കോന്നി താലൂക്ക് ആശുപത്രി ആധുനിക ചികിത്സാ കേന്ദ്രമായി മാറും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കോന്നി വാര്‍ത്ത : സമഗ്ര വികസന പദ്ധതികള്‍ നടപ്പിലാകുന്നതോടെ കോന്നി താലൂക്ക് ആശുപത്രി എല്ലാവിധ ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആരോഗ്യ കേന്ദ്രമായി മാറുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കോന്നി താലൂക്ക് ആശുപത്രിയില്‍ നടപ്പിലാക്കുന്ന 10 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആശുപത്രി അങ്കണത്തില്‍ നടത്തിയ ചടങ്ങില്‍ ഓണ്‍ലൈനായാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
ആരോഗ്യമേഖലയില്‍ കുതിച്ചു ചാട്ടം നടത്തുന്ന നിയോജക മണ്ഡലമാണ് കോന്നി. മെഡിക്കല്‍ കോളജ് രണ്ടാം ഘട്ടത്തിന് കിഫ്ബിയില്‍ 338 കോടിയുടെ പദ്ധതിയാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. അതില്‍ 60 ശതമാനത്തില്‍ അധികം തുകയുടെ അനുവാദം കിഫ്ബിയില്‍ നിന്ന് നേടിയെടുക്കാന്‍ കഴിഞ്ഞത് വലിയ വിജയം തന്നെയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ തന്നെ ഐപി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കും.
മെഡിക്കല്‍ കോളജിനൊപ്പം തന്നെ താലൂക്ക് ആശുപത്രിക്കും പ്രത്യേക പരിഗണന നല്‍കുന്ന എംഎല്‍എ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആശുപത്രിയില്‍ പുതിയ ബഹുനില മന്ദിരം, വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു, ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, ആധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സ് തുടങ്ങിയവ ആരംഭിക്കുന്നതിനൊപ്പം കിടക്കകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് പുതിയ തസ്തികകളും ആവശ്യമുണ്ട്. അതിനും ഘട്ടം ഘട്ടമായി സര്‍ക്കാര്‍ അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്ത ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ഡിഎംഒയിലെ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രശ്മി, ഗ്രാമ പഞ്ചായത്തംഗം പി. ഗീത, എച്ച്എംസി പ്രതിനിധികളായ ശ്യാംലാല്‍, അബ്ദുള്‍ മുത്തലിഫ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. എം.റ്റി. സിമി, ആര്‍.എം.ഒ ഡോ. അജയ് ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Content is protected !!