Trending Now

അൽപ്പം ചുരുളി മാഹാത്മ്യം

കോന്നിയൂര്‍ …. ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ രാജവംശത്തിന്‍റെ കഥ പറയുന്ന നാട്.കോന്നിയിലെ വിനോദ സഞ്ചാര സ്ഥലങ്ങളായ കോന്നി ആനക്കൂട് ,അടവി കുട്ട വഞ്ചി സവാരി എന്നിവ കണ്ടു നിറഞ്ഞവര്‍ക്ക് “ദേശ കാഴ്ച” ഒരുക്കുന്നു ചുരുളി വനത്തിലെ വിശേഷങ്ങള്‍. കോന്നി യിലെ വന വിശേഷങ്ങള്‍ ഏറെ പാടി പതിഞ്ഞതാണ്.എന്നാല്‍ ഈ ചുരുളി കാടുകള്‍ കയറിയവര്‍ അധികം ഇല്ല.കോന്നി വനം ഡിവിഷനില്‍ ഉള്ള നടുവത്ത് മൂഴി റേഞ്ച് ന്‍റെ ഭാഗമായ കല്ലേലി.കല്ലേലി പാലത്തില്‍ നിന്നും അച്ചന്‍കോവില്‍ നദിയുടെ അഴക്‌ ആസ്വ ദിച്ചു എങ്കില്‍ പതിയെ ചുരുളി കാട്ടിലേക്ക് കയറാം.എന്നും വിസ്മയം പകര്‍ന്നു നല്‍കുന്ന കാടുകള്‍ നമ്മെ തൊട്ടു വിളിക്കുന്നത്‌ ഇലകളുടെ ഓരം ചേര്‍ന്ന് അമരുമ്പോള്‍ കേള്‍ക്കാം.കാട്ടിലെ ഒരു ഇലയെ പോലും നോവിക്കരുത് എന്ന ഉപദേശം മനസ്സില്‍ ഉണ്ട് . കോന്നിയില്‍ നിന്നും അച്ചന്‍കോവില്‍ റോഡിലൂടെ ചെന്നാല്‍ അരുവാപ്പുലം എന്ന മനോഹര ഗ്രാമത്തില്‍ എത്താം തമിഴ് നാടുമായി അതിര്‍ത്തി പങ്കിടുന്ന നാടാണ് കോന്നി. അരുവാപ്പുലത്തിലെ തടി ഡിപ്പോയും ,ബ്രെട്ടീഷുകാര്‍ വെച്ച് പിടിപ്പിച്ച തേക്ക് തോട്ടവും കണ്ട് കല്ലേലിയില്‍ എത്താം. വനം വകുപ്പിന്‍റെ ചെക്ക്‌ പോസ്റ്റില്‍ പരിശോധന കഴിഞ്ഞു വീണ്ടും അല്‍പ്പം മുന്നേറാം.ഇടതു വശം ചേര്‍ന്ന് കാടിനു ള്ളിലേക്ക് പ്രവേശിക്കാം.പുറമേ നിന്നും നോക്കിയാല്‍ പച്ചില ചാര്‍ത്തുമായി വനം .അല്‍പ്പം കൂടി ഉള്ളിലേക്ക് കയറാം. അതാ മുന്നില്‍ അച്ചന്‍കോവില്‍ നദി.നദി കടന്നു മറുകരയില്‍ എത്തിയാല്‍ നാസികയിലേക്ക് അടിച്ചു കയറും ആന ചൂരിന്‍റെ ഗന്ധം.ചിലപ്പോള്‍ ആനകളെ കാണാം.

ആനകള്‍ ചവിട്ടി മെതിച്ച കുഴികളില്‍ നദിയില്‍ നിന്നും ഉള്ള ഉറവ വന്നടിഞ്ഞു ഒരു കുളം പോലെ കാണാം .ഇതില്‍ മ്ലാവും ,കേഴയും ,പന്നികളും ചെളി വെള്ളം കലക്കി തെറിപ്പിച്ചു. നദിയുടെ മറുകര തുടങ്ങുമ്പോള്‍ കാണാം കണ്ണെത്താ ദൂരത്തോളം ചുരുളി കാട്. വനാന്തര ഗ്രാമങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ ആരോഗ്യം കാത്തു സൂക്ഷിച്ചിരുന്നത് ചുരുളി പോലെ ഉള്ള വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് ആണെന്ന് കൂടെ ഉള്ള മണികണ്ഠന്‍ അറിവ് നിരത്തി.ആരോഗ്യ പച്ച പോലെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകവും ചുരുളിയില്‍ നിന്നും കിട്ടും.തളിര്‍ ഇലകള്‍ മാത്രമേ ഉപയോ ഗിക്കൂ.ഇലകള്‍തണ്ടോടെ അടര്‍ത്തി എടുത്ത് ചിലന്തി വലകള്‍ നീക്കം ചെയ്യണം .ചീര അരിയും പോലെ കൊത്തി അരിഞ്ഞു ആവശ്യത്തിനു വിഭവങ്ങള്‍ ചേര്‍ത്ത് വേവിച്ചാല്‍ നല്ലൊരു തോരനാകും മൂത്ര ച്ചുടിച്ചില്‍ മാറാന്‍ ഏറെ നല്ലത് ആണ് ചുരുളി എന്ന നാടന്‍ അറിവും മണികണ്ഠനില്‍ നിന്നും പകര്‍ന്നു കിട്ടി.ഇവിടെ നമ്മള്‍ കാഴ്ചകള്‍ കാണുകയാണ്. ചുരുളി കള്‍ വളര്‍ന്ന് അര പൊക്കം എത്തി നില്‍ക്കുന്നു.നിരീക്ഷണ പാടവം ഉള്ള ആര്‍ക്കും ചുരുളി കാടില്‍ കാണാം വിവിധ ചിലന്തികളെ.

വര്‍ണ്ണം വിതറിയ നൂലിഴകള്‍ കൊണ്ട് ഇരകളുടെ ജീവന്‍ കവര്‍ന്ന് അവയുടെ മാംസം ഭക്ഷിക്കുന്ന ചിലന്തികളില്‍ ചിലത് കടിച്ചാല്‍ വ്രണമാകും.ഒരു ഭാഗത്ത്‌ കാട്ടു പന്നികള്‍ സ്വര്യവി ഹാരം നടത്തുന്നു.മറു ഭാഗത്ത്‌ ഇടയ്ക്കു തല പൊക്കി നോക്കുന്ന മ്ലാവ്.ചുരുളി കാട്ടിലൂടെ നടക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ശ്രവിച്ച ഏതൊക്കെയോ കാട്ടു ജീവികള്‍ പ്രാണ രക്ഷാര്‍ത്ഥം ഓടുന്ന ആരവം ചിലപ്പോള്‍ പേടി പെടുത്തും.അകലെ നൂലിഴ പോലെ കാട്ടരുവി പാറ മുകളില്‍ നിന്നും പതിക്കുന്ന കാഴ്ച നയങ്ങള്‍ക്ക് വീണ്ടും വിരുന്നു ഒരുക്കുന്നു.വീഡിയോ ക്യാമറ യുടെ കണ്ണുകളില്‍ ചിലന്തി വല നെയ്യാന്‍ തക്കം പാര്‍ക്കുന്നു.കാലുകളില്‍ സൂക്ഷിച്ചു നോക്കിയാല്‍ രക്തം കുടിക്കുന്ന അട്ടകളെ കാണാം.ഇവയുടെ നേര്‍ത്ത കൊമ്പുകള്‍ അമരുമ്പോള്‍ ചൊറിച്ചില്‍.വീണ്ടും ചുരുളി കാട് താണ്ടി.ചുരുളി സമര്‍ഥമായി വളര്‍ന്ന് നില്‍ക്കുന്ന ഈ സ്ഥലം നേരില്‍ കാണാന്‍ മറക്കരുത് എന്ന് പറഞ്ഞു കൊണ്ട് ക്യാമറ സ്റ്റാന്‍ഡില്‍ വെച്ച് മുന്നിലേക്ക്‌ വന്ന് ഒരു സൈന്‍ ഔട്ട്‌ ….ദേശ കാഴ്ചക്ക് വേണ്ടി മണികണ്ഠനോടൊപ്പം ജയന്‍ കോന്നി….യാത്ര തുടരുന്നു …

അൽപ്പം ചുരുളി മാഹാത്മ്യം .. !!

********************
നദിയുടെ കരകളില്‍ സമര്‍ഥമായി വളരുന്ന പച്ച നിറത്തില്‍ ഉള്ള കുറ്റി ചെടിയാണ് ചുരുളി.ചുരുളിയുടെ നാമ്പ് ആണ് ആവശ്യം. നാമ്പുകള്‍ ചുരുണ്ട് ഇരിക്കുന്നതിനാലാണ് ചുരുളി എന്ന നാമകരണം കിട്ടിയത്.
ഇനി പാചകം ആരംഭിക്കാം
***************************************
1:അല്‍പ്പം തണ്ടോട് കൂടിയ ഇലകള്‍ ഒരു പിടി പറിച്ചെടുക്കണം.പലപ്പോഴും ചിലന്തി പോലുള്ള ജീവികള്‍ ചുരുണ്ട ഇലയ്ക്ക് അടിയില്‍ കാണും .ശ്രദ്ധയോടെ ഇവയെ നീക്കം ചെയ്യണം.അല്‍പ്പം പച്ച മഞ്ഞള്‍ അരച്ച് ഉപ്പുവെള്ളത്തില്‍ കലര്‍ത്തി ചുരുളി ഇലകള്‍ അര മണിക്കൂര്‍ മുക്കി വെക്കണം.
ഈ സമയം കൊണ്ട് മറ്റു ചേരുവകള്‍ തയാറാക്കാം

2:വെളിച്ചെണ്ണ _ വലിയ രണ്ടു സ്പൂണ്‍
:ചെറിയ ചുമന്നുള്ളി_ പത്ത്
കടുക് _ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
കറി വേപ്പില്ല ആവശ്യത്തിന്

നന്നായി ചിരണ്ടിയ വറുത്ത ഒരു മുറി തേങ്ങ
പച്ച മുളക് _അഞ്ചെണ്ണം
വെളുത്തുള്ളി _നാല് അല്ലി
ഇഞ്ചി _ഒരു തുണ്ട്
ഉഴുന്ന് _അല്‍പ്പം

ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച ശേഷം ഇതില്‍ കടുക് ഇട്ടു പൊട്ടിക്കുക്ക.കടുക് പൂര്‍ണ്ണമായും പൊട്ടി കഴിയുമ്പോള്‍ കറിവേപ്പില ഇടുക .ശേഷം ചെറുതായി അരിഞ്ഞ പച്ചമുളക് ,ഇഞ്ചി ,വെളുത്തുള്ളി ,ചുമന്നുള്ളി ,എന്നിവ ഇതില്‍ ഇട്ട് ചുമക്കും വരെ വറുക്കുക.അല്‍പ്പം ഉപ്പു ഇട്ടാല്‍ വേഗം മൂത്ത് കിട്ടും .ഇതിലേക്ക് വറുത്ത തേങ്ങ പീര കൂടി ചേര്‍ക്കുക.ചേരുവകള്‍ നന്നായി മൂത്ത മണം വരും .ഇതില്‍ ഉഴുന്ന് ഇട്ട് ഇളക്കണം.തീ പൂര്‍ണ്ണമായും അണച്ച് വെക്കണം

ഇനി ഉപ്പു വെള്ളത്തില്‍ ഉള്ള ചുരുളിഇലയിലെ വെള്ളം ഞെക്കി പിഴിഞ്ഞ് എടുക്കുക്ക.തീരെ ചെറിയ രീതിയില്‍ അരിയണം(ചീര അരിയും പോലെ)തണ്ടും ഇലകളും പൂര്‍ണ്ണമായും അരിഞ്ഞു കഴിഞ്ഞ് ഇതിലേക്ക് ചൂടാറിയ രണ്ടാം ചേരുവകള്‍ ചേര്‍ത്ത് നന്നായി ഞെവിടി തീ തീരെ കുറച്ച് വെച്ച് വേവിക്കുക.ചുരുളി ഇലയില്‍ വെള്ളം ഉള്ളതിനാല്‍ വെള്ളം ചേര്‍ക്കേണ്ട.ഇല തോരനുകള്‍ അധികം വേവിച്ചാല്‍ പോഷകം നഷ്ടം ആകും.ഇലകള്‍ വാടി വരുമ്പോള്‍ അല്‍പ്പം പച്ച വെളിച്ചെണ്ണ ഇതിലേക്ക് ഒഴിക്കുക്ക .അല്‍പ്പം കൂടി തോര്‍ത്തി എടുക്കുക്ക .ഉപ്പു വേണമെങ്കില്‍ അല്‍പ്പം കൂടി ചേര്‍ക്കാം .ഉപ്പു അധികം ഉപയോഗിക്കരുത്.വെള്ളം നന്നായി തോരുമ്പോള്‍ വാങ്ങി വെക്കുക.ചോറിനു ഒപ്പം ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ഇലക്കറി യാണ് ചുരുളി തോരന്‍.അല്‍പ്പം വെള്ളം ചേര്‍ത്താല്‍ ചപ്പാത്തി,ദോശ ,ഇഡലി എന്നിവയുടെ കൂടെ ഉപയോഗിക്കാം

പ്രയോജനം
********************
മൂത്ര ചുടിച്ചില്‍ ,കുടലിലെ ചെറിയ കുരുക്കള്‍ മാറും,കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തും,പച്ച ചുരുളി ഇല അരച്ച് പുരട്ടിയാല്‍ കണ്ണുകള്‍ക്ക്‌ താഴെ ഉള്ള കറുത്ത കുരുക്കള്‍ മാറും,മുലപ്പാല്‍ വര്‍ധിക്കും,കുഴിനഖം ഉള്ളവര്‍ ഇലകള്‍ അരച്ചിട്ടാല്‍ വേദന ശമിക്കും,ഇലകള്‍ അരച്ചുള്ള താളി മുടിയുടെ തിളക്കം വര്‍ധിപ്പിക്കും .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!