Trending Now

അബാന്‍ മേല്‍പ്പാലം: ജീവനോപാധിയേയും കെട്ടിടങ്ങളേയും ബാധിക്കാതെ പ്രാവര്‍ത്തികമാക്കും – മന്ത്രി വീണാ ജോര്‍ജ്

 

konnivartha.com : ജനങ്ങളുടെ ജീവനോപാധിയേയും കെട്ടിടങ്ങളേയും ബാധിക്കാതെയായിരിക്കും അബാന്‍ മേല്‍പ്പാലം പ്രാവര്‍ത്തികമാക്കുകയെന്ന് മന്ത്രി വീണാജോര്‍ജ് പറഞ്ഞു. അബാന്‍ മേല്‍പ്പാലത്തിന് സ്ഥലം വിട്ടുനല്‍കുന്നവരുമായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയെ സംബന്ധിച്ചിടത്തോളം അബാന്‍ ജംഗ്ഷന്റെ വികസനം പ്രധാനപ്പെട്ട ഒന്നാണ്. അത് സാധ്യമാകണമെങ്കില്‍ ജനങ്ങളുടെ പൂര്‍ണമായ സഹകരണവും പിന്തുണയും ഉണ്ടാകണം. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഭൂമി വിട്ട് നല്‍കുന്നവര്‍ക്ക് കൃത്യമായി തുക വിതരണം ചെയ്യും. ഇതിനായി കിഫ്ബി ലാന്‍ഡ് അക്വിസിഷന്‍ അഡ് വൈസറെ നിയമിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോള്‍ കെട്ടിടങ്ങള്‍ പരമാവധി ഒഴിവാക്കാനുള്ള ശ്രമം നടത്തും. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തായിരിക്കും ഉയരം കൂടുതല്‍ വരുന്നതെന്നും കെ.ആര്‍.എഫ്.ബിയുടെ ചുമതലയിലാണ് നിര്‍മാണം പൂര്‍ത്തീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ബസ് സ്റ്റാന്‍ഡിന് വടക്കുവശത്ത് പെട്രോള്‍ പമ്പിന് സമീപത്തു നിന്ന് ആരംഭിച്ച് മൂത്തൂറ്റ് ആശുപത്രി ഭാഗം വരെ എത്തുന്നതാണ് മേല്‍പ്പാലം. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മ്മാണച്ചുമതല. ജില്ലാ ആസ്ഥാനത്തെ ആദ്യ മേല്‍പ്പാലം കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 46.50 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിക്കുന്നത്. ഒന്നര വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും.
പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കെആര്‍എഫ്ബി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി.ആര്‍. മഞ്ജുഷ, അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്. ഹാരിസ്, എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ ടി.എസ്. ജയശ്രീ, ഭൂവുടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!