Trending Now

അമേരിക്കയിലിരുന്ന് നാട്ടിൽ ഒരു പശുവിനെ വാങ്ങിച്ചാലോ? വിർച്വൽ ഫാമിങ്ങുമായി ജെല്ലിക്കെട്ട്, ഐ എൻസി

 

konnivartha.com/ന്യൂയോർക്ക്: അമേരിക്കയിലിരുന്ന് നാട്ടിൽ ഒരു പശുവിനെ വാങ്ങിച്ചാലോ? തമാശയല്ല,ലോകത്തിന്റെ ഏത് കോണിലിരുന്നും പശുക്കളെ സ്വന്തമാക്കാൻ അവസരമൊരുക്കുന്ന സംരംഭത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ജെല്ലിക്കെട്ട് എന്ന കമ്പനിയാണ് ഈ സൗകര്യം ഒരുക്കുന്നത്.

വർച്വൽ ഫാമിംഗ് എന്ന ഈ പ്രോജക്റ്റിന്റെ സാധ്യത മനസ്സിലാക്കി, തമിഴ്‌നാട് ഗവണ്മെന്റ് ഫാം നടത്താൻ ആവശ്യമായ സ്ഥലം വിട്ടുകൊടുത്ത് മികച്ച പിന്തുണയാണ് നൽകിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളും കേന്ദ്ര ഗവണ്മെന്റും ഈ വിധം സഹകരിച്ചാൽ കമ്പനി നല്ല രീതിയിൽ മുന്നേറും. അത് ഉടൻ സാധ്യമാകുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.

കമ്പനിയുടെ യുഎസിൽ നിന്നുള്ള ഡയറക്ടർ തോമസ് കെ.തോമസും ചെയർമാൻ രാജേഷ് സൗന്ദരാജനും ചേർന്നാണ് ടൈംസ് സ്‌ക്വയറിലെ നസ്‌ഡാക്കിൽ പ്രസ് ഇവന്റ് സംഘടിപ്പിച്ചുകൊണ്ട് കമ്പനിയുടെ ലോഞ്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുഎസിലെ മിക്ക സംസ്ഥാനങ്ങളിലെയും കാലാവസ്ഥ കന്നുകാലി വളർത്തലിന് അനുയോജ്യം അല്ലാത്തതുകൊണ്ട് പശുവിനെ വളർത്താനുള്ള ആഗ്രഹം മനസ്സിൽ മൂടിയിട്ടവർക്ക്, ഇതൊരു ആശ്വാസമാകും.

കന്നുകാലിവളർത്തൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങുന്ന കമ്പനിക്ക് എന്ത് പേരിടുമെന്ന് ചിന്തിച്ചപ്പോൾ മനസ്സിലേക്ക് ഓടിപ്പാഞ്ഞെത്തിയ പേരാണത്രെ ജെല്ലിക്കെട്ട്. തമിഴ്‌നാടിന്റെ സംസ്കാരവുമായി ഇഴുകിച്ചേർന്ന കാളപ്പോരുമായി ബന്ധപ്പെട്ട ഈ പേര് ഇന്ത്യയിലെങ്ങും പരിചിതവുമാണല്ലോ.

പശുക്കൾക്ക് ദൈവത്തിന്റെ സ്ഥാനം നൽകുകയും ‘ഗോമാതാവ്’ എന്ന നിലയിൽ ആരാധിക്കുകയും ചെയ്യുന്ന ലക്ഷോപലക്ഷം ആളുകളുള്ള ഇന്ത്യയുമായി ചേർന്ന് ഇങ്ങനൊരു വേറിട്ട ചിന്ത ക്ലച്ച് പിടിക്കുമെന്ന കാര്യത്തിൽ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് സംശയിക്കാനില്ല. ‘നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നിയില്ലല്ലോ ദാസാ… ‘എന്ന് കേൾക്കുന്നവർക്ക് തോന്നാം!

പശുവിനെ വാങ്ങുന്നതും പരിപാലിക്കുന്നതും പുണ്യമാണെന്നും അതുമൂലം അഭിവൃദ്ധി ഉണ്ടാകുമെന്നും വിശ്വസിക്കുന്ന ഒരുപാടുപേർ ഇന്ത്യയിലുണ്ട്.

ന്യൂയോർക്ക് സിറ്റി മേയർ ഓഫീസിലെ ഡെപ്യൂട്ടി കമ്മീഷണറായ ദിലീപ് ചൗഹാൻ കമ്പനിക്ക് അമേരിക്കയിലേക്ക് സ്വാഗതം അറിയിച്ചു. ഗോക്കളെ പാവനമായി കരുതുന്ന അദ്ദേഹത്തെപ്പോലെ ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റിയിലെ ധാരാളം പേർക്ക് ഇതൊരു സന്തോഷ വാർത്തയാണ്.

അമേരിക്കയിലെ വീട്ടിലോ ഓഫീസിലോ ഇരുന്ന് നിങ്ങൾ വാങ്ങുന്ന പശുക്കളെയും അതിന്റെ കിടാങ്ങളെയും രാത്രിയും പകലും എന്ന വ്യത്യാസമില്ലാതെ എപ്പോൾ വേണമെങ്കിലും കാണാം. അതിന്റെ പരിപാലനവും ഏറ്റെടുക്കാം. ഒരു നിശ്ചിത തുക കൊടുത്ത പശുവിനെ സ്വന്തമാക്കാം. അതിന്റെ പരിചരണവും മറ്റും വിദഗ്ദർ നോക്കിക്കൊള്ളും.

പശുവിനു എത്ര വിലയാകുമെന്ന് പുറത്തുവിട്ടിട്ടില്ല. പശുവിനെയും അതിന് വളരാനുള്ള ഇടവും വാങ്ങുന്നയാൾക്ക്, അത് പ്രസവിക്കുന്ന കിടാങ്ങളെയും നൽകുമെന്നാണ് കമ്പനി നൽകുന്ന ഉറപ്പ്. ദൈനംദിന ചിലവുകൾ ഉടമ വഹിക്കണം. പാലോ പാൽപൊടിയോ ആയി പശുവിന്റെ ഗുണഫലങ്ങൾ ഉടമയ്ക്ക് എത്തിക്കും.

ഉടമയും കുടുംബവും നാട്ടിൽ വരുന്ന അവസരങ്ങളിൽ പശുക്കളെ നേരിൽ ചെന്ന് കാണാനും ഫാം സന്ദർശിക്കാനും സാധിക്കും. വിദഗ്ദ്ധരായ തൊഴിലാളികളുടെ മേൽനോട്ടത്തിൽ, അത്യാധുനിക സൗകര്യങ്ങളാണ് ഗോക്കൾക്ക് ഒരുക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത.

വിവരങ്ങൾക്ക് : 516 851 3371