Trending Now

കേരളീയം : ഇന്നത്തെ വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 31/10/2023 )

 

കേരളീയത്തിന്റെ ആവേശം നിറച്ച് നഗരത്തിൽ പുലികളിറങ്ങി

അനന്തപുരിയുടെ നഗരവീഥികളിൽ കേരളീയത്തിന്റെ ആവേശം നിറച്ച് പുലികളിറങ്ങി.കേരളീയം 2023 ന്റെ അവസാന വട്ട വിളംബരത്തിന്റെ ഭാഗമായി അരങ്ങേറിയ പുലികളിയുടെ ഉദ്ഘാടനം  കനകക്കുന്ന് പാലസിനു സമീപത്തെ പുൽത്തകിടിയിൽ കേരളീയം കാബിനറ്റ് ഉപസമിതി കൺവീനറും ധനകാര്യ വകുപ്പു മന്ത്രിയുമായ കെ.എൻ.ബാലഗോപാൽ, സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി വി.ശിവൻ കുട്ടി,മന്ത്രിമാരായ ജി.ആർ. അനിൽ,ആന്റണി രാജു എന്നിവർ ചേർന്ന് നിർവഹിച്ചു.

കനകക്കുന്നിൽ നിന്ന് ചെണ്ട മേളത്തിനൊപ്പം ചുവടുവെച്ച പുലികൾ മ്യൂസിയം ജംക്ഷനിലും കോർപ്പറേഷൻ മുറ്റത്തും പാളയത്തും അരങ്ങു തകർത്തു.
മാനവീയം വീഥിയിലാണ് പുലികളി സമാപിച്ചത്.ഓരോ ജംക്ഷനിലും ആവേശകരമായ സ്വീകരണമാണ് കേരളീയം പുലികളിക്ക് ലഭിച്ചത്.

തൃശൂരിൽ നിന്നെത്തിയ 20 അംഗ പുലികളി സംഘമാണ് നഗരത്തിൽ കേരളീയത്തിന്റെ ആവേശം നിറച്ചത്.
ഓണക്കാലത്ത് തൃശൂർ സ്വരാജ് റൗണ്ടിൽ കളിക്കിറങ്ങുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് നഗരത്തിലെത്തിയത്.

ഐ.ബി.സതീഷ് എം.എൽ.എ.,കേരളീയം സംഘാടക സമിതി ജനറൽ കൺവീനർ എസ്.ഹരികിഷോർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കേരളീയം ലോകത്തിന് മുന്നില്‍ കേരളത്തിന്റെ വാതായനങ്ങള്‍ തുറക്കും-മന്ത്രി കെ. എന്‍ ബാലഗോപാല്‍

* അവസാന വട്ട മിനുക്കുപണികളിൽ കേരളീയം വേദികൾ
* ഒരുക്കങ്ങൾ വിശദീകരിച്ച് മന്ത്രിമാർ

കേരളീയത്തിന്റെ ആദ്യ എഡിഷന്‍ നാളെ(നവംബർ – 01) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ലോകത്തിന് മുന്നില്‍ കേരളത്തിന്റെ വാതായനങ്ങള്‍ തുറന്നിടുകയാണെന്ന് ധനകാര്യവകുപ്പ് മന്ത്രിയും കേരളീയം കാബിനറ്റ് ഉപസമിതി കണ്‍വീനറുമായ കെ.എൻ.ബാലഗോപാൽ.മന്ത്രിമാരുടെ നേതൃത്വത്തില്‍ കേരളീയം ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം കനകക്കുന്ന് പാലസിൽ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.മന്ത്രിമാരായ വി.ശിവൻ കുട്ടി,ജി.ആർ.അനിൽ,
ആന്റണി രാജു എന്നിവര്‍ ധനകാര്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.കേരളത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കുന്ന പരിപാടിയാണ് കേരളീയം.ഇതിനോടകം കേരളീയം ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.കേരളത്തിനകത്ത് നിന്നും പുറത്തും നിന്നും ലക്ഷക്കണക്കിന് ആളുകൾ കേരളീയം കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെമിനാറുകളില്‍ സാമ്പത്തിക,സാമൂഹിക ശാസ്ത്രജ്ഞരടക്കം ലോകോത്തര വിദഗ്ധരാണ് പങ്കെടുക്കുന്നത്.അമര്‍ത്യാസെന്നും റെമീലാ ഥാപ്പറും ഉൾപ്പെടെയുള്ളവര്‍ കേരളീയത്തില്‍ പങ്കാളികളാകും. പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ കമലഹാസനും മമ്മൂട്ടിയും മോഹന്‍ലാലും ശോഭനയും അടക്കമുള്ള സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരും പങ്കെടുക്കുമെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.

കേരളീയത്തിന്റെ സംഘാടനത്തിന് എല്ലാ മേഖലകളില്‍ നിന്നും മികച്ച സഹകരണമുണ്ടായതായി സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.20 കമ്മിറ്റികളും നന്നായി പ്രവര്‍ത്തിച്ചു.ഒരു വര്‍ഷത്തെ തയ്യാറെടുപ്പ് വേണ്ട ബൃഹദ് പരിപാടി വെറും 75 ദിവസം കൊണ്ടാണ് സംഘടിപ്പിക്കുന്നത്.ഉദ്ഘാടന പരിപാടിയില്‍ 10,000 പേര്‍ പങ്കെടുക്കും. 25 സെമിനാറുകളിലായി 25,000 പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെയാണ് സെമിനാറുകള്‍. കേരളീയം കാണാന്‍ ദിവസവും ശരാശരി അരലക്ഷം പേരെത്തുമെന്നും മന്ത്രി പറഞ്ഞു.എല്ലാ വേദികളിലും നടക്കുന്ന പരിപാടികള്‍ കണ്ടു തീര്‍ക്കാന്‍ ഒരാഴ്ച വേണ്ടിവരും. 42 വേദികളിലും പ്രവേശനം സൗജന്യമാണ്- മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

കേരളീയത്തില്‍ ചര്‍ച്ചകള്‍ക്ക് മാത്രമായി 100 മണിക്കൂറിലേറെ മാറ്റിവെച്ചിട്ടുണ്ടെന്നും ഇതുവഴി ഭാവികേരളത്തിന് ഏറ്റവും പ്രയോജനകരമായ ഒരു പരിപാടിയായി കേരളീയം മാറുമെന്നും മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് പരമാവധി ബുദ്ധിമുട്ട് ഒഴിവാക്കുന്ന തരത്തിലാണ് ഗതാഗത ക്രമീകരണം വരുത്തിയിട്ടുള്ളതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.വലിയ ജനക്കൂട്ടം എത്തുന്നതിനാല്‍ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. കെ എസ് ആർ ടി സി യുടെ സൗജന്യ സര്‍വീസ് പരമാവധി ഉപയോഗപ്പെടുത്തണം.സ്വകാര്യ വാഹനങ്ങൾ ഈ സമയത്ത് പരമാവധി ഒഴിവാക്കണം.കേരളീയം വേദികള്‍ക്കിടയില്‍ സൗജന്യ സര്‍വീസ് നടത്തുന്ന 20 ലധികം ഇലക്ട്രിക് ബസുകള്‍ തുടര്‍ച്ചയായി ഓടുമെന്നും മന്ത്രി പറഞ്ഞു.
മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ബാബു,സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എസ് ഹരികിഷോര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

100 സിനിമകളുമായി കേരളീയം ചലച്ചിത്രമേള

 

കേരളത്തിന്‍റെ ഔന്നത്യം വിളിച്ചോതുന്ന കേരളീയം മഹോത്സവത്തിന്‍റെ ഭാഗമായുള്ള കേരളീയം ചലച്ചിത്രമേളയില്‍ 100 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഫിലിം ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ ഡി.സുരേഷ് കുമാര്‍ അറിയിച്ചു.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയില്‍ നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കൈരളി,ശ്രീ,നിള,കലാഭവന്‍ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം. 87 ഫീച്ചര്‍ ഫിലിമുകളും ഇൻഫർമേഷൻ പബ്ലിക് റിലേഷന്‍സ് വകുപ്പും ചലച്ചിത്ര അക്കാദമിയും നിര്‍മ്മിച്ച 13 ഡോക്യുമെന്‍ററികളുമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ക്ലാസിക് ചിത്രങ്ങള്‍,കുട്ടികളുടെ ചിത്രങ്ങള്‍,സ്ത്രീപക്ഷ സിനിമകള്‍,ജനപ്രിയ ചിത്രങ്ങള്‍,ഡോക്യുമന്‍ററികള്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം.അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത എലിപ്പത്തായമാണ് ആദ്യചിത്രമായി പ്രദര്‍ശിപ്പിക്കുന്നത്.ഉദ്ഘാടന ദിവസം രാത്രി 7.30ന് നിള തിയേറ്ററില്‍ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ത്രിഡിയില്‍ പ്രദര്‍ശിപ്പിക്കും.ഈ ചിത്രത്തിന്‍റെ രണ്ടു പ്രദര്‍ശനങ്ങള്‍ മേളയില്‍ ഉണ്ടായിരിക്കുമെന്നും കനകക്കുന്ന് പാലസ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്‍റെ നവോത്‌ഥാന കാലഘട്ടത്തിലൂടെയുള്ള യാത്രയുടെ ദൃശ്യാവിഷ്കാരമാണ് കേരളീയം ചലച്ചിത്ര മേളയെന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു.

ഡിജിറ്റല്‍ സാങ്കേതികതയുടെ സഹായത്തോടെ ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും മിഴിവ് വര്‍ധിപ്പിച്ച അഞ്ചു ക്ലാസിക് സിനിമകളുടെ പ്രദര്‍ശനം മേളയുടെ മുഖ്യ ആകര്‍ഷണമായിരിക്കും.ഓളവും തീരവും, യവനിക,വാസ്തുഹാര എന്നീ ചിത്രങ്ങളുടെ രണ്ട് ഡിജിറ്റല്‍ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പുകളും കുമ്മാട്ടി, തമ്പ് എന്നീ ചിത്രങ്ങളുടെ 4 കെ പതിപ്പുകളുമാണ് പ്രദര്‍ശിപ്പിക്കുക.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചലച്ചിത്ര പൈതൃകസംരക്ഷണ പദ്ധതിയുടെ ഭാഗമായി പുനരുദ്ധരിച്ച സിനിമകളാണ് പി.എന്‍.മേനോന്‍റെ ഓളവും തീരവും കെ.ജി ജോര്‍ജിന്‍റെ യവനിക,ജി.അരവിന്ദന്‍റെ വാസ്തുഹാര എന്നീ ചിത്രങ്ങള്‍.ഇന്ത്യയുടെ ചലച്ചിത്ര പൈതൃക സംരക്ഷണത്തിനായി ഡോക്യുമെന്‍ററി സംവിധായകന്‍ ശിവേന്ദ്രസിംഗ് ദുംഗാര്‍പൂര്‍ സ്ഥാപിച്ച ഫിലിം ഹെരിറ്റേജ് ഫൗണ്ടഷനാണ് തമ്പ്,കുമ്മാട്ടി എന്നീ ചിത്രങ്ങള്‍ 4 കെ റെസല്യൂഷനില്‍ പുനരുദ്ധരിച്ചിരിക്കുന്നത്.ഈയിടെ അന്തരിച്ച ചലച്ചിത്രനിര്‍മ്മാതാവ് ജനറല്‍ പിക്ചേഴ്സ് രവിക്കുള്ള ആദരമെന്ന നിലയില്‍ കുമ്മാട്ടി നവംബര്‍ രണ്ടിന് നിളയിലും തമ്പ് മൂന്നിന് ശ്രീയിലും പ്രദര്‍ശിപ്പിക്കും.

നാഷനല്‍ ഫിലിം ആര്‍ക്കൈവ് ഡിജിറ്റൈസ് ചെയ്ത നീലക്കുയില്‍,ഭാര്‍ഗവീനിലയം എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നീലക്കുയിലിന്‍റെ യഥാര്‍ഥ തിയേറ്റര്‍ പതിപ്പാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.ക്ലാസിക്കുകളുടെ വിഭാഗത്തില്‍ ചെമ്മീന്‍,നിര്‍മാല്യം,കുട്ടി സ്രാങ്ക്,സ്വപ്നാടനം, പെരുവഴിയമ്പലം,രുഗ്മിണി,സ്വരൂപം തുടങ്ങിയ 22 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

കലാമൂല്യവും ജനപ്രീതിയുമുള്ള സിനിമകള്‍ക്ക് സംസ്ഥാന-ദേശീയ അംഗീകാരങ്ങള്‍ ലഭിച്ച സിനിമകളും തിയേറ്ററുകളെ ജനസമുദ്രമാക്കിയ ഹിറ്റ് ചിത്രങ്ങളുമാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.ഒരു വടക്കന്‍വീരഗാഥ,ഗോഡ് ഫാദര്‍,മണിച്ചിത്രത്താഴ്, വൈശാലി,നഖക്ഷതങ്ങള്‍,പെരുന്തച്ചന്‍,കിരീടം,1921, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍,യാത്ര,അനുഭവങ്ങള്‍ പാളിച്ചകള്‍,ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം,നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, കോളിളക്കം,മദനോത്സവം,പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദ സെയിന്‍റ് തുടങ്ങിയ 22 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.സ്ത്രീപക്ഷ സിനിമകളും വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയ പാക്കേജില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച നാലു സിനിമകള്‍ക്ക് പുറമെ ആലീസിന്‍റെ അന്വേഷണം,നവംബറിന്‍റെ നഷ്ടം, മഞ്ചാടിക്കുരു,ജന്മദിനം,ഒഴിമുറി,ഓപ്പോള്‍,ഒരേകടല്‍, പരിണയം തുടങ്ങിയ 22 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

 

കുട്ടികളുടെ വിഭാഗത്തില്‍ മനു അങ്കിള്‍,കേശു,നാനി, പ്യാലി,ബൊണാമി,ഒറ്റാല്‍ തുടങ്ങിയ 20 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.ഡോക്യുമെന്‍ററി വിഭാഗത്തില്‍ ശ്രീകുമാരന്‍ തമ്പി,എം.കൃഷ്ണന്‍ നായര്‍ എന്നിവരെക്കുറിച്ച് ചലച്ചിത്ര അക്കാദമി നിര്‍മിച്ച ചിത്രങ്ങളും വയലാര്‍ രാമവര്‍മ്മ,കെ.ജി.ജോര്‍ജ്,രാമു കാര്യാട്ട്,ഒ.വി.വിജയന്‍,വള്ളത്തോള്‍,പ്രേംജി,മുതുകുളം രാഘവന്‍ പിള്ള എന്നിവരെക്കുറിച്ച് പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിച്ച ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുക.

 

നാലു തിയേറ്ററുകളിലും ദിവസേന നാലു പ്രദര്‍ശനങ്ങള്‍ വീതം

ഉണ്ടായിരിക്കും.തിയേറ്ററുകളിലേക്കുള്ള പ്രവേശനം സൗജന്യമാണ്.എന്നാല്‍ ആദ്യമെത്തുന്നവര്‍ക്ക് ഇരിപ്പിടം എന്ന മുന്‍ഗണനാക്രമം പാലിച്ചുകൊണ്ടാണ് പ്രവേശനം അനുവദിക്കുക.തിരക്കു നിയന്ത്രിക്കുന്നതിനായി സൗജന്യ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിയേറ്ററുകളുടെ ഉള്ളിലേക്ക് ബാഗുകള്‍,ആഹാരസാധനങ്ങള്‍ എന്നിവ കൊണ്ടുവരാന്‍ അനുവദിക്കുന്നതല്ല.

കേരളീയത്തിന്‍റെ ഭാഗമായി മലയാള ചലച്ചിത്ര ചരിത്രവുമായി ബന്ധപ്പെട്ട് കനകക്കുന്നില്‍ ‘മൈല്‍സ്റ്റോണ്‍സ് ആന്‍ഡ് മാസ്റ്ററോസ്:ദ വിഷ്വല്‍ ലെഗസി ഓഫ് മലയാളം സിനിമ’ എക്സിബിഷന്‍ നടക്കും. 250 ഫോട്ടോകള്‍,പാട്ടുപുസ്തകങ്ങള്‍,നോട്ടീസുകള്‍, ചലച്ചിത്ര പ്രസിദ്ധീകരണങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിന് സജ്ജമാക്കും.മലയാള സിനിമയിലെ ശീര്‍ഷകരൂപകല്‍പ്പനയുടെ ചരിത്രം പറയുന്ന അനൂപ് രാമകൃഷ്ണന്‍റെ ‘ദ സ്റ്റോറി ഓഫ് മൂവി ടൈറ്റിലോഗ്രഫി’യുടെ ഡിജിറ്റല്‍ പ്രദര്‍ശനം എക്സിബിഷന്‍ ഏരിയയിലെ ബ്ലാക് ബോക്സില്‍ സംഘടിപ്പിക്കും.

ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍മാലിക്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍,സെക്രട്ടറി സി. അജോയ്,കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ എന്‍.മായ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

error: Content is protected !!