വടശേരിക്കര ബൗണ്ടറിയിലും കടുവ ആക്രമണം

  konnivartha.com; പെരുനാട്ടില്‍ കടുവ മൂന്നു പശുക്കളെ കൊന്നതിന് പിന്നാലെ വടശേരിക്കര ബൗണ്ടറിയിലും ആക്രമണം. മൂന്നു ആട്ടിന്‍കുട്ടികളെ കടുവ കടിച്ചെടുത്ത് കാടു കയറി. പിന്നാലെ കാട്ടുപോത്തും ആനയും നാട്ടിലിറങ്ങിയതോടെ വനമേഖല ഭീതിയില്‍. വടശേരിക്കര ബൗണ്ടറി വാലുമണ്ണില്‍ അമ്പിളി സദാനന്ദന്റെ വീട്ടുമുറ്റത്തെ കൂട്ടില്‍ നിന്നാണ് കടുവ ആടുകളെ കൊണ്ടുപോയത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ വീട്ടിന് പിന്നില്‍ അസാധാരണ രീതിയിലുള്ള ശബ്ദം കേട്ടതിനെ തുടര്‍ന്ന് നോക്കുമ്പോഴാണ് ആടിനെ കടിച്ചെടുത്ത് ഓടുന്ന കടുവയെ വീട്ടുകാര്‍ കാണുന്നത്. ഒളികല്ല് വനമേഖലയോട് ചേര്‍ന്നുള്ള ഈ പ്രദേശത്തെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. കാട്ടു പോത്തിന് പിന്നാലെ ആനയും ഇവിടെയെത്തി. ഒളികല്ല് അംഗന്‍വാടിക്ക് സമീപത്തായിട്ടാണ് കാട്ടാന വന്നത്. വനപാലക സംഘം വടശേരിക്കര, ഒളികല്ല് ഭാഗത്ത് എത്തി. വന്യമൃഗങ്ങള്‍ ഇറങ്ങിയെന്ന വിവരം ഇവരും സ്ഥിരീകരിക്കുന്നുണ്ട്.

Read More