പ്രശസ്ത സംവിധായകൻ ഐ.വി.ശശി (69) അന്തരിച്ചു

 

ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള വസതിയിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് അന്ത്യം. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഭാര്യയും നടിയുമായ സീമയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.

1968-ൽ എ.ബി.രാജിന്‍റെ “കളിയല്ല കല്ല്യാണം’ എന്ന സിനിമയിൽ കലാസംവിധായകനായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ ചലച്ചിത്ര ജീവിതത്തിന്‍റെ തുടക്കം. ഛായാഗ്രഹ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സഹസം‌വിധായകനായും അദ്ദേഹം പ്രവർത്തിച്ചു. ആദ്യചലച്ചിത്രം ഇരുപത്തിഏഴാം വയസ്സിൽ സം‌വിധാനം ചെയ്തു. എന്നാൽ, ആദ്യം സം‌വിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം 1975-ൽ പുറത്തിറങ്ങിയ ഉത്സവം ആണ്.

പിന്നീട് വന്ന “അവളുടെ രാവുകൾ’ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ വൻവിജയം നേടിയ ചിത്രമാണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കിൽ രണ്ടും സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

1982ൽ “ആരൂഢത്തി’ന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ് എന്നിവ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു