ഓമല്ലൂരില്‍ നീതി സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

Spread the love

 

konnivartha.com : ജില്ലയില്‍ ആദ്യമായാണ് ഒരു പട്ടികജാതി സര്‍വീസ് സഹകരണസംഘത്തിന് നീതി സൂപ്പര്‍മാര്‍ക്കറ്റ് ലഭിക്കുന്നതെന്ന് മന്ത്രി വീണാജോര്‍ജ്. ഓമല്ലൂരില്‍ നീതി സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരും മികച്ച ഇടപെടലുകള്‍ നടത്തും. സംഘത്തെ സംബന്ധിച്ചിടത്തോളം ഇത് വളര്‍ച്ചയുടെ പ്രധാനപ്പെട്ട ഘട്ടമാണ്.

ഓമല്ലൂരിലെ പ്രദേശവാസികള്‍ക്ക് തിരക്കില്‍ നിന്നൊഴിഞ്ഞ് സാധനങ്ങള്‍ വാങ്ങി മടങ്ങാനുള്ള സൗകര്യം ഇവിടെയുണ്ട്. കൂടാതെ, മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക് സാധനങ്ങള്‍ പായ്ക്ക് ചെയ്ത് വയ്ക്കുന്ന തരത്തിലുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ സമയനഷ്ടം വരാതെ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഇച്ഛാശക്തിയോടെ പുരോഗതിയിലേക്ക് നീങ്ങാന്‍ ഈ സഹകരണസംഘത്തിന് സാധിക്കുമെന്നും നീതി സൂപ്പര്‍മാര്‍ക്കറ്റിന് വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ എല്ലാ ആശംസകളും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍, വാര്‍ഡ് അംഗം സുജാത ടീച്ചര്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.പി. ഹിരണ്‍, കോഴഞ്ചേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡി. ശ്യാം കുമാര്‍, സിപിഐഎം ഓമല്ലൂര്‍ ലോക്കല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍, സിപിഐഎം ഓമല്ലൂര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ.ആര്‍. ബൈജു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഓമല്ലൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എ. വര്‍ഗീസ്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി മനോജ്, സംഘം സെക്രട്ടറി കെ.ഓമന തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!