണ് ബോണ്ടാക്കുക.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്‌ട്രോഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ ഉരുപ്പടികളുടെ കണക്കെടുപ്പ് ഇതിനകം പൂർത്തിയായിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു.

വെള്ളിയുൾപ്പെടെയുള്ള ഉരുപ്പടികളുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിലാണ്. 2017ലെ സർക്കാർ ഉത്തരവ് അനുസരിച്ചാണ് കണക്കെടുപ്പ് നടപടികൾ ആരംഭിച്ചത്. ക്ഷേത്രങ്ങളിലെ ഉപയോഗശൂന്യമായ വിളക്കുകളുടെയും പാത്രങ്ങളുടെയും കണക്കെടുപ്പും ഇത്തരത്തിൽ പുരോഗമിക്കുന്നു. ഇതിനു പുറമെ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള മൂവായിരത്തോളം ഏക്കർ സ്ഥലത്ത് ദേവഹരിതം കാർഷിക പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തും അനുയോജ്യമായ കൃഷിയാണ് ചെയ്യുന്നത്. നെല്ല്, മരച്ചീനി, ഫലവൃക്ഷങ്ങൾ എന്നിവയ്ക്കു പുറമെ ക്ഷേത്രാവശ്യങ്ങൾക്കുള്ള പുഷ്പകൃഷിയും ആരംഭിച്ചിട്ടുണ്ട്.

ഈ സീസൺ മുതൽ ശബരിമലയിലെ പ്രസാദങ്ങളായ അരവണ, അപ്പം എന്നിവ തപാൽ വകുപ്പുമായി സഹകരിച്ച് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം നിർവഹിച്ചു. ശബരിമല ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 27 പ്രമുഖ ക്ഷേത്രങ്ങളിൽ വഴിപാടുകൾ ബുക്ക് ചെയ്യാനും കാണിക്കയർപ്പിക്കാനും ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രതിസന്ധി ഘട്ടത്തിലും മണ്ഡലകാലത്തേക്ക് ശബരിമലയിൽ വിപുലമായ സജ്ജീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. സർക്കാർ ബഡ്ജറ്റ് വിഹിതം ഉപയോഗിച്ച് വിപുലമായ വികസന പദ്ധതികളാണ് ശബരിമലയിൽ നടക്കുന്നത്. ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നിർമ്മിച്ച ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപവും നിലയ്്ക്കലിലും പമ്പയിലുമുള്ള ടോയ്‌ലറ്റ് കോംപ്ലക്‌സുകളും പ്രവർത്തന സജ്ജമായി. 21 കോടി രൂപ ചെലവഴിച്ചാണ് അന്നദാന മണ്ഡപത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. നിലയ്ക്കലിൽ അഞ്ചു കോടി രൂപ ചെലവിൽ നിർമ്മിച്ച ടോയ്‌ലറ്റ് കോംപ്ലക്‌സ് ഒരേ സമയം 120 പേർക്ക് ഉപയോഗിക്കാനാകും.

ശബരിമല ഭണ്ഡാരം ഒന്നര കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ മാറ്റി സ്ഥാപിച്ചു. പമ്പയിലെ മാലിന്യ നിർമ്മാർജന പ്ലാന്റിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായി. മൂന്നേകാൽ കോടി രൂപ ചെലവിൽ ഭസ്മക്കുളം പുതുക്കിപ്പഞ്ഞു. 36 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള രണ്ട് വാട്ടർ ടാങ്കുകളും ഉപയോഗ സജ്ജമായിട്ടുണ്ട്. ഏഴ് കോടി രൂപയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്. ഇതുവഴി ശബരിമലയിലെ കുടിവെള്ളക്ഷ ക്ഷാമം പൂർണമായും പരിഹരിക്കാനാകും. പമ്പയിലെ കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും പൂർത്തിയായി.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 145 കോടി രൂപ ചെലവിൽ വയനാട് വരെയുള്ള ജില്ലകളിലായി ഏഴിടങ്ങളിൽ ശബരിമല ഇടത്താവള നിർമ്മാണത്തിന് ഭരണാനുമതിയായിട്ടുണ്ട്. നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തെയാണ് നിർമ്മാണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി 99.8 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും നടന്നു വരുന്നു.

error: Content is protected !!