അരുവാപ്പുലം ആവണിപ്പാറയില്‍ വെളിച്ചം എത്തുന്നു : കോന്നി എം എല്‍ എയ്ക്കു നന്ദി

 

കോന്നി:അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തിക്കുന്നതിന്‍റെ നിർമ്മാണ ഉദ്ഘാടനം സെപ്റ്റംബർ 4ന് അഡ്വ.കെ യു.ജനീഷ് കുമാർ എം.എൽ.എ നിർവ്വഹിക്കും. എം.എൽ.എ മുൻ കൈയെടുത്ത് അനുവദിച്ച ഒരു കോടി അൻപത്തി ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കോളനിയിൽ വൈദ്യുതി എത്തിക്കുന്നത്.
33 കുടുംബങ്ങളിലായി 67 പേരാണ് കോളനിയിൽ താമസിക്കുന്നത്. ഇവരിൽ സ്കൂൾ കോളേജ് വിദ്യാർഥികളും ഉൾപ്പെടും.

കോളനിയിൽ വൈദ്യുതി എത്തുക എന്നത് കോളനി നിവാസികളുടെ ചിരകാല അഭിലാഷമായിരുന്നു.വനാന്തർ ഭാഗത്തുള്ള കോളനി എന്ന നിലയിൽ വൈദ്യുതി എത്തിക്കാൻ നിരവധി തടസങ്ങളാണ്‌ ഉണ്ടായിരുന്നത്.ഇതിന് പരിഹാരമായി ഭൂഗർഭ കേബിൾ വലിച്ചു വൈദ്യുതി എത്തിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്.

പുനലൂർ സബ്-സ്റ്റേഷൻ പരിധിയിൽ പിറവന്തൂർ പഞ്ചായത്തിലെ ചെമ്പനരുവിയിൽ നിന്നും 6.8 കിലോമീറ്റർ ദൂരത്തിലാണ് ഭൂഗർഭ കേബിൾ വലിക്കുന്നത്. ആറിനു കുറുകെ പോസ്റ്റ് സ്ഥിച്ച് ലൈൻ വലിക്കും. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചിട്ടുള്ളത്.
വനം വകുപ്പിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയാണ് കേബിൾ സ്ഥാപിക്കുന്നത്. വനാവകാശ നിയമപ്രകാരം ചെമ്പനരുവി മുതൽ ആവണിപ്പാറ ഗോത്രവർഗ്ഗസെറ്റിൽമെന്‍റ് വരെ 6.8 കിലോമീറ്റർ ദൂരത്തിൽ 11 കെ.വി. യു.ജി കേബിൾ ഇടുന്നതിന് O.4 മീറ്റർ വീതിയിൽ 0.272 ഹെക്ടർ വനഭൂമി നിബന്ധനകൾക്കു വിധേയമായി വനം വകുപ്പ് വിട്ടു നല്കുകയായിരുന്നു.

വനം വകുപ്പിന്‍റെ അനുമതി നേടിയെടുക്കാൻ കഴിഞ്ഞതോടെ ഉടനടി നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് കെ. യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. നിശ്ചയിച്ച പ്രകാരം തന്നെ
പണികൾ പൂർത്തീകരിച്ച് ആവണിപ്പാറ നിവാസികളുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കുമെന്നും എം.എൽ.എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!