ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കണം

 

ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡി.എം.ഒ ഡോ.സോഫിയാ ബാനു അറിയിച്ചു.
വീട്ടില്‍ നിന്ന് തുടങ്ങാം
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ വീടിനകത്തും പുറത്തും ശുദ്ധജലം കെട്ടിനില്‍ക്കുന്ന ഇടങ്ങളില്‍ മുട്ടയിട്ട് വളരുന്നു. ഒരു ചെറിയ സ്പൂണ്‍ വെള്ളത്തില്‍പോലും ഇവയ്ക്ക് വളരാന്‍ കഴിയും. വീടിനുള്ളില്‍ വെള്ളം നിറച്ച പാത്രങ്ങള്‍, ടാങ്കുകള്‍ എന്നിവ കൊതുകു കടക്കാത്തവിധം അടപ്പോ തുണിയോ വലയോകൊണ്ട് മൂടി സൂക്ഷിക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളില്‍ നിന്നും ആദ്യം നിറച്ചവ ആദ്യം ഉപയോഗിക്കണം. പാത്രങ്ങള്‍ ഉരച്ച് കഴുകിയതിന് ശേഷം മാത്രം വീണ്ടും വെള്ളം നിറയ്ക്കുക. ഫ്രിഡ്ജിനു പുറകുവശത്തെ ട്രേ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രം, എ.സി മെഷീന്റെ അടിയിലെ ട്രേ എന്നിവയിലെ വെള്ളം രണ്ടു ദിവസത്തിലൊരിക്കല്‍ കളയുകയോ തുടച്ചുമാറ്റുകയോ ചെയ്യണം. ടെറസ്, സണ്‍ഷെയ്ഡുകള്‍ എന്നിവയിലെ മാലിന്യങ്ങള്‍ നീക്കി വെള്ളം ഒഴുക്കി കളയണം. ഓവര്‍ ഹെഡ് വാട്ടര്‍ ടാങ്കുകള്‍ മൂടി സൂക്ഷിക്കണം. ഉപയോഗിക്കാതെ കിടക്കുന്ന ടോയ്‌ലറ്റുകള്‍ ആഴ്ചയിലൊരിക്കല്‍ ഫ്‌ളഷ് ചെയ്യണം.
മുറ്റത്തും തൊടിയിലും
ചിരട്ട, പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ടയറുകള്‍, പൊട്ടിയ ചട്ടികള്‍, മുട്ടത്തോട് തുടങ്ങി വെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിടാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഇവ വെള്ളം വീഴാത്ത വിധം സൂക്ഷിക്കണം. മരക്കുറ്റികളിലും മുളങ്കുറ്റികൡും മണ്ണ് നിറയ്ക്കണം. കമുകിന്റെ പാളകള്‍, ദ്വാരങ്ങള്‍ വീണ വെള്ളയ്ക്ക, കരിക്ക്, കൊക്കോ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാതെ പറമ്പില്‍ നിന്ന് മാറ്റണം.
റസിഡന്റ്‌സ് അസോസിയേഷനുകള്‍
ഓരോ പ്രദേശത്തെയും കൊതുക് വളരുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവയെ നശിപ്പിക്കണം. പനിയുള്ള പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിച്ച് ഡ്രൈഡേ ആചരിക്കണം. കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തണം. പനി, പകര്‍ച്ചവ്യാധി വിവരങ്ങള്‍ ആരോഗ്യ വകുപ്പിനെയും തദ്ദേശഭരണ സ്ഥാപനങ്ങളെയും യഥാസമയം അറിയിക്കണം.
സന്നദ്ധ സംഘടനകള്‍
പൊതുസ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കൊതുകിന്റെ ഉറവിടങ്ങളും കൊതുക് വളരാനുള്ള സാഹചര്യങ്ങളും കണ്ടെത്തി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അതത് പ്രദേശത്തെ കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കണം.
കൊപ്ര, കരിക്ക് കച്ചവടക്കാര്‍
കൊപ്ര പുരകള്‍, വെളിച്ചെണ്ണ മില്ലുകള്‍ എന്നിവിടങ്ങളില്‍ ചിരട്ട, കരിക്ക്, കച്ചവട സ്ഥലങ്ങളില്‍ കരിക്കിന്റെ തൊണ്ട് എന്നിവ മഴവെള്ളം വീഴാത്ത വിധത്തില്‍ സൂക്ഷിക്കാന്‍ ഉടമകള്‍ ശ്രദ്ധിക്കണം.
വാഹന റിപ്പയറിംഗ് വര്‍ക്ക്‌ഷോപ്പുകള്‍, ടയര്‍ റീട്രേഡിംഗ് സെന്ററുകള്‍, വാഹന ഗാരേജുകള്‍
വാഹനത്തിന്റെ പഴയ ഭാഗങ്ങള്‍, ടിന്നുകള്‍, ടയറുകള്‍, പഴകിയ വാഹനങ്ങള്‍ എന്നിവയില്‍ വെള്ളം കെട്ടിനിന്ന് കൊതുകു വളരാനുള്ള സാഹചര്യം സ്ഥാപന മേധാവികള്‍ ഒഴിവാക്കണം.
കച്ചവട സ്ഥാപനങ്ങള്‍/പൊതുസ്ഥാപനങ്ങള്‍/ലോഡ്ജുകള്‍/ഹോട്ടലുകള്‍ മുതലായവ
സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളിലും അവയുടെ പരിസരത്തും വെള്ളം കെട്ടിനില്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുകു വലകളും കൊതുക് നിവാരണികളും ലഭ്യമാക്കണം.
സ്‌കൂളുകള്‍/കോളേജുകള്‍
സ്‌കൂള്‍/കോളേജ് കെട്ടിടവും പരിസരവും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊതുകു മുക്തമാക്കണം. വീടുകളില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് കുട്ടികള്‍ ഉറപ്പുവരുത്തണം. സയന്‍സ് ക്ലബ്, ഹെല്‍ത്ത് ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍, ബോധവത്ക്കരണ ക്ലാസുകള്‍, ചര്‍ച്ചകള്‍, റാലികള്‍ തുടങ്ങിയവ സംഘടിപ്പിക്കണം. അസംബ്ലിയില്‍ കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെയും കൊതുകു നശീകരണത്തിനായും പ്രതിജ്ഞയെടുക്കണം.
കെട്ടിട നിര്‍മാതാക്കള്‍
കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. വെള്ളം ശേഖരിക്കുന്ന ടാങ്കുകള്‍ കൊതുക് കടക്കാത്തവിധം വല ഉപയോഗിച്ചോ കൂത്താടി നാശിനികള്‍ ഉപയോഗിച്ചോ സംരക്ഷിക്കാന്‍ കോണ്‍ട്രാക്ടര്‍മാരും ഉടമകളും നടപടി സ്വീകരിക്കണം.
സാനിട്ടേഷന്‍/മണ്‍പാത്രങ്ങള്‍/അലങ്കാര വസ്തുക്കള്‍ എന്നിവയുടെ കച്ചവട സ്ഥാപനങ്ങള്‍
പ്രദര്‍ശനത്തിനായി പുറത്തുവച്ചിരിക്കുന്ന സാനിട്ടേഷന്‍ വെയറുകള്‍, മണ്‍പാത്രങ്ങള്‍, കോണ്‍ക്രീറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവയില്‍ വെള്ളംകെട്ടി നിന്ന് കൊതുക് വളരുന്നതിനാല്‍ ഇവ മഴവെള്ളം വീഴാത്ത വിധത്തില്‍ സൂക്ഷിക്കണം.
പോലീസ്, എക്‌സൈസ് സ്‌റ്റേഷനുകള്‍
സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചുള്ള വാഹനങ്ങള്‍ വിവിധ വസ്തുവകകള്‍, കന്നാസുകള്‍, പാത്രങ്ങള്‍ എന്നിവയില്‍ മഴവെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാഹചര്യം ഉള്ളതിനാല്‍ മഴവെള്ളം വീഴാത്തവിധം സൂക്ഷിക്കണം.
തോട്ടം ഉടമകള്‍/പ്ലാന്റേഷന്‍/കോര്‍പ്പറേഷന്‍/വിവിധ ബോര്‍ഡുകള്‍
അടയ്ക്കാ, കൈതച്ചക്ക, റബര്‍, കാപ്പി, കൊക്കോ മുതലായ തോട്ടങ്ങളില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. റബര്‍ തോട്ടങ്ങളില്‍ പാല്‍ശേഖരിക്കുന്ന ചിരട്ടകള്‍ മഴക്കാലത്ത് കമഴ്ത്തിവയ്ക്കാന്‍ തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കണം. തൊഴിലാളികളെ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണം. കൊതുകു നശീകരണ മാര്‍ഗങ്ങളെക്കുറിച്ച് തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കണം.
തദ്ദേശഭരണ സ്ഥാപനങ്ങള്‍
ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി പൊതുജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കി കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
ഓടകളിലെയും തോടുകളിലെയും മാലിന്യം നീക്കം ചെയ്ത് വെള്ളം സുഗമമായി ഒഴുകാനുള്ള നടപടി സ്വീകരിക്കണം. താമസമില്ലാത്ത കെട്ടിടങ്ങള്‍, കാടുമൂടിക്കിടക്കുന്ന പറമ്പുകള്‍ എന്നിവിടങ്ങളില്‍ കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
സ്വയം കരുതല്‍ പ്രധാനം
ഈഡിസ് കൊതുകുകള്‍ കടിക്കുന്നത് രാവിലെയും വൈകിട്ടുമാണ്. പകല്‍ സമയത്ത് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരീരം നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കണം. ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കണം. പനി ഉള്ളവര്‍ നിര്‍ബന്ധമായും കൊതുകുവലയുടെ സംരക്ഷണത്തില്‍ വിശ്രമിക്കണം. കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടണം. രാവിലെയും സന്ധ്യാ സമയത്തും വാതിലുകളും ജനലുകളും കൊതുകുകടക്കാത്തവിധം അടയ്ക്കണം. കുന്തിരിക്കം, വേപ്പില തുടങ്ങിയവ ഉപയോഗിച്ച് പുകയ്ക്കാവുന്നതാണ്. ഊര്‍ജിത കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ഡി.എം.ഒ അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!