കോന്നി മണ്ഡലത്തിന്‍റെ വരും കാല വികസനം : സമഗ്ര റിപ്പോര്‍ട്ട് സ്ഥാനാര്‍ഥികള്‍ക്ക് കൈമാറി


Comprehensive report handed over to candidates

കോന്നി : കോന്നി നിയോജക മണ്ഡലത്തിന്‍റെ വരും കാല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് രണ്ടു മാസക്കാലമായി ഓരോ വാര്‍ഡ് തലത്തിലും നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ട് സ്ഥാനാർത്ഥികൾക്ക് കൈമാറി . നിയോജകമണ്ഡലത്തിലെ വികസനം എങ്ങനെ വേണം എന്നുള്ള ജനകീയ സര്‍വ്വേയുടെ പ്രസക്ത ഭാഗങ്ങളാണ് കൈമാറിയത് .
ഐ റ്റി മേഖലയിലെ വിദക്തരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടു കോന്നി നിവാസികളായ ഒരു കൂട്ടം ചെറുപ്പക്കാർ രൂപവത്കരിച്ച കൂട്ടായ്‌മയായ “വിഷൻ കോന്നി”യാണ് സര്‍വ്വെ നടത്തിയത് . കോന്നിയുടെ സമഗ്ര വികസനത്തിനായി വളരെ അധികം പദ്ധതികള്‍ വിവിധ ഭരണ കാലഘട്ടത്തിലായി വിഭാവനം ചെയ്തിട്ടുണ്ട്. പക്ഷേ ഇവയില്‍ പലതും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണുള്ളത്. ഇതിനു പ്രധാന കാരണം ശരിയായ വിലയിരുത്തലോ പഠനങ്ങളോ ഇല്ലാതെയാണ് പദ്ധതികൾ ആസൂത്രണം ചെയ്‌തത്‌ എന്നാണ് ജനം പറയുന്നത് . ഇത്തരത്തിൽ മുടങ്ങികിടക്കുന്നതും ഇനി നടപ്പിലാക്കേണ്ടതുമായ വികസന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തി ലിസ്റ്റ് ചെയ്യുക എന്നതായിരുന്നു വിഷൻ കോന്നി ടീമിന്‍റെ പ്രഥമദൗത്യം. കോന്നി നിയോജകമണ്ഡലത്തിലെ 168 വാർഡുകളിലെയും ജനപ്രതിനിധികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നേരിട്ട് സമ്പർക്കം പുലർത്തി അവരുടെ അഭിപ്രായങ്ങളും 80 വികസന ആശയങ്ങളും ശേഖരിച്ചു . വികസനത്തിന് ഉതകുന്ന ആശയങ്ങള്‍ സംയോജിപ്പിച്ച് തയ്യാറാക്കിയ സര്‍വ്വേ ഫലം കോന്നി നിയോജകമണ്ഡലത്തിലെ 3 മുന്നണികളിലെയും സ്ഥാനാർത്ഥികൾക്ക് ടീം പ്രതിനിധികൾ നേരിട്ട് കൈമാറി.
എല്‍ ഡി എഫ് സ്ഥാനാർത്ഥി കെ യു ജനീഷ് കുമാര്‍ ,യു ഡി എഫ് സ്ഥാനാർത്ഥി പി മോഹന്‍ രാജ് , എന്‍ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രന്‍ എന്നിവര്‍ക്ക് വിഷന്‍ കോന്നിയുടെ പ്രവര്‍ത്തകരായ വരുണ്‍ ചന്ദ്രന്‍ , സരുണ്‍ ജോര്‍ജ് , ബി എന്‍ അമൃത എന്നിവരാണ് റിപ്പോര്‍ട്ട് കൈമാറിയത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!