Trending Now

രാക്ഷസന്‍പാറയുടെ സംരക്ഷണം നാടിന്‍റെ ആവശ്യം : അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ

Spread the love

 

konnivartha.com: രാക്ഷസന്‍പാറയുടെ സംരക്ഷണം നാടിന്റെ ആവശ്യമാണെന്ന് അഡ്വ. കെ. യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ കൂടല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.

 

റവന്യു ഭൂമി പത്തു ദിവസത്തിനുള്ളില്‍ അളന്നു തിട്ടപ്പെടുത്തുമെന്നും അതിനായി പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. രാക്ഷസന്‍പാറയില്‍ ടൂറിസം പദ്ധതി നടപ്പാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ നാടിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

1.15 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം കുടുംബാരോഗ്യകേന്ദ്രത്തിനായി നിര്‍മിച്ചിരിക്കുന്നത്. പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത് 6.62 കോടി രൂപയാണ്. ആകെ എട്ടേകാല്‍ കോടി രൂപയാണ് കൂടല്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ വികസനപ്രവര്‍ത്തങ്ങള്‍ക്കായി മാറ്റിവച്ചിട്ടുള്ളത്. കേരളത്തിന് തന്നെ മാതൃകയായ ഒരു കുടുംബാരോഗ്യകേന്ദ്രമായി കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ ഈ ആരോഗ്യകേന്ദ്രം മാറ്റാന്‍ കഴിയും. നിലവില്‍ ഉച്ചയ്ക്ക് രണ്ടു വരെയുള്ള ഒപി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വൈകുന്നേരം ആറു മണി വരെയായി നീട്ടാന്‍ കഴിയും. നാടിന്റെ എല്ലാ അടിസ്ഥാനസൗകര്യങ്ങളുടെയും വികസനത്തില്‍ മികച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും നാടിനു വേണ്ടിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ ജാസ്മിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി, ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജീവന്‍ കെ നായര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!