റബ്ബർ കൃഷിയെ കുറിച്ചുള്ള ധവള പത്രം തയ്യാറാക്കും : സി എസ് ഐ ആർ ഡയറക്ടർ ജനറൽ ഡോ. എൻ കലൈസെൽവി

 

കേരളത്തിന്റെ പ്രാദേശിക ഉത്പന്നമായ റബ്ബറിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെവിടേയും റബ്ബർ കൃഷി ചെയ്യുന്നതിനുമുള്ള ധവള പത്രം സി എസ് ഐ ആർ – എൻ ഐ ഐ എസ് ടി (നിസ്റ്റ് ) തിരുവനന്തപുരം കേന്ദ്രം തയ്യാറാക്കുമെന്ന് സി എസ് ഐ ആർ ഡയറക്ടർ ജനറൽ ഡോ. എൻ കലൈസെൽവി പറഞ്ഞു .

 

 

സി ഐ എസ ആറിന്റെ അരോമ മിഷന്റെ മാതൃകയിൽ ആയിരിക്കുമിതെന്ന് അവർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുഗന്ധ വിളകളുടെ ഉല്പാദനവും മൂല്യവര്ധനയും വർധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നതാണ് അരോമ മിഷൻ. ഇതിനുള്ള സാങ്കേതിക സഹായം സി എസ് ഐ ആർ നൽകും. സംസ്ഥാന ​ഗവൺമെന്റിന്റെ കൂടി സഹകരണത്തോടെയായിരിക്കും ധവള പത്രം നടപ്പാക്കുകയെന്ന് ശ്രീമതി കലൈസെൽവി അറിയിച്ചു.

 

ഹരിത ഹൈഡ്രജൻ ദൗത്യത്തിനുള്ള നിരവധി പദ്ധതികൾ സി എസ് ഐ ആർ നടപ്പാക്കി വരികയാണ്. ഇലക്ട്രിക് വാഹന മേഖലയ്ക്ക് കരുത്ത് പകരുന്നതിന് സി എസ് ഐ ആർ വികസിപ്പിച്ച ലിഥിയം ഇലക്ട്രിക് ബാറ്ററികൾ മൂന്ന് കമ്പനികളുമായി ചേർന്ന് പരിക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കി. നിലവിൽ പ്രതിദിനം 1000 ലിഥിയം ബാറ്ററികളാണ് നിർമിക്കുന്നത്. ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ഇലക്ട്രോലൈസർ അടുത്ത ഒന്ന് രണ്ട് വർഷത്തിനകം സി എസ് ഐ ആർ പുറത്തിറക്കുമെന്നും ഡോ. എൻ കലൈസെൽവി പറഞ്ഞു. സാങ്കേതിക വിദ്യ കൈവശമുണ്ടെങ്കിലും ഹൈഡ്രജന്റെ ഉയർന്ന വിലയാണ് പലപ്പോഴും വെല്ലുവിളിയാകുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

 

സാങ്കേതിക വിദ്യയുടെ സഹായത്തോടെ റബ്ബർ, കയർ തുടങ്ങിയവ മൂല്യ വർധിത ഉല്പന്നങ്ങളാക്കി രാജ്യാന്തര തലത്തിൽ എത്തിക്കാൻ ശ്രമിക്കണമെന്ന് സി എസ് ഐ ആർ ഡയറക്ടർ ജനറലും കേന്ദ്ര ശാസ്ത്ര സെക്രട്ടറിയുമായ ഡോ. എൻ കലൈസെൽവി പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ വൺ വീക്ക് വൺ ലാബ് പരിപാടി തിരുവനന്തപുരം സി എസ് ഐ ആർ – എൻ ഐ ഐ എസ് ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മേഖലയ്ക്ക് അടുത്ത 25 വർഷം നിർണായകമാണ്. ശാസ്ത്ര സാങ്കേതിക മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ചരിത്രം രചിക്കാൻ പോകുന്നത് ഇന്നത്തെ യുവതലമുറയായിരിക്കുമെന്ന് ശ്രീമതി എൻ കലൈസെൽവി പറഞ്ഞു.

 

രാജ്യത്തെ സാധാരണക്കാരിലും ശാസ്ത്ര മേഖലയുടെ ​ഗുണഫലങ്ങൾ എത്തിചേരണം. ആ​ഗോള മാതൃകയായി സി എസ് ഐ ആർ ഇന്ത്യ മാറണം. ബയോമെഡിക്കൽ മാലിന്യ സംസ്കരണം പോലെ കാലത്തിനനുസരിച്ചുള്ള പുതിയ ആശയങ്ങൾ കൊണ്ട് വരാൻ സി എസ് ഐ ആർ ശ്രമിക്കണമെന്നും ശ്രീമതി എൻ കലൈസെൽവി പറഞ്ഞുനിസ്റ്റ് തിരുവനന്തപുരം കേന്ദ്രം വികസിപ്പിച്ച സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള മൂന്ന് പദ്ധതികളുടെ രേഖകൾ വിവിധ സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ചടങ്ങിൽ കൈമാറി.

സി എസ് ഐ ആർ -എൻ ഐ ഐ എസ് ടി റിസർച്ച്‌ കൗൺസിൽ ചെയർമാൻ പ്രൊഫ : ജാവേദ് ഇക്ബാൽ, സി എസ് ഐ ആർ -എൻ ഐ ഐ എസ് ടി തിരുവനന്തപുരം ഡയറക്ടർ ഡോ. സി അനന്തരാമകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കാർഷിക, പരിസ്ഥിതി, പ്രതിരോധ മേഖലക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദേശീയ സെമിനാറുകളും എൻ ഐ ഐ എസ് ടി വികസിപ്പിച്ച സാങ്കേതിക വിദ്യാധിഷ്ഠിതവും സാമൂഹിക പ്രസക്തിയുള്ളതുമായ സംരംഭങ്ങളുടെ പ്രദർശനവും കോൺക്ലേവിന്റെ ഭാ​ഗമായി നടക്കും. സി എസ് ഐ ആറിന്റെ രാജ്യത്തെ 37 ലാബുകളിലാണ് ഒരാഴ്ചത്തെ വൺ വീക്ക് വൺ ലാബ് പരിപാടി നടക്കുന്നത്.

error: Content is protected !!