‘കൊച്ചി വണ്‍ ആപ്’ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനുംശേഷം കേരളത്തിന്റെ സ്വപ്‌നപദ്ധതി കൊച്ചി മെട്രോ യാത്രതുടങ്ങി. പാലാരിവട്ടം സ്റ്റേഷനില്‍ നാടമുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പ്രധാനമന്ത്രി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചു.
ശനിയാഴ്ച രാവിലെ 10.15ന് കൊച്ചി നാവികവിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് റോഡുമാര്‍ഗം പാലാരിവട്ടം സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രി 10.35ന് നാടമുറിച്ച് മെട്രോ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മെട്രോയില്‍ പത്തടിപ്പാലംവരെ പ്രധാനമന്ത്രി യാത്രചെയ്തു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍, കെഎംആര്‍എല്‍ എം ഡി ഏലിയാസ് ജോര്‍ജ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം യാത്രയില്‍ ഉണ്ടായിരുന്നു.ഉദ്ഘാടന ചടങ്ങില്‍ കെ എം ആര്‍എല്‍ എംഡി എലിയാസ് ജോര്‍ജ് സ്വാഗതം പറഞ്ഞു.
മെട്രോയാത്രയ്ക്കും അനുബന്ധ സംവിധാനങ്ങള്‍ക്കും വേണ്ടിയുള്ള ‘കൊച്ചി വണ്‍ കാര്‍ഡ്’ കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവും ‘കൊച്ചി വണ്‍ ആപ്’ മുഖ്യമന്ത്രി പിണറായി വിജയനും പുറത്തിറക്കി.
വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍,ഗതാഗതമന്ത്രി തോമസ് ചാണ്ടി, കെ വി തോമസ് എം പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മേയര്‍ സൌമിനി ജയിന്‍, ഇ ശ്രീധരന്‍,ഏലിയാസ് ജോര്‍ജ് എന്നിവരുമുണ്ടായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!