സംസ്ഥാനത്ത് ജീവനം പദ്ധതിക്ക് തുടക്കംകുറിച്ച് പത്തനംതിട്ട

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്ക് പറ്റിയവര്‍ക്കുമായുള്ള സ്വയംതൊഴില്‍ പദ്ധതിയായ ജീവനം പദ്ധതി സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ-ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ജീവനം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയാണ് ജീവനം പദ്ധതിക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ വിവിധ കോടതികള്‍ മുഖേനെ 2018 -ല്‍ 88 കുറ്റവാളികളേയും 2019-ല്‍ 118 കുറ്റവാളികളേയുമാണു പ്രൊബേഷന്‍ ഓഫീസര്‍മാരുടെ നിരീക്ഷണത്തിന്‍ കീഴില്‍ നല്ലനടപ്പിന് വിട്ടിട്ടുള്ളത്. കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. കുറ്റകൃത്യത്തിന് ഇരയായി ഗൃഹനാഥന്‍ കൊല്ലപ്പെടുകയോ ഗുരുതരപരുക്ക് ഏല്‍ക്കുകയോ ചെയ്യുന്നതുമൂലം കുടുംബത്തിന്റെ ഉപജീവന മാര്‍ഗമില്ലാതാകും. അത്തരക്കാരെ സഹായിക്കുന്നതിനായാണു പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസ് ജില്ലാ ഭരണകൂടത്തിന്റെ പിന്‍തുണയോടെ സുമനസുകളുടെ സഹായത്തോടെ ജീവനം പദ്ധതി ആവിഷ്‌കരിച്ചതെന്നും മന്ത്രി പറഞ്ഞു.
നല്ല നടപ്പില്‍ വിടുതല്‍ ചെയ്യപ്പെട്ടവര്‍ക്കും മുന്‍തടവുകാര്‍ക്കും തടവുകാരുടെ നിര്‍ധനരായ ആശ്രീതര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി സാമൂഹ്യ നീതിവകുപ്പ് 15000 രൂപ ധനസഹായം നല്‍കുന്നുണ്ട്. ഇതിനു കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായമായി പ്രതിമാസം 300 രൂപ മുതല്‍ 1500 രൂപ വരെയും നല്‍കുന്നുണ്ടെന്നും ഉദ്ഘാടന വേളയില്‍ മന്ത്രി പറഞ്ഞു.
2016 മുതല്‍ സാമൂഹ്യ- നീതി വകുപ്പ് മുഖേന നിരവധി ശ്രദ്ധേയമായ കാര്യങ്ങളാണു നടത്തിവരുന്നത്. പ്രൊബേഷന്‍ ഓഫീസര്‍മാരുടെ കീഴില്‍ നല്ലനടപ്പിനു വിധേയരായിട്ടുള്ള ആളുകള്‍ ഒറ്റപ്പെടല്‍, കുറ്റപ്പെടുത്തല്‍, അവഗണന പോലുള്ള ഒരുപാട് പ്രശ്‌നങ്ങള്‍ ചിലപ്പോഴെങ്കിലും അനുഭവിക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ അതിജീവിക്കുവാന്‍ വലിയ ഇടപെടലുകളാണ് ജില്ലയില്‍ നടത്തിവരുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.
കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതരും ഗുരുതര പരുക്ക് പറ്റിയവരുള്‍പ്പടെ ഉപജീവനത്തിനായി പ്രയാസം അനുഭവിച്ച 26 ഗുണഭോക്താക്കള്‍ക്ക് തൈയ്യല്‍ തൊഴില്‍ യൂണിറ്റും ആട് വളര്‍ത്തലും ആരംഭിക്കുന്നതിനായിട്ടാണ് ആദ്യഘട്ടത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് മുഖേന ധനസഹായം കണ്ടെത്തിയത്. പ്രവാസി വ്യവസായിയായ വര്‍ഗീസ് കുര്യന്‍ ചെയര്‍മാനായുള്ള വി.കെ.എല്‍ ഗ്രൂപ്പാണ് ഈ പദ്ധതിയെ പിന്തുണച്ച് ധനസഹായം ലഭ്യമാക്കിയത്. കൂടാതെ കുറ്റകൃത്യത്തിന് ഇരയായ ഒരാള്‍ക്ക് ക്ഷീരവികസന വകുപ്പുമായി ചേര്‍ന്ന് സബ്സിഡി നിരക്കില്‍ ഡയറി യൂണിറ്റും ലഭ്യമാക്കിയിട്ടുണ്ട്. തയ്യല്‍ തൊഴില്‍ യൂണിറ്റ് ആരംഭിക്കുന്നതിനായി 8600 രൂപയും ആട് വളര്‍ത്തലിനായി 8000 രൂപയുമാണ് ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നത്.
ജീവനം പദ്ധതിയുടെ പ്രാധാന്യം മനസിലാക്കി, പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ അബീന്‍ സമര്‍പ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തില്‍ 2020-21 വര്‍ഷം കുറ്റകൃത്യത്തിന് ഇരയായ 50 പേര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായിട്ടാണ് 4,44,000 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചിട്ടുള്ളത്. മറ്റ് ജില്ലകളില്‍കൂടി ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടി സാമൂഹ്യനീതി വകുപ്പ് സ്വീകരിക്കും.
പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്, സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ക്രിമിനോളജി വിഭാഗം മേധാവി പ്രൊഫസര്‍ വിജയരാഘവന്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ അബീന്‍, ജില്ലാ സാമൂഹിക നീതി ഓഫീസറുടെ ചുമതല വഹിക്കുന്ന ജാഫര്‍ ഖാന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി നടന്ന വെബിനാര്‍ വെല്ലൂര്‍ അക്കാഡമി ഓഫ് പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷനിലെ പ്രൊഫസര്‍ ഡോ.എ.മദന്‍രാജ് നയിച്ചു. കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് സംസ്ഥാന ട്രഷറര്‍ എം.ബി ദിലീപ് മോഡറേറ്ററായി. വെബിനാറില്‍ വിവിധ ജില്ലകളിലെ പ്രൊബേഷനറി ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജീവനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്ക് പറ്റിയവര്‍ക്കുമായുള്ള സ്വയം തൊഴില്‍ പദ്ധതിയായ ജീവനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ആഗസ്റ്റ് 30. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 0468 2325242, 8281899462

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!