ജില്ലയിലെ ആദ്യത്തെ ലൈഫ് ഭവന സമുച്ചയം പന്തളം മുടിയൂര്‍ക്കോണത്ത്

നിര്‍മാണ ഉദ്ഘാടനം ഓഗസ്റ്റ് 17ന്

കോന്നി വാര്‍ത്ത ഡോട്ട് കോം : ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഭവന സമുച്ചയം പന്തളം മുടിയൂര്‍ക്കോണത്ത് ഓഗസ്റ്റ് 17 ന് നിര്‍മാണം തുടങ്ങുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. വസ്തുവും വീടും ഇല്ലാത്ത കുടുംബങ്ങള്‍ക്കാണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മിച്ച് നല്‍കുന്നത്. ഇതുപ്രകാരം 2019-20 ബജറ്റില്‍ ഉള്‍പ്പെടുത്തി 14 ജില്ലയിലും ഒരു ഫ്‌ളാറ്റ് സമുച്ചയം നിര്‍മിച്ച് നല്‍കുന്നതിന് തീരുമാനിച്ചിരുന്നു. ഈ വര്‍ഷം ബജറ്റില്‍ 1200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പന്തളത്ത് നിര്‍മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തില്‍ 44 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയും. രണ്ട് മുറിയും അടുക്കളയും, ഹാളും, ടോയ്‌ലറ്റും, അടങ്ങിയതാണ് ഫ്‌ളാറ്റ്. ആകെ 27,000 ചതുരശ്ര മീറ്റര്‍ വിസ്തൃതി വരും. 6,56,90000 രൂപയാണ് ചെലവ്. തൃശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘം ആണ് കണ്‍സള്‍ട്ടന്‍സി. ഹൈദരാബാദ് ആസ്ഥാനമായ പെന്നാര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ് നിര്‍മാണ ചുമതല. ആറ് മാസമാണ് നിര്‍മാണം പൂര്‍ത്തിയാകാന്‍ എടുക്കുന്ന സമയം. രണ്ട് ടവറുകളില്‍ ആണ് ഫ്‌ളാറ്റ് നിര്‍മിക്കുന്നത്. പ്രധാന ടവറില്‍ 32 ഫ്ളാറ്റും രണ്ടാമത്തെ ടവറില്‍ 12 ഫ്‌ളാറ്റും ആണുള്ളത്
നിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ. സതി, നഗരസഭ വൈസ് ചെയര്‍മാന്‍ ആര്‍. ജയന്‍, രാധ രാമചന്ദ്രന്‍, ഫസലുദ്ദീന്‍, രാജേന്ദ്രന്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി. സുനില്‍, കണ്‍സള്‍ട്ടന്‍സി എന്‍ജിനിയര്‍ വിജില്‍ എന്നിവര്‍ സന്ദര്‍ശിച്ച് നിര്‍മാണ ഏജന്‍സിക്ക് നിര്‍ദേശം നല്‍കി. അടൂര്‍ മണ്ഡലത്തില്‍ ഇതുകൂടാതെ ഏഴംകുളം പഞ്ചായത്തില്‍ ഏനാത്തും, കടമ്പനാട് പഞ്ചായത്തില്‍ മറ്റു രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങളുടെയും നിര്‍മാണം ഉടന്‍ ആരംഭിക്കും. അതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!