അര നൂറ്റാണ്ടിലേറെയായി സ്വന്തമായി ഭൂമിയില്ല;പട്ടയം ലഭിച്ച സന്തോഷത്തില്‍ പൊന്നമ്മ

അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കും: വീണാ ജോര്‍ജ് എംഎല്‍എ
അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ആറന്മുള മണ്ഡലത്തിലെ പട്ടയ വിതരണം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ. പട്ടയം ലഭിക്കേണ്ട കുറേയേറെ ആളുകള്‍ ജില്ലയിലുണ്ട്. പട്ടയം ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമമാണ് റവന്യു വകുപ്പ് ജില്ലയില്‍ നടത്തുന്നത്. ആറന്മുള മണ്ഡലത്തില്‍ അഞ്ചു കുടുംബങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥാപനത്തിനുമാണ് പട്ടയം ലഭിച്ചത്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് വില്ലേജ് ഓഫീസ്. അവ സ്മാര്‍ട്ടാക്കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമാണെന്നും എംഎല്‍എ പറഞ്ഞു.
എഡിഎം അലക്‌സ് പി. തോമസ്, എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, കോഴഞ്ചേരി തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.

പട്ടയം എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞ
സന്തോഷത്തില്‍ സുമതിയും കുടുംബവും
സുമതിയമ്മയുടെ നിറഞ്ഞ ചിരിയില്‍ വിരിയുന്നത് മുക്കാല്‍ നൂറ്റാണ്ടായി തുടരുന്ന കുടുംബത്തിന്റെ പട്ടയമെന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷം. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയും വിധവയുമായ സുമതി രാജന്റെ( 73) ഏറെ നാളായുള്ള ആഗ്രഹമായിരുന്നു താമസിച്ചുവരുന്ന ഭൂമിക്ക് പട്ടയം ലഭ്യമാകുക എന്നത്.
ഒരുതുണ്ട് ഭൂമിപോലും സ്വന്തമായി ഇല്ലെന്നുള്ള വിഷമം ഏറെ അലട്ടിയിരുന്നൂ എന്നും പട്ടയം ലഭിച്ചതിലൂടെ വളരെ സന്തോഷം തോന്നുന്നതായും കോവിഡിന്റെ ഈ കെട്ടകാലത്തും തങ്ങളുടെ കുടുംബത്തിന് പട്ടയം ലഭിക്കാന്‍ സഹായിച്ച എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും സുമതി പറഞ്ഞു. ആശാരി പണിക്കാരനായ മകനും മരുമകളും രണ്ട് മക്കളും അടങ്ങിയതാണ് സുമതിയുടെ കുടുംബം. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എയില്‍ നിന്നും സുമതി രാജന്‍ പട്ടയം ഏറ്റുവാങ്ങി.

വിനോദിന് വര്‍ഷങ്ങള്‍ നീണ്ട ആഗ്രഹ പൂര്‍ത്തീകരണം;ഭൂമി കുടികിടപ്പ് അവകാശ രേഖ കൈപ്പറ്റി

മല്ലപ്പുഴശേരി കാരംവേലി ഇടപ്പാറ വീട്ടില്‍ പി.ഇ. വിനോദിന് തന്റെ ജീവിതത്തിലെ വലിയ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ്. 60 വര്‍ഷത്തില്‍ അധികമായി തന്റെ അമ്മൂമ്മ കാളി മുതല്‍ താമസിച്ചിരുന്ന നാല് സെന്റ് ഭൂമിക്ക് കുടികിടപ്പ് അവകാശ രേഖ (എല്‍ടി പട്ടയം) കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ കൈയില്‍ നിന്ന് വാങ്ങുമ്പോള്‍ വിനോദിന്റെ കണ്ണുകളില്‍ അഭിമാന തിളക്കം.
45 വയസുള്ള വിനോദിന് ഗ്രാമപഞ്ചായത്തിന്റെ ഭവനങ്ങള്‍ക്കുള്ള ഗുണഭോക്തൃ ലിസ്റ്റില്‍ കഴിഞ്ഞ അഞ്ച് പ്രാവശ്യവും ഉള്‍പ്പെട്ടെങ്കിലും ഭൂമി കുടികിടപ്പ് അവകാശ രേഖ ഇല്ലാത്തതിനാല്‍ പുതിയ വീട് എന്ന സ്വപ്നം ഒരു തടസമായി നില്‍ക്കുകയായിരുന്നു. ഭൂമി കുടികിടപ്പ് അവകാശ രേഖയുടെ പകര്‍പ്പ് എത്രയുംവേഗം മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ നല്‍കാനുള്ള തിടുക്കത്തിലാണ് പി.ഇ. വിനോദ്. താമസിക്കുന്ന ഭൂമിക്ക് കുടികിടപ്പ് അവകാശ രേഖ ലഭിക്കാന്‍ 10 വര്‍ഷം മുമ്പ് അമ്മ തങ്കമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഇപ്പോഴാണ് പട്ടയം എന്ന സ്വപ്നം സാക്ഷാല്‍കരിച്ചത്.
വിനോദിന്റെ ഭാര്യ ശോഭനയും മകന്‍ വിപിനും ഭാര്യ താരയുമാണ് വീട്ടില്‍ കഴിയുന്നത്. വിനോദിന്റെയും ശോഭനയുടെയും മകള്‍ സ്വപ്ന ജോബിന്‍ ഭര്‍ത്തൃ വീട്ടില്‍ കഴിയുന്നു. മേസ്തിരിപ്പണി ചെയ്താണ് പി.ഇ. വിനോദ് കുടുംബം പോറ്റുന്നത്. താമസിക്കുന്ന ഭൂമിക്ക് കുടികിടപ്പ് അവകാശ രേഖ ലഭിക്കാന്‍ സഹായിച്ച സംസ്ഥാന സര്‍ക്കാരിനും റവന്യൂ വകുപ്പിനും അകമഴിഞ്ഞ നന്ദി അറിയിക്കുന്നതായി പി.ഇ. വിനോദ് പറഞ്ഞു.

അര നൂറ്റാണ്ടിലേറെയായി സ്വന്തമായി ഭൂമിയില്ല;പട്ടയം ലഭിച്ച സന്തോഷത്തില്‍ പൊന്നമ്മ
അര നൂറ്റാണ്ടിലേറെയായി സ്വന്തമായി ഭൂമിയില്ലാതിരുന്ന വി.എം. പൊന്നമ്മ പട്ടയം ലഭിച്ച സന്തോഷത്തിലാണ്. ആറന്മുള എഴിക്കാട് കോളനിയില്‍ താമസിക്കുന്ന പൊന്നമ്മയ്ക്കും കുടുംബത്തിനും അഞ്ച് സെന്റ് സ്ഥലത്തിന്റെ പട്ടയമാണ് ലഭിച്ചത്.
വിധവയായ പൊന്നമ്മയ്ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. മകന്‍ സുനില്‍ കുമാര്‍ കൂലിപ്പണിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്. മകനും ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന്റെ കിടപ്പാടത്തിന് പട്ടയം ലഭിച്ച സന്തോഷത്തില്‍ മനസ് തുറന്ന് ചിരിക്കുകയാണ് പൊന്നമ്മ.

error: Content is protected !!