കോന്നി മെഡിക്കല്‍ കോളജിലെ ശുദ്ധജല വിതരണ പദ്ധതി നിര്‍മാണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും

നാശനഷ്ടമുണ്ടായ വീടും, പൈപ്പ് പൊട്ടിയ സ്ഥലവും അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളജ് ശുദ്ധജല പദ്ധതിയുടെ പമ്പിംഗ് മെയിന്‍ പൈപ്പ് ട്രയല്‍ റണ്‍ നടത്തുന്നതിനിടയില്‍ പൊട്ടിയതിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ വീടും, പൈപ്പ് പൊട്ടിയ സ്ഥലവും അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയും, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. വട്ടമണ്‍ ശ്രീരാജ് ഭവനില്‍ രാജമണിയുടെ വീടും, സമീപമുള്ള പൈപ്പ് പൊട്ടിയ സ്ഥലവുമാണ് എംഎല്‍എയും സംഘവും സന്ദര്‍ശിച്ചത്.
വീട്ടിലെത്തിയ എംഎല്‍എയ്ക്ക് നഷ്ടം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയ നിവേദനം കുടുംബാംഗങ്ങള്‍ നല്‍കി. 300 എംഎം ഡിഐ പൈപ്പാണ് ട്രയല്‍ റണ്‍ നടത്തുന്നതിനിടെ പൊട്ടിയത്. സമീപത്തുള്ള രാജമണിയുടെ വീട്ടിലേക്ക് മണ്ണും, വെള്ളവും കയറുകയായിരുന്നു. കമ്പ്യൂട്ടറിനും, ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
നഷ്ടപരിഹാരം നല്‍കാനുള്ള അടിയന്തിര നടപടി സ്വീകരിക്കാന്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി ഉടനടി നടത്തി പൂര്‍ത്തിയാക്കാനും എംഎല്‍എ നിര്‍ദേശിച്ചു. എംഎല്‍എയോടൊപ്പം വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ ശ്രീലേഖ, ഓവര്‍സിയര്‍ അജയഘോഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.

കോന്നി മെഡിക്കല്‍ കോളജിലെ ശുദ്ധജല വിതരണ
പദ്ധതി നിര്‍മാണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും
കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ശുദ്ധജല വിതരണ പദ്ധതി നിര്‍മാണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ജല അതോറിറ്റിയുടെ ശുദ്ധീകരണശാലയില്‍ എംഎല്‍എ സന്ദര്‍ശനം നടത്തി.
അഞ്ച് ദശലക്ഷം പ്രതിദിന ശേഷിയുള്ള ശുദ്ധീകരണശാലയുടെ നിര്‍മാണമാണ് പൂര്‍ത്തിയാകുന്നത്. മെഡിക്കല്‍ കോളജിനു സമീപമുള്ള ഒരേക്കര്‍ സ്ഥലത്താണ് ശുദ്ധീകരണശാല സ്ഥാപിച്ചിരിക്കുന്നത്. നബാര്‍ഡില്‍ നിന്നും ലഭ്യമായ 1398 ലക്ഷം രൂപ ഉപയോഗിച്ചാണ് ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്.
ഐരവണ്‍ മട്ടത്തു കടവില്‍ നിര്‍മിച്ചിട്ടുള്ള ആറു മീറ്റര്‍ വ്യാസമുള്ള കിണറില്‍ നിന്നാണ് മെഡിക്കല്‍ കോളജ് പദ്ധതിക്കാവശ്യമായ ജലം ശേഖരിക്കുന്നത്. ഇവിടെ നിര്‍മിച്ചിട്ടുള്ള പമ്പ് ഹൗസില്‍ 150 എച്ച്പിയുടെ പമ്പ് സെറ്റാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ നിന്നും പമ്പ് ചെയ്യുന്ന ജലം 300 എംഎം ഡിഐ പൈപ്പ് വഴി മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ചിട്ടുള്ള അഞ്ചു ദശലക്ഷം പ്രതിദിന ശേഷിയുള്ള ശുദ്ധീകരണശാലയില്‍ എത്തിക്കും. പമ്പ് ഹൗസില്‍ നിന്നും 4.52 കിലോമീറ്റര്‍ ദൂരമാണ് ശുദ്ധീകരണ ശാലയിലേക്കുള്ളത്.
ശുദ്ധീകരണ പ്രക്രിയ പൂര്‍ത്തീകരിക്കുന്ന ജലം ഏഴു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതലസംഭരണിയില്‍ ശേഖരിക്കും. അവിടെ നിന്നും 15 എച്ച്പി മോട്ടര്‍ ഉപയോഗിച്ച് മുകളിലുള്ള 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിയിലേക്ക് ജലം എത്തിക്കും. ഈ ജലസംഭരണിയില്‍ നിന്നുമാണ് 350 മീറ്റര്‍ ദൂരത്തിലുള്ള മെഡിക്കല്‍ കോളജിന്റെ ഉപരിതല ജലസംഭരണിയിലേക്ക് 200 എംഎം ഡിഐ പൈപ്പ് ഉപയോഗിച്ച് ജലം എത്തിക്കുന്നത്. 500 ബെഡുള്ള ആശുപത്രിക്കും, 500 വിദ്യാര്‍ഥികള്‍ക്കും, സ്റ്റാഫിനും, ഹോസ്റ്റല്‍ ആവശ്യത്തിനുമുള്ള ജലം യഥേഷ്ടം ഈ പദ്ധതിയില്‍ നിന്നും ലഭ്യമാകും.
കിണര്‍, പമ്പ് ഹൗസ്, പമ്പിംഗ് മെയിന്‍ എന്നിവയുടെ നിര്‍മാണത്തിന് 3.99 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയിരുന്നത്. ശുദ്ധീകരണശാല, സംഭരണികള്‍ എന്നിവയ്ക്ക് 5.88 കോടിയുടെയും, ബില്‍ഡിംഗ്, മോട്ടോര്‍, ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവയ്ക്ക് 1.158 കോടിയുടെയും, വിതരണ പൈപ്പിന് 14 ലക്ഷം രൂപയുടെയും, വൈദ്യുതീകരണത്തിന് 86.25 ലക്ഷത്തിന്റെയും കരാറായിരുന്നു നല്‍കിയിരുന്നത്. ഇതനുസരിച്ചുള്ള നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത്.
കോവിഡിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ നിര്‍മാണത്തില്‍ ചില പ്രതിസന്ധി ഉണ്ടായെങ്കിലും കൃത്യമായി ഇടപെട്ട് അത് പരിഹരിക്കാന്‍ കഴിഞ്ഞതായി എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജ് ശുദ്ധജല പദ്ധതിയില്‍ നിന്നും മെഡിക്കല്‍ കോളജിനു ജലം ലഭ്യമാക്കുന്നതോടൊപ്പം അരുവാപ്പുലം പഞ്ചായത്തിലെ ഒന്ന്, രണ്ട്, 14, 15 വാര്‍ഡുകളിലും ജല വിതരണം നടത്തുമെന്ന് എംഎല്‍എ പറഞ്ഞു. നാലു വാര്‍ഡുകളിലെ 5000 കടുംബങ്ങള്‍ക്കാണ് ജലം നല്‍കുന്നത്. ഇതിനായുള്ള വിതരണ പൈപ്പ് ലൈന്‍ രണ്ടാം ഘട്ടമായി സ്ഥാപിക്കുമെന്നും എംഎല്‍എ പറഞ്ഞു.
എംഎല്‍എയോടൊപ്പം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സജിത്കുമാര്‍, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ ശ്രീലേഖ, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൊജക്ട് മാനേജര്‍ അജയകുമാര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!