Trending Now

ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കണം

ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃതമായി അനുവദിക്കപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കാന്‍ സമൂഹം ഉത്തരവാദിത്തം പുലര്‍ത്തണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള നിരാമയ ഇന്‍ഷുറന്‍സ് കാര്‍ഡുകളുടെ വിതരണവുമായി ബന്ധപ്പെട്ട് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാര്‍ക്ക് സഹതാപമല്ല ആവശ്യം. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിക്കൊടുത്ത് തുല്യ അംഗീകാരം നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് നാം പ്രതിജ്ഞാ ബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയില്‍ എല്ലാ അവകാശങ്ങളും ഉറപ്പുവരുത്തുന്ന ധാരാളം നിയമങ്ങള്‍ ഉണ്ടെങ്കിലും പൊതുജനങ്ങള്‍ ഈ നിയമങ്ങളെക്കുറിച്ച് പൂര്‍ണമായും ബോധവാന്മാരല്ലെന്ന് ഇന്‍ഷുറന്‍സ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.രാമകൃഷ്ണന്‍ പറഞ്ഞു. നിയമങ്ങള്‍ പൂര്‍ണമായി പ്രാവര്‍ത്തികമാകണമെങ്കില്‍ അവ ഫലപ്രദമായി ജനങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ ബോധവത്ക്കരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാരെ സമൂഹത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കാന്‍ അനുവദിക്കാതെ നിയമപരമായി അര്‍ഹതപ്പെട്ട എല്ലാ സഹായങ്ങളും ക്രിയാത്മകമായി നല്‍കുന്നതിന് നിയമസാക്ഷരത ബോധവത്കരണം അനിവാര്യമാണെന്ന് നിയമസാക്ഷരത ബോധവത്കരണ പര്യടന വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി കെ.സത്യന്‍ പറഞ്ഞു.  സാമൂഹ്യ സാമ്പത്തിക നീതി ഉറപ്പുവരുത്തുന്നതിനും നിയമസാക്ഷരത, സൗജന്യ നിയമസഹായം എന്നിവ സംബന്ധിച്ച ബോധവത്കരണം ജനങ്ങളില്‍ എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരാമയ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒന്‍പതിനായിരം രജിസ്‌ട്രേഷന്‍ നടന്നതില്‍ മൂവായിരം രജിസ്‌ട്രേഷന്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളതാണെന്നും അടുത്ത ഒരുമാസത്തിനകം ആയിരം രജിസ്‌ട്രേഷന്‍ കൂടി പൂര്‍ത്തീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജോണ്‍ കെ.ഇല്ലിക്കാടന്‍ പറഞ്ഞു.
ഭിന്നശേഷിക്കാരുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കാതിരിക്കുന്നത് സര്‍ക്കാര്‍ നടപ്പാക്കുന്ന പല ആനുകൂല്യങ്ങളും യഥാസമയം ലഭ്യമാകാന്‍ സാധിക്കാതെ വരുന്നതായും പ്രത്യേക ബോധവത്കരണത്തിലൂടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ജനമധ്യത്തില്‍ എത്തിച്ച് സമൂഹ നന്മയ്ക്കുതകുന്ന വിധത്തില്‍ പ്രയോജനപ്പെടുത്തണമെന്നും ചടങ്ങില്‍ പങ്കെടുത്ത അടൂര്‍ പ്രകാശ് എം.എല്‍. എ പറഞ്ഞു.
ആരോഗ്യമുള്ള ജനതയ്ക്ക് നല്‍കുന്ന എല്ലാ തുല്യതകളും ഭിന്നശേഷിക്കാര്‍ക്ക് നല്‍കണമെന്നും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന് സഹായമായ വിധത്തില്‍ ആനുകൂല്യങ്ങളും ചികിത്സാ സഹായങ്ങളും ഉറപ്പുവരുത്തണമെന്നും  രാജു ഏബ്രഹാം എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, അഡീഷണല്‍ ജില്ലാ ജഡ്ജി എസ്.സതീശ് ചന്ദ്രബാബു, എഡിഎം അനു എസ്.നായര്‍, സബ് ജഡ്ജി ആര്‍.ജയകൃഷ്ണന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. എ.സി ഈപ്പന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. മുഹമ്മദ് മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കോന്നിയൂര്‍ പി.കെ, നിര്‍മലാ മാത്യൂസ്, പി.കെ തങ്കമ്മ, എം.ബി സത്യന്‍, സൗദാ രാജന്‍, പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, നാഷണല്‍ ട്രസ്റ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.രമേശ്, അഭിഭാഷക ക്ലാര്‍ക്ക് അസോസിയേഷന്‍ സെക്രട്ടറി ടി.കെ പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് 1500 പേര്‍ക്ക് കാര്‍ഡുകള്‍ വിതരണം ചെയ്തു. ബാക്കിയുള്ള കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവരുന്നു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണ നടപടികള്‍ സ്വീകരിച്ചുവരുന്നത്.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ മാനസിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്കുവേണ്ടി നാഷണല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയാണ് നിരാമയ. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി രാജ്യവ്യാപകമായി നടപ്പാക്കുന്ന പദ്ധതി സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് നടപ്പാക്കിവരുന്നത്. ഒരു വര്‍ഷം ഒരുലക്ഷം രൂപ വരെ ചികിത്സാ ചെലവുകള്‍ ഇന്‍ഷുറന്‍സ് പദ്ധതി മുഖേന ലഭിക്കും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും രജിസ്റ്റേര്‍ഡായ സ്വകാര്യ ആശുപത്രികളിലും ലഭിക്കുന്ന ചികിത്സകള്‍ക്ക് നിരാമയ പദ്ധതി ആനുകൂല്യം നല്‍കും. സംസ്ഥാനത്ത് 9000 പേരാണ് ഇതുവരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ മൂവായിരം പേര്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള രജിസ്‌ട്രേഷനാണ്. നിയമസാക്ഷരതാ ബോധവത്കരണ സന്ദേശ വാഹനം ജില്ലയില്‍ ആഴ്ചയില്‍ രണ്ടു ദിവസം പര്യടനം നടത്തുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു