Trending Now

പെരിങ്ങനാട് പതിനാലാം മൈലില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

പെരിങ്ങനാട് പതിനാലാം മൈലില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു 
 
സപ്ലൈക്കോയും റേഷന്‍ കടകളും കൂടുതല്‍ 
ജനകീയമാക്കും: മന്ത്രി ജി.ആര്‍ അനില്‍ 
കേരളത്തിലെ കര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റേതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. പെരിങ്ങനാട് പതിനാലാം മൈലില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മലയോര മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ ന്യായവില നല്‍കി സംഭരിച്ച് സപ്ലൈക്കോ ഔട്ട്‌ലറ്റുകള്‍ വഴി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സബ്‌സിഡിയായി നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മ ഉറപ്പാക്കും. സപ്ലൈക്കോ, റേഷന്‍ കടകള്‍ തുടങ്ങിയവയെ കൂടുതല്‍ ജനകീയമാക്കും. പൊതുവിതരണ രംഗത്ത് കാതലായ മാറ്റങ്ങള്‍ വരുത്തുവാന്‍ വകുപ്പിന് സാധിച്ചിട്ടുണ്ട്.  13 ഇന നിത്യോപയോഗ സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചു വര്‍ഷവും ഏഴു മാസവുമായി വില കൂട്ടിയിട്ടില്ല. റേഷന്‍കടകളെ ആധുനിക തരത്തിലാക്കി ജനസൗഹൃദ ഷോപ്പുകളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലഘട്ടത്തില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് പട്ടിണിയകറ്റാന്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ച വകുപ്പാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പെരിങ്ങനാട് പതിനാലാം മൈലില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാക്കിയതിന്റെ തുടര്‍ച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സപ്ലൈക്കോ, റേഷന്‍ കടകള്‍ എന്നിവ ജനകീയമാകുകയാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
നിലവിലുള്ള മാവേലി സ്റ്റോര്‍ പരിഷ്‌കരിച്ച് ഉപഭോക്താവിന് സാധനങ്ങള്‍ സ്വയം തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യത്തോടുകൂടിയാണ് സപ്ലൈകോയുടെ നൂതന സംരംഭമായ സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. കേരള സര്‍ക്കാര്‍ സബ്‌സിഡി നിരക്കിലൂടെ വിതരണം ചെയ്തുവരുന്ന അവശ്യ സാധനങ്ങള്‍ കൂടാതെ ഈ സ്ഥാപനത്തില്‍ നിന്നും എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ന്യായമായ വിലയ്ക്ക് ലഭിക്കും.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള എം.എന്‍ സരസമ്മയ്ക്ക് നല്‍കി ആദ്യ വില്പന നടത്തി.പളളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി സന്തോഷ്, വാര്‍ഡ് അംഗം ശൈലജ പുഷ്പന്‍, സപ്ലൈകോ ജനറല്‍ മാനേജര്‍ ടി.പി സലീംകുമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.